
നടി അഹാന കൃഷ്ണയും കസിൻ തൻവിയും തമ്മിലുള്ള സോഷ്യൽ മീഡിയ തർക്കങ്ങൾ വലിയ രീതിയിൽ ചർച്ചയാകുന്ന പശ്ചാത്തലത്തിൽ, അഹാനയ്ക്ക് പിന്തുണയുമായി സുഹൃത്തും പ്രശസ്ത ഛായാഗ്രാഹകനുമായ നിമിഷ് രവി. അഹാനയ്ക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ച് 'സോളിഡ്' എന്ന അടിക്കുറിപ്പോടെയാണ് നിമിഷ് തന്റെ പിന്തുണ അറിയിച്ചത്. പ്രതിസന്ധികളിൽ തളരാതെ ഉറച്ചുനിൽക്കുന്ന സുഹൃത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയാണ് നിമിഷ്.

നേരത്തെ അഹാനയുടെ അമ്മ സിന്ധു കൃഷ്ണയും മകൾക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. കുടുംബത്തെ സംരക്ഷിക്കുന്നതിനും തനിക്ക് താങ്ങായി നിന്നതിനുമാണ് അഹാന ഇപ്പോൾ ഇത്രയധികം വെറുപ്പ് വാങ്ങിക്കൂട്ടുന്നതെന്നായിരുന്നു സിന്ധുവിന്റെ പ്രതികരണം.
കുടുംബത്തിലെ ആഭ്യന്തര കലഹങ്ങളും, തുടർന്ന് അമ്മൂമ്മ വസന്ത ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളും അഹാനയ്ക്ക് നേരെ വലിയ തോതിലുള്ള സൈബർ ആക്രമണങ്ങൾക്ക് വഴിവെച്ചിരുന്നു. നടിയുടെ സ്വഭാവത്തെയും പെരുമാറ്റത്തെയും ചോദ്യം ചെയ്തുകൊണ്ട് നിരവധിപേർ രംഗത്തെത്തിയതോടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള സൈബർ വിചാരണയാണ് നടന്നത്.
കസിൻ തൻവി തന്റെ വ്ലോഗിലൂടെ പങ്കുവെച്ച ചില കാര്യങ്ങളും, അതിനുപിന്നാലെ അമ്മൂമ്മ നടത്തിയ വെളിപ്പെടുത്തലുകളുമാണ് കൃഷ്ണ കുടുംബത്തെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലേക്ക് വിവാദങ്ങളെ എത്തിച്ചത്. ആരോപണങ്ങൾ കടുത്തതോടെ തങ്ങളുടെ ഭാഗം വിശദീകരിച്ചുകൊണ്ട് അഹാനയും രംഗത്തെത്തിയിരുന്നു.
എന്നാൽ പ്രശ്നത്തിൽ കുടുംബത്തിലെ മുതിർന്നവർ ഇടപെടുകയും, പരസ്യമായ ചെളിവാരിയെറിയലുകൾ അവസാനിപ്പിക്കാൻ ഇരുപക്ഷവും തീരുമാനിക്കുകയുമായിരുന്നു. ഇതിന്റെ ഭാഗമായി താൻ മുൻപ് പങ്കുവെച്ച വിശദീകരണ വീഡിയോ അഹാന ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ നിന്നും പിൻവലിച്ചിട്ടുണ്ട്. സമാനമായ രീതിയിൽ തൻവിയും തന്റെ ഭാഗത്തുനിന്നുള്ള വീഡിയോകൾ നീക്കം ചെയ്യാമെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് അഹാന വ്യക്തമാക്കി.







Comments