
തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങളെല്ലാം ഹൈക്കോടതിയിൽ നിന്നാണ് വരുന്നതെന്നും കോടതിയോടുള്ള ബഹുമാനം കണക്കിലെടുത്ത് ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും ദേവസ്വം മന്ത്രി കെ. മുരളീധരൻ നിയമസഭയിൽ പറഞ്ഞു. ശബരിമലയിലെ വികസനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഹൈക്കോടതിയുടെ നിർദേശങ്ങൾ പലപ്പോഴും സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും തീരുമാനങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്ന് മന്ത്രി പറഞ്ഞു. ശബരിമലയിൽ എങ്ങനെ തൊഴണമെന്നതടക്കമുള്ള കാര്യങ്ങളിലും കോടതി നിർദേശങ്ങളാണ് നിലവിലുള്ളത്. അതിനാൽ ശബരിമലയുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നത് സർക്കാരോ ദേവസ്വം ബോർഡോ അല്ലെന്നും എല്ലാം കോടതി മുഖേനയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്തർക്കായി നിലയ്ക്കൽ മുതൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
ഏകീകൃത ദേവസ്വം ബോർഡ് രൂപീകരിക്കണമെന്ന നിർദേശം ലഭിച്ചിട്ടുണ്ടെങ്കിലും കൂടുതൽ ചർച്ച ആവശ്യമായ വിഷയമായതിനാൽ സർക്കാർ ഇതുവരെ അതിലേക്ക് കടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ശബരിമല സ്വർണക്കൊള്ളക്കേസിലെ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) പൂർണ നിയന്ത്രണത്തിലാണെന്നും അതിൽ സർക്കാർ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതിയിൽ കുറ്റപത്രം സമർപ്പിച്ച ശേഷം സർക്കാരിന്റെ അഭിപ്രായം തേടിയാൽ അപ്പോഴാണ് സർക്കാർ നിലപാട് അറിയിക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.






