
വെനസ്വേലയിൽ ഉണ്ടായ വിനാശകരമായ ഭൂകമ്പത്തിൽ നിരവധി ആളുകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന 'സുനാമി' എന്ന ബോർഡർ കോളി ഇനത്തിൽപ്പെട്ട നായ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരമാണ്. കെ-എസ്എആർ ഇസിഐഡി (K-SAR ECID) എന്ന രക്ഷാപ്രവർത്തക സംഘത്തിലെ അംഗമായ ഈ എട്ടു വയസ്സുകാരൻ, തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന 13-ഓളം പേരെയാണ് തന്റെ അസാധാരണമായ മണം പിടിച്ചറിയാനുള്ള കഴിവിലൂടെ കണ്ടെത്തിയത്. ഈ ദൗത്യത്തോടെ സുനാമി തന്റെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുകയാണ്.
വളരെ ചെറുപ്രായത്തില് വെനസ്വേലയിലെ കാരക്കാസ് തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് സുനാമിയെ കാണപ്പെട്ടത്. തുടര്ന്ന് കടുത്ത പട്ടിണിയും ദുരുപയോഗവും അനുഭവിച്ച ഈ നായ്ക്കുട്ടിയെ അനിത വിദാൽ എന്ന സ്ത്രീയാണ് രക്ഷപ്പെടുത്തിയത്. പിന്നീട് ജോർജ് ബീൻസ് എന്ന പരിശീലകന്റെ കീഴിൽ കഠിനമായ പരിശീലനം നേടി, തകർന്ന കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ പ്രത്യേക പരിശീലനം സിദ്ധിച്ച നായയായി സുനാമി മാറി.
തുർക്കി, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ ഉണ്ടായ ഭൂകമ്പങ്ങളിലും, വെനസ്വേലയിലെ വെള്ളപ്പൊക്കങ്ങളിലും മണ്ണിടിച്ചിലുകളിലും സുനാമി ഇതിനു മുൻപും രക്ഷാപ്രവർത്തനങ്ങളിൽ ഭാഗമായിട്ടുണ്ട്. വെനസ്വേല ഭൂകമ്പത്തിനിടെ ഒരു എട്ടുനില കെട്ടിടം തകർന്നു കിടക്കുന്നതിനിടയിൽ, ആറു മണിക്കൂറോളം കുടുങ്ങിക്കിടന്ന 60 വയസ്സുകാരനെ രക്ഷപ്പെടുത്താൻ സുനാമി നൽകിയ സൂചനകൾ നിർണ്ണായകമായിരുന്നു. ഈ ദൗത്യം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
രക്ഷാപ്രവർത്തനങ്ങൾക്ക് ശേഷം കടുത്ത ശാരീരിക ക്ഷീണം അനുഭവിച്ച സുനാമിക്ക് വെറ്ററിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിൽ വിശ്രമവും ചികിത്സയും നൽകി. ഇപ്പോൾ സുനാമി സുഖമായിരിക്കുന്നുവെന്ന് അധികൃതർ അറിയിച്ചു. 1999-ലെ വർഗാസ് ദുരന്തത്തിൽ നിരവധി ജീവൻ രക്ഷിച്ച 'ഓറിയോൺ' എന്ന നായയോടാണ് സുനാമിയുടെ വീരകൃത്യങ്ങളെ പലരും താരതമ്യം ചെയ്യുന്നത്. വലിയൊരു സേവനത്തിന് ശേഷം അഭിമാനത്തോടെയാണ് ഈ നായ ഇപ്പോൾ വിരമിക്കുന്നത്.






