
പ്രൊഫഷണൽ ലോകത്തെ അമിതമായ ജോലിഭാരത്തെക്കുറിച്ചും തൊഴിലുടമകളുടെ വിചിത്രമായ ആവശ്യങ്ങളെക്കുറിച്ചും വീണ്ടും വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് ഒരു രാജിക്കത്ത്. വിവാഹത്തിനായി അവധി ചോദിച്ച ജീവനക്കാരനോട്, ജോലിയിൽ വിട്ടുവീഴ്ച ചെയ്യാതെ 'ഗൂഗിൾ മീറ്റിലൂടെ' വിവാഹത്തിൽ പങ്കെടുക്കാൻ സിഇഒ നിർദ്ദേശിച്ചതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. എന്നാൽ, വളരെ മാന്യമായി തുടങ്ങിയ ജീവനക്കാരന്റെ മറുപടി കത്തിലെ അവസാന വരി സിഇഒയെയും കമ്പനിയെയും വല്ലാതെ പ്രതിരോധത്തിലാക്കി. ലിങ്ക്ഡ്ഇനിൽ പങ്കുവെക്കപ്പെട്ട ഈ രാജിക്കത്തിന്റെ ദൃശ്യങ്ങൾ ഇതിനകം തന്നെ ആയിരക്കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്.
തന്റെ രാജിക്കത്തിൽ ജീവനക്കാരൻ ഇങ്ങനെയാണ് എഴുതിയത്: "പ്രിയ അർജുൻ, എന്റെ രാജി സ്വീകരിക്കുമല്ലോ. പ്രോജക്റ്റ് പ്രധാനപ്പെട്ടതാണെന്നും എന്റെ അവധി അപേക്ഷ നിരസിച്ച തീരുമാനത്തെ ഞാൻ മാനിക്കുന്നു. കൂടാതെ, ജോലിയിൽ തുടർന്നുകൊണ്ട് ഗൂഗിൾ മീറ്റിലൂടെ വിവാഹത്തിൽ പങ്കെടുക്കണമെന്ന താങ്കളുടെ നിർദ്ദേശവും ഞാൻ ശ്രദ്ധിച്ചു." വളരെ മാന്യമായ രീതിയിൽ തുടങ്ങിയ രാജിക്കത്ത്, അവസാന വരിയിലെത്തിയപ്പോൾ വായനക്കാരെ ഞെട്ടിച്ചു.
"പക്ഷേ, അത് സാധിക്കില്ല. കാരണം, ആ വിവാഹത്തിലെ വരൻ ഞാനാണ്," എന്നായിരുന്നു ആ അവസാന വരി. ഈ മറുപടി വായിച്ചതോടെ സിഇഒയും കമ്പനിയും നാണംകെട്ടു. തങ്ങളുടെ ജീവനക്കാരൻ വിവാഹം കഴിക്കുന്നത് ആരാണെന്ന് പോലും അറിയാതെ അവധി നിഷേധിച്ച കമ്പനി അധികൃതർക്കെതിരെയും, തൊഴിലിടങ്ങളിലെ അമിതമായ പ്രതീക്ഷകൾക്കെതിരെയും വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
സംഭവം വൈറലായതോടെ തൊഴിലിടങ്ങളിലെ ഇത്തരം വിചിത്രമായ ആവശ്യങ്ങൾക്കെതിരെ ശക്തമായ വിമർശനം ഉയരുകയാണ്. ജീവനക്കാരന്റെ നിലപാട് ശരിയാണെന്ന നിലപാടാണ് മിക്കവരും സ്വീകരിക്കുന്നത്. പ്രൊഫഷണൽ ജീവിതത്തിന് മുകളിൽ വ്യക്തിജീവിതത്തിന് എന്ത് സ്ഥാനം നൽകണം എന്നതിനെക്കുറിച്ചുള്ള ചൂടേറിയ ചർച്ചകൾക്ക് ഈ രാജിക്കത്ത് വഴിവെച്ചിരിക്കുകയാണ്.






