
പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകർ ആക്രമണം നടത്തുകയാണെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവാ മൊയ്ത്ര. കൃഷ്ണനഗറിലെ തന്റെ ഓഫീസിന് നേരെ മുട്ടയും പച്ചക്കറികളും എറിഞ്ഞതായി ആരോപിച്ച മഹുവ, സംഭവത്തിന്റെ വീഡിയോ എക്സിലൂടെ പങ്കുവെച്ചു.
പശ്ചിമ ബംഗാൾ പൊലീസ് നോക്കിനിൽക്കെയാണു ബിജെപി പ്രവർത്തകർ ആക്രമണം നടത്തുന്നതെന്നായിരുന്നു മഹുവയുടെ ആരോപണം. കഴിഞ്ഞ ഒരു മണിക്കൂറായി താൻ സ്ഥലത്തുണ്ടെന്നും ഡിജിപിയുൾപ്പെടെ ബന്ധപ്പെട്ടവരെ വിളിച്ചെങ്കിലും പൊലീസ് ഇടപെട്ടില്ലെന്നും അവർ പറഞ്ഞു. സിആർപിഎഫും സംഭവത്തിന് സാക്ഷികളായി നിൽക്കുകയാണെന്നും മഹുവ ആരോപിച്ചു.
താൻ ഈ മണ്ഡലത്തിലെ എംപിയാണെന്നും സ്വന്തം ഓഫീസിലാണുള്ളതെന്നും ഇവിടെ നിന്ന് എങ്ങോട്ടും പോകില്ലെന്നും മഹുവ വ്യക്തമാക്കി. സംഭവത്തിൽ പങ്കെടുത്തവരുടെ മുഖം ശ്രദ്ധിച്ച് വെക്കണമെന്നും, പിന്നീട് പശ്ചിമ ബംഗാൾ സർക്കാർ സംഭവം നിഷേധിക്കുമെന്നും പൊലീസ് കേസെടുക്കുകയോ കോടതി ഇടപെടുകയോ ചെയ്യില്ലെന്നും മഹുവ ആരോപിച്ചു. സിആർപിഎഫ് എല്ലാം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.






