
പത്തനംതിട്ട: ടിക്കറ്റിനൊപ്പം യാത്രക്കാര്‍ക്ക് അച്ചപ്പവും കുഴലപ്പവും വിറ്റ് പത്തനംതിട്ടയിലെ സ്വകാര്യ ബസ് ജീവനക്കാര്‍ .സ്വകാര്യ ബസുകള്‍ മറ്റ് വരുമാന മാര്‍ഗം കണ്ടെത്തണം എന്ന ഗതാഗത മന്ത്രിയുടെ പരാമര്‍ശത്തിന് എതിരെയാണ് ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ബസുകളിലും സ്വകാര്യ ബസ് സ്റ്റാന്‍ഡിലും പലഹാരങ്ങള്‍ വിറ്റു പ്രതിഷേധിച്ചു.
സ്ത്രീകള്‍ക്കായുള്ള സൗജന്യ യാത്രാ പദ്ധതി തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോഴേക്കും തങ്ങള്‍ക്ക് താങ്ങാനാകാത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് പത്തനംതിട്ടയിലെ സ്വകാര്യ ബസ് ജീവനക്കാര്‍ വ്യക്തമാക്കുന്നു. മുന്‍പ് പ്രതിദിനം 10,000 രൂപ വരെ കളക്ഷന്‍ ലഭിച്ചിരുന്ന റൂട്ടുകളില്‍ ഇപ്പോള്‍ 3,000 മുതല്‍ 4,000 രൂപയുടെ വരെ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
മോട്ടോര്‍ തൊഴിലാളികളുടെയും സ്വകാര്യ ബസ് വ്യവസായത്തിന്റെയും ഈ കടുത്ത പ്രതിസന്ധി മനസ്സിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍, അടുത്ത പത്ത് ദിവസത്തിനകം സര്‍വീസുകള്‍ പൂര്‍ണ്ണമായി നിര്‍ത്തേണ്ടി വരുമെന്നാണ് ജീവനക്കാര്‍ നല്കുന്ന മുന്നറിയിപ്പ്. സര്‍വീസ് നിര്‍ത്തേണ്ടി വന്നാല്‍ കുടുംബം പുലര്‍ത്താന്‍ ബസിനുള്ളില്‍ പലഹാരം വില്ക്കുന്നതു പോലുള്ള മറ്റ് ജോലികളിലേക്ക് മാറേണ്ടി വരുമെന്ന സൂചനയും ജീവനക്കാര്‍ നല്‍കുന്നുണ്ട്.
അതേസമയംകഴിഞ്ഞ ദിവസമായിരുന്നു ഗതാഗത മന്ത്രിയുടെ പ്രസ്താവന. സ്വകാര്യ ബസുകള്‍ക്ക് പരസ്യം ചെയ്യാന്‍ സാധിക്കുമോയെന്ന് പരിശോധിക്കുമെന്നടക്കമായിരുന്നു സി പി ജോണിന്റെ പരാമര്‍ശം. കെഎസ്ആര്‍ടിസി പരസ്യം ചെയ്യുന്നുണ്ടല്ലോ. സ്വകാര്യ ബസിന്റെ പുറത്ത് പരസ്യങ്ങള്‍ പാടില്ല എന്നില്ല. അവര്‍ക്കും ടിക്കറ്റ് ഇതര വരുമാനമുണ്ടാക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കുമെന്ന് ഗതാഗാത മന്ത്രി പറഞ്ഞു.






