
കസിൻ തൻവിയും അമ്മൂമ്മ വസന്തയും ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ നടി അഹാന കൃഷ്ണയ്ക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. നിരവധിപ്പേരാണ് നടിയുടെ സ്വഭാവത്തെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തിയത്. എന്നാൽ ഈ കടുത്ത പ്രതിസന്ധിഘട്ടത്തിൽ മകൾക്ക് പൂർണ പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് അമ്മ സിന്ധു കൃഷ്ണ.
ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വൈകാരികമായ ഒരു കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് സിന്ധു കൃഷ്ണ മകൾക്ക് പിന്തുണ പ്രഖ്യാപിച്ചത്. അഹാന കുഞ്ഞായിരിക്കുമ്പോൾ നെഞ്ചോട് ചേർത്തുപിടിച്ചു നിൽക്കുന്ന ഒരു കുട്ടിക്കാല ചിത്രത്തിനൊപ്പമാണ് സിന്ധു കൃഷ്ണ ഈ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചത്. സ്വന്തം സ്വാർത്ഥ താൽപ്പര്യങ്ങൾക്കായി പ്രിയപ്പെട്ടവരിൽ ചിലർ തന്നെ പിന്നിൽ നിന്നു കുത്തിയപ്പോൾ, തനിക്ക് കാവലായി നിന്നത് മകൾ അമ്മു എന്ന അഹാനയാണെന്ന് സിന്ധു കൃഷ്ണ ഈ കുറിപ്പിൽ വ്യക്തമാക്കുന്നു.
“അമ്മു... എനിക്കു താങ്ങായി നിന്നതിനും, സ്വന്തം സ്വാർത്ഥ താൽപ്പര്യങ്ങൾക്കായി എന്നെ പിന്നിൽ നിന്നു കുത്തിയ പ്രിയപ്പെട്ടവരിൽ നിന്ന് എന്നെ കാത്തതിനും സോഷ്യൽ മീഡിയയിൽ നീ നേരിടുന്ന ഈ വിദ്വേഷങ്ങൾക്കെല്ലാം ഞാൻ ഹൃദയപൂർവം ക്ഷമ ചോദിക്കുന്നു.. നീ ഒരു തെറ്റും ചെയ്തിട്ടില്ല... ഈ പ്രപഞ്ചത്തിനും നിന്നെ സ്നേഹിക്കുന്നവർക്കും അതറിയാം. അതുകൊണ്ട് വെറുപ്പ് പ്രചരിപ്പിക്കുന്നവർ എന്തും പറഞ്ഞോട്ടെ, നീ തളരരുത്...” എന്നാണ് സിന്ധു കൃഷ്ണ കുറിച്ചത്.







