
വാട്ട്സ്ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുന്ന യൂസർ ഐഡി ഫീച്ചർ പരിശോധിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. പുതിയ സംവിധാനം നിലവിൽ വന്നാൽ ഓൺലൈൻ തട്ടിപ്പുകൾ വർധിക്കുമെന്ന ആശങ്കയാണ് പരിശോധനയ്ക്ക് കാരണമായത്. പരിശോധന പൂർത്തിയായ ശേഷം ആവശ്യമെന്ന് കണ്ടെത്തിയാൽ മെറ്റയ്ക്ക് നോട്ടീസ് നൽകുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഫോൺ നമ്പർ മറ്റുള്ളവരുമായി പങ്കിടാതെ തന്നെ ആശയവിനിമയം നടത്താൻ കഴിയുന്ന തരത്തിലാണ് വാട്ട്സ്ആപ്പ് ഈ യൂസർ ഐഡി സംവിധാനം ഒരുക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യത കൂടുതൽ ഉറപ്പാക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.
എന്നാൽ, ഈ സൗകര്യം തട്ടിപ്പുകാർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന ആശങ്കയും ഉയരുന്നുണ്ട്. ടെലിഗ്രാം ഉൾപ്പെടെയുള്ള ചില പ്ലാറ്റ്ഫോമുകളിൽ ഇത്തരം തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ, ഫോൺ നമ്പർ പോലുള്ള തിരിച്ചറിയൽ വിവരങ്ങൾ വെളിപ്പെടുത്താതെ ചാറ്റ് ചെയ്യാൻ കഴിയുന്നത് ഗുരുതര പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.
അതേസമയം, തങ്ങൾക്ക് ഇഷ്ടമുള്ള യൂസർനെയിമുകൾ മുൻകൂട്ടി റിസർവ് ചെയ്യാൻ ഉപയോക്താക്കൾക്ക് അവസരമുണ്ടെന്ന് വാട്ട്സ്ആപ്പ് വ്യക്തമാക്കിയിരുന്നു. ക്ലബുകളിലെ അംഗങ്ങൾ, അയൽവാസികൾ, ബിസിനസ് ആവശ്യങ്ങൾക്കായി ബന്ധപ്പെടുന്നവർ തുടങ്ങിയവരുമായി ഫോൺ നമ്പർ പങ്കിടാതെ സുരക്ഷിതമായി ആശയവിനിമയം നടത്താൻ ഈ ഫീച്ചർ സഹായിക്കുമെന്ന് കമ്പനി അറിയിച്ചു. ഇതോടെ നിരവധി ഉപയോക്താക്കൾ ഇതിനകം തന്നെ തങ്ങളുടെ യൂസർനെയിം സജ്ജമാക്കിയിട്ടുണ്ട്.






