
ഗായിക സിത്താരയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഭർത്താവ് ഡോ. സജീഷ്. സിത്താരയ്ക്കൊപ്പമുള്ള നിരവധി ചിത്രങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള വീഡിയോ പങ്കിട്ടുകൊണ്ടായിരുന്നു സജീഷിന്റെ ആശംസ. "പിറന്നാൾ ആശംസകൾ പ്രിയപ്പെട്ടവളേ" എന്നായിരുന്നു വീഡിയോയ്ക്കൊപ്പം സജീഷ് കുറിച്ചത്. നിരവധിപ്പേരാണ് പോസ്റ്റിനു താഴെ തങ്ങളുടെ പ്രിയ ഗായികയ്ക്ക് ആശംസകൾ അറിയിച്ചെത്തുന്നത്.
2007 ഓഗസ്റ്റ് 31 നായിരുന്നു സിത്താരയുടെയും ഡോ. സജീഷിന്റെയും വിവാഹം. 2013 ജൂൺ ഒമ്പതിനായിരുന്നു ഇരുവർക്കും മകൾ സാവൻ ഋതു എന്ന സായു പിറന്നത്. സായുവിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സിത്താര ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്. ഇരുവരും ഒരുമിച്ച് പാടുന്ന വീഡിയോകൾക്കും വലിയ ആരാധകരാണുള്ളത്.
മലയാളത്തിലെ ശ്രദ്ധേയയായ ചലച്ചിത്ര പിന്നണിഗായികയാണ് സിത്താര കൃഷ്ണകുമാർ. റിയാലിറ്റി ഷോയിലൂടെ പിന്നണിഗാനരംഗത്തെത്തിയ ഗായിക നിരവധി തവണ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്. പാട്ടിൽ മാത്രമല്ല ടെലിവിഷൻ പരിപാടികളിലും സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം.






