
കഴിഞ്ഞ മാസം 10നു നരേന്ദ്ര മോദി ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി സേവനമനുഷ്‌ഠിച്ച വ്യക്‌തിയായി മാറി. ആദ്യ പൊതുതെരഞ്ഞെടുപ്പിനുശേഷം 4,398 ദിവസം പ്രധാനമന്ത്രിയായിരുന്ന സ്വതന്ത്ര ഇന്ത്യയുടെ ശില്‍പികളിലൊരാളായ ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ റെക്കോഡാണ് അദ്ദേഹം മറികടന്നത്.
ആദ്യ പൊതുതെരഞ്ഞെടുപ്പിനു മുമ്പ് അഞ്ചു വര്‍ഷംകൂടി നെഹ്‌റു രാജ്യത്തെ നയിച്ചിരുന്നെന്നും ഇന്ദിരാ ഗാന്ധി ആകെക്കൂടി കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്നുവെങ്കിലും അതു തുടര്‍ച്ചയായിരുന്നില്ലെന്നും ഓര്‍ക്കണം. എന്നിരുന്നാലും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള മൂന്നു പ്രധാനമന്ത്രിമാരില്‍ ഒരാളായി മോദി ഇന്നു സംശയാതീതമായി ഇടംപിടിച്ചിരിക്കുന്നു. നെഹ്‌റുവിന്റെയും ഇന്ദിരയുടെയും പാരമ്പര്യം പോലെതന്നെ മോദിയുടെ പാരമ്പര്യവും ഇന്ത്യയുടെ ഭാവിഗതിയെ നിര്‍ണയിക്കും. ഇന്ത്യ 1947നുശേഷം കണ്ട ഏറ്റവും വലിയ ഘടനാപരമായ മാറ്റത്തിനാണു മോദിയുടെ ഭരണകാലം സാക്ഷ്യംവഹിച്ചത്. സാമ്പത്തിക ആധുനികവല്‍ക്കരണത്തിലും ഭരണസംവിധാനത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിലും രാജ്യം അതിവേഗ മുന്നേറ്റം കൈവരിച്ചപ്പോള്‍, സ്‌ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തിനും ന്യൂനപക്ഷങ്ങളുടെ ഉള്‍ച്ചേരലിനും തിരിച്ചടികള്‍ നേരിട്ടുവെന്ന വിമര്‍ശനവും ശക്‌തമായി ഉയര്‍ന്നു. ഈ മാറ്റങ്ങളെ വിലയിരുത്തുന്നതു കേവലം ഒരു അക്കാദമിക അഭ്യാസമല്ല;ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യ ഏതു ദിശയിലേക്കാണ് സഞ്ചരിക്കുന്നതെന്ന് മനസിലാക്കാനുള്ള ശ്രമംകൂടിയാണ്.
മോദിയുടെ ഏറ്റവും വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നത് അത്യാധുനിക സാങ്കേതികവിദ്യയുടെയും ഭൗതിക അടിസ്‌ഥാനസൗകര്യങ്ങളുടെയും വികസനമാണ്. 140 കോടിയിലേറെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെതന്നെ ഇത് അടിസ്‌ഥാനപരമായി മാറ്റിമറിച്ചു. 2014ല്‍ മോദി പ്രധാനമന്ത്രിയാകുന്നതിനു മുമ്പ് നൂറുകണക്കിനു ദശലക്ഷം ഇന്ത്യക്കാര്‍ ഔപചാരിക ബാങ്കിങ് സംവിധാനത്തിനു പുറത്തായിരുന്നു. അനൗപചാരിക സംവിധാനങ്ങളെ ആശ്രയിക്കേണ്ടി വന്നത് അഴിമതിക്കും ഇടനിലക്കാരിലൂടെ ധനചോര്‍ച്ചയ്‌ക്കും വഴിയൊരുക്കി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആരംഭിച്ച പദ്ധതിയെ വികസിപ്പിച്ചുകൊണ്ട്, പൂജ്യ ബാലന്‍സില്‍ തുറക്കുന്ന ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകള്‍, ആധാര്‍ ബയോമെട്രിക് തിരിച്ചറിയല്‍ കാര്‍ഡുകള്‍, മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ എന്നിവ പരസ്‌പരം ബന്ധിപ്പിച്ച പുതിയ സംവിധാനം നടപ്പാക്കുന്നതിനു മോദി നേതൃത്വം നല്‍കി. 'ജാം ട്രിനിറ്റി' എന്നറിയപ്പെട്ട ഈ സംവിധാനമാണ് പിന്നീടു യൂണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫെയ്‌സ് (യു.പി.ഐ.) എന്ന പൊതുമേഖലാ തത്‌സമയ പേമെന്റ് സംവിധാനത്തിന് വഴിയൊരുക്കിയത്. തെരുവോര കച്ചവടക്കാരനു മുതല്‍ വന്‍ സാങ്കേതിക കമ്പനികള്‍ക്കു വരെ യാതൊരു സേവന നിരക്കും കൂടാതെ ഇതിലൂടെ തല്‍ക്ഷണം സാമ്പത്തിക ഇടപാടുകള്‍ സാധ്യമായി. ഇതിലും പ്രധാനമായി, സര്‍ക്കാര്‍ ആനുകൂല്യങ്ങളും സബ്‌സിഡികളും ഗുണഭോക്‌താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ടെത്തിക്കുന്ന ഡയറക്‌ട് ബെനിഫിറ്റ് ട്രാന്‍സ്‌ഫര്‍ (ഡി.ബി.ടി.) സംവിധാനം വ്യാപിപ്പിക്കാനും ഈ മാതൃക സഹായിച്ചു. 2013ല്‍ ആരംഭിച്ച ഡി.ബി.ടിയും മറ്റു ക്ഷേമപദ്ധതികളും ചേര്‍ന്ന് ഏകദേശം 25 കോടി ജനങ്ങളെ ബഹുമുഖ ദാരിദ്ര്യത്തില്‍നിന്നു കരകയറ്റിയെന്നാണു കണക്ക്. ഇടനിലക്കാരെ ഒഴിവാക്കിയതിലൂടെ ധനവിതരണത്തിലെ അഴിമതി ഗണ്യമായി കുറയ്‌ക്കാനും കഴിഞ്ഞു. സമ്പദ്‌വ്യവസ്‌ഥയിലെ മറ്റു മേഖലകളില്‍ അഴിമതി തുടരുന്നുണ്ടെങ്കിലും ഈ രംഗത്തു വലിയ മാറ്റമുണ്ടായി. അടിസ്‌ഥാനസൗകര്യ വികസനവും മോദിയുടെ മറ്റൊരു പ്രധാന പാരമ്പര്യമാണ്.
