
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രം സമർപ്പിച്ചതിന് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇതുവരെ ക്ഷേത്രം സന്ദർശിച്ചിട്ടില്ലെന്ന് ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ ആരോപിച്ചു. പ്രാണപ്രതിഷ്ഠ കഴിഞ്ഞ് രണ്ടര വർഷമായിട്ടും അദ്ദേഹം രാമക്ഷേത്രത്തിൽ എത്തിയിട്ടില്ലെന്നും വാർത്താസമ്മേളനത്തിൽ കെജ്രിവാൾ പറഞ്ഞു.
രാമക്ഷേത്രം സ്ഥാപിച്ചതിന് 891 ദിവസം പിന്നിട്ടിട്ടും അമിത് ഷാ ശ്രീരാമന്റെ പാദങ്ങൾ തൊടാൻ പോലും ക്ഷേത്രത്തിലെത്തിയിട്ടില്ലെന്നാണ് കെജ്രിവാളിന്റെ അവകാശവാദം. രാമന്റെ പേര് ഉയർത്തിക്കാട്ടിയും രാമക്ഷേത്രത്തെ വോട്ടിനായി ഉപയോഗിച്ചും രാഷ്ട്രീയ നേട്ടം തേടുന്നവർക്ക് അവിടെ പോകാൻ എന്താണ് തടസ്സമെന്നും അദ്ദേഹം ചോദിച്ചു.
അമിത് ഷാ യഥാർത്ഥത്തിൽ ശ്രീരാമനെ ദൈവമായി വിശ്വസിക്കുന്നുണ്ടോയെന്നും കെജ്രിവാൾ ചോദ്യം ഉയർത്തി. അങ്ങനെ ആയിരുന്നെങ്കിൽ ക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവനകളിൽ ക്രമക്കേട് നടക്കില്ലായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. വ്യക്തിപരമായ രാഷ്ട്രീയ താൽപര്യങ്ങൾക്കായാണ് രാമനെയും സനാതന ധർമ്മത്തെയും ഉപയോഗിക്കുന്നതെന്നും, ക്ഷേത്രങ്ങളിലെ വഴിപാടുകൾ മോഷ്ടിച്ചെന്ന ആരോപണം നേരിടുന്നവർക്ക് ദൈവഭയമില്ലെന്നും കെജ്രിവാൾ വിമർശിച്ചു.






