
ഐഐടി മദ്രാസിൽ പ്രവേശനം ലഭിക്കാത്തതിനെത്തുടർന്ന് ഒരു വിദ്യാർത്ഥി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരികമായ കുറിപ്പ് വൈറലാകുന്നു. വർഷങ്ങളോളം കഠിനാധ്വാനം ചെയ്തിട്ടും താൻ ആഗ്രഹിച്ച ലക്ഷ്യത്തിലെത്താൻ കഴിയാത്തതിലുള്ള നിരാശയാണ് റെഡ്ഡിറ്റ് പോസ്റ്റിലൂടെ വിദ്യാർത്ഥി പങ്കുവെച്ചത്. പന്ത്രണ്ടാം ക്ലാസിലും ഡ്രോപ്പ് ഇയറിലും ദിവസവും 10 മുതൽ 12 മണിക്കൂർ വരെ താൻ പഠിച്ചിരുന്നെന്നും, എന്നാൽ ഫലം തനിക്ക് അനുകൂലമായില്ലെന്നും കുറിപ്പിൽ പറയുന്നു.
ഏഴാം ക്ലാസ് മുതലുള്ള തന്റെ സ്വപ്നമായിരുന്നു ഐഐടി മദ്രാസ് എന്ന് വിദ്യാർത്ഥി പറയുന്നു. അന്ന് തന്റെ പിതാവിനോട് ആ ഐഐടി ഗേറ്റിനുള്ളിൽ എന്താണുള്ളതെന്ന് ചോദിച്ച നിമിഷം മുതലാണ് താൻ ആ സ്ഥാപനത്തിൽ പഠിക്കാൻ ആഗ്രഹിച്ചു തുടങ്ങിയത്. അന്ന് തൊട്ട് ഇന്നുവരെ ആ ലക്ഷ്യത്തിന് വേണ്ടി താൻ മാത്രമായി പരിശ്രമിച്ചതാണെന്നും, ആ സ്വപ്നം പൂർത്തീകരിക്കാൻ സാധിക്കാത്തതിൽ താൻ അതീവ ദുഃഖിതനാണെന്നും വിദ്യാർത്ഥി വ്യക്തമാക്കുന്നു.
രാജ്യത്തെ മികച്ച ഒരു എൻഐടിയിൽ പ്രവേശനം ലഭിച്ചിട്ടും ഐഐടി മദ്രാസിലെത്താൻ കഴിയാത്തതിന്റെ സങ്കടം മാറുന്നില്ലെന്നും കുറിപ്പിൽ പറയുന്നു. ഐഐടി ക്യാമ്പസിന് മുന്നിലെത്തി ഫോട്ടോ എടുക്കാമെന്ന് പത്താം ക്ലാസിൽ താൻ തീരുമാനിച്ചിരുന്നുവെങ്കിലും, ആ സ്ഥാപനത്തിന്റെ ഭാഗമാകാൻ കഴിയാത്തതിനാൽ ഇപ്പോൾ അതിന് തയ്യാറല്ലെന്നും വിദ്യാർത്ഥി കുറിച്ചു. ജീവിതത്തിലെ ആദ്യത്തെ വലിയ സ്വപ്നം അവസാനിച്ചതിന്റെ നിരാശയിലാണ് താനെങ്കിലും, ഇത് ജീവിതത്തിന്റെ ഭാഗമാണെന്ന് അംഗീകരിക്കാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞാണ് വിദ്യാർത്ഥി തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.






