
ഡാലസ്: അമേരിക്കയിലെ ഡാലസ് സ്റ്റേഡിയത്തില്‍ അരങ്ങേറിയ നാടകീയമായ പോരാട്ടത്തില്‍ ഐവറി കോസ്റ്റിനെ വീഴ്ത്തി നോര്‍വേ ലോകകപ്പ് ഫുട്ബോളിന്റെ പ്രീ-ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തു. ആഫ്രിക്കന്‍ കരുത്തിനെ 2-1 ന് തോല്‍പ്പിച്ചാണ് നോര്‍വേ ആദ്യ 16 ലേക്ക് എത്തിയത്. കളിയുടെ അവസാന മിനിറ്റില്‍ സൂപ്പര്‍താരം എര്‍ലിംഗ് ഹാലന്‍ഡ് കളിയിലെ വിജയഗോള്‍ നേടി ടീമിനെ മുന്നോട്ട് നയിച്ചു.
28 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നോക്കൗട്ട് റൗണ്ടിലെത്തിയ നോര്‍വേ, ചരിത്രത്തിലാദ്യമായി അവസാന 16-ലേക്ക് യോഗ്യത നേടിയത്. വരും റൗണ്ടില്‍ ലോക ഫുട്ബോളിലെ വന്‍ശക്തികളായ ബ്രീലാണ് നോര്‍വേയുടെ എതിരാളികള്‍. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍ മെഷീന് എര്‍ലിംഗ് ഹാലന്‍ഡ് 86-ാം മിനിറ്റില്‍ വേട്ടക്കാരന്റെ കൃത്യതയോടെ നേടിയ വിജയഗോളാണ് ടീമിന് തുണയായി മാറിയത്.
പാട്രിക് ബെര്‍ഗ് ബോക്സിലേക്ക് നീട്ടിനല്‍കിയ പന്ത് പ്രതിരോധനിരയെ കാഴ്ചക്കാരാക്കി ഹാലന്‍ഡ് വലയിലെത്തിച്ചു. ഈ ഗോളോടെ, നോര്‍വേയ്ക്കായി കളിച്ച തുടര്‍ച്ചയായ 13 അന്താരാഷ്ട്ര മത്സരങ്ങളിലും സ്കോര്‍ ചെയ്തെന്ന അവിശ്വസനീയമായ റെക്കോര്‍ഡും താരം സ്വന്തമാക്കി. മത്സരത്തിന്റെ ആദ്യപകുതിയില്‍ നോര്വേയ്ക്കായിരുന്നു മുന്‍തൂക്കം. 39-ാം മിനിറ്റില്‍ ആര്‍ബി ലെയ്പ്സിഗിന്റെ 21 വയസ്സുകാരനായ വിങ്ങര്‍ അന്റോണിയോ നൂസയിലൂടെ നോര്‍വേ ലീഡെടുത്തു.
ക്യാപ്റ്റന്‍ മാര്ട്ടിന് ഒഡെഗാര്‍ഡ് ബോക്സിന് തൊട്ടുവെളിയില്‍ നല്കിയ പാസ് സ്വീകരിച്ച്, ഇടതുവശത്തുനിന്ന് ബോക്സിലേക്ക് കട്ട് ചെയ്ത് നൂസ തൊടുത്ത മനോഹരമായ കേളിങ് ഷോട്ട് ഐവറി കോസ്റ്റ് പോസ്റ്റിന്റെ വലതുമൂലയിലേക്ക് തുളച്ചുകയറി. ഈ അസിസ്റ്റോടെ തന്റെ ആദ്യ മൂന്ന് ലോകകപ്പ് മത്സരങ്ങളിലും ഗോളിന് വഴിയൊരുക്കുന്ന റെക്കോര്‍ഡ് നേട്ടത്തില്‍ ഒഡെഗാര്‍ഡും പങ്കാളിയായി.
മറുവശത്ത്, പ്രതിരോധത്തിന് മുന്‍ഗണന നല്കി 4-1-4-1 എന്ന ഫോര്‍മേഷനില്‍ ടീമിനെ ഇറക്കിയ ഐവറി കോസ്റ്റ് മാനേജര്‍ എമേഴ്സ് ഫായെയുടെ തീരുമാനം വന്‍ പരാജയമായിരുന്നു. സൂപ്പര്‍ താരം അമാദ് ഡിയാലോയെ ബെഞ്ചിലിരുത്തിയത് ആഫ്രിക്കന്‍ കരുത്തരുടെ മുന്നേറ്റങ്ങളുടെ മൂര്‍ച്ച കുറച്ചു. രണ്ടാം പകുതിയില്‍ പകരക്കാരനായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം അമാദ് ഡിയാലോ എത്തിയതോടെയാണ് ഐവറി കോസ്റ്റിന് ജീവന് വെച്ചത്. 74-ാം മിനിറ്റില്‍ വലതുവിങ്ങിലൂടെ രണ്ട് നോര്‍വീജിയന്‍ ഡിഫന്‍ഡര്‍മാരെ അനായാസം മറികടന്ന് ഡിയാലോ ഉതിര്‍ത്ത ഗ്രൗണ്ട് ഷോട്ട് നോര്‍വേ വല കുലുക്കി.
ഐവറി കോസ്റ്റിന്റെ 19 കാരനായ വിങ്ങര്‍ യാന്‍ ഡിയോമാന്‍ഡെയെ നോര്‍വേയുടെ പ്രതിരോധ താരം ഡേവിഡ് മുള്ളര്‍ വോള്‍ഫ് ഫൗളുകളിലൂടെയും ബോഡി ചെക്കുകളിലൂടെയും ബോക്സിനു പുറത്ത് നിര്‍ത്തുന്നതില്‍ വിജയിച്ചു. ഇഞ്ചുറി ടൈമില്‍ ഡിയാലോ എടുത്ത ഒരു ലോങ് റേഞ്ച് ഫ്രീ കിക്ക് നോര്‍വേ കീപ്പര്‍ ഓര്ലാന് നൈലാന്‍ഡ് അവിശ്വസനീയമാംവിധം രക്ഷപ്പെടുത്തിയതോടെ ഐവറി കോസ്റ്റിന്റെ പാത അടഞ്ഞു. ചരിത്രവിജയത്തോടെ നോര്‍വേ ഇനി പ്രീ-ക്വാര്‍ട്ടറില്‍ ബ്രസീലിനെ നേരിടാന്‍ ഒരുങ്ങും.