പതിറ്റാണ്ടുകളായി, നിലവാരമില്ലാത്ത ഗതാഗത-ലോജിസ്‌റ്റിക് സംവിധാനങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ മന്ദഗതിയിലാക്കിയിരുന്നു. ഈ പ്രശ്‌നത്തെ യുദ്ധകാലാടിസ്‌ഥാനത്തില്‍ നേരിട്ട മോദി സര്‍ക്കാര്‍ ദേശീയപാതകള്‍, വിമാനത്താവളങ്ങള്‍, അതിവേഗ റെയില്‍ പാതകള്‍ എന്നിവയില്‍ റെക്കോഡ് നിക്ഷേപമാണ് നടത്തിയത്. തുറമുഖങ്ങള്‍ നവീകരിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു. ഗ്രാമീണ വൈദ്യുതീകരണം ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. ഒരു കാലത്തു പൊതുകിണറുകളെ ആശ്രയിച്ചിരുന്ന പത്തു കോടിയിലധികം ഗ്രാമീണ കുടുംബങ്ങള്‍ക്ക് ഇന്നു പൈപ്പിലൂടെ ശുദ്ധജലവും ലഭ്യമാക്കിയിട്ടുണ്ട്. വിദേശനയത്തില്‍ മോദി, നെഹ്‌റുവിന്റെ പാത പിന്തുടര്‍ന്നുവെന്നാണു പറയേണ്ടത്. ആഗോള രാഷ്‌ട്രീയവേദിയില്‍ ഇന്ത്യയെ സ്വതന്ത്രവും കരുത്തുറ്റതുമായ ശക്‌തിയായി ഉയര്‍ത്തിക്കാട്ടാന്‍ അദ്ദേഹം ശ്രമിച്ചു. ആഗോള ശക്‌തികള്‍ തമ്മിലുള്ള മത്സരത്തില്‍ ഒരു പക്ഷം ചേരുന്നതിനുപകരം, ഇന്ത്യയുടെ ദീര്‍ഘകാല, തന്ത്രപരമായ സ്വയംഭരണ നയം അദ്ദേഹം തുടര്‍ന്നു. അതോടൊപ്പം 'മള്‍ട്ടി അലൈന്‍മെന്റ്' എന്ന പുതിയ സമീപനത്തിനും രൂപംനല്‍കി. ഈ നയത്തിന്റെ ഭാഗമായി ഗള്‍ഫ് രാജവംശങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്‌തിപ്പെടുത്തുകയും രാജ്യാന്തര വേദികളില്‍ 'ആഗോള ദക്ഷിണ'ത്തിന്റെ (ട്ടഗ്ന്വന്റ ഗ്നഗ്മന്ധ) ശബ്‌ദമായി ഇന്ത്യയെ ഉയര്‍ത്തിക്കാട്ടുകയും യൂറോപ്യന്‍ യൂണിയനുമായും ബ്രിട്ടനുമായും വ്യാപാര കരാറുകള്‍ യാഥാര്‍ഥ്യമാക്കുകയും ചെയ്‌തു. ഇന്ത്യയുടെ പ്രതിരോധ ആവശ്യങ്ങളുടെ പ്രധാന ഉറവിടങ്ങളിലൊന്നായ റഷ്യയുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിനൊപ്പം അമേരിക്കയുമായും ശക്‌തവും തന്ത്രപരവുമായ പങ്കാളിത്തം തുടര്‍ന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള 'ക്വാഡ്' സുരക്ഷാസഖ്യത്തിലെ പ്രധാന അംഗമായി ഇന്ത്യ ഇന്നും തുടരുന്നുണ്ട്. ഓസ്‌ട്രേലിയയും ജപ്പാനും ഇതിലെ മറ്റ് അംഗങ്ങളാണ്. എന്നാല്‍, ഉയര്‍ന്നുവരുന്ന ചൈനയുടെ സ്വാധീനം നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള, ക്വാഡിനോടുള്ള, അമേരിക്കയുടെ പ്രതിബദ്ധതയെക്കുറിച്ചു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകൂടം അടുത്തകാലത്തു സംശയങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഈ കാലയളവില്‍ പിഴവുകളൊന്നും സംഭവിച്ചിട്ടില്ലെന്നു പറയാനാവില്ല. ഉദാഹരണത്തിന്, ഇറാനുമായി ബന്ധപ്പെട്ട യുദ്ധത്തില്‍ ഇന്ത്യ നിഷ്‌പക്ഷ നിലപാട് സ്വീകരിക്കുകയും മധ്യസ്‌ഥന്റെ സാധ്യതയുള്ള പങ്ക് വഹിക്കുകയും ചെയ്യേണ്ടതായിരുന്നുവെന്നാണ് വാദിക്കപ്പെടുന്നത്. പകരം, അമേരിക്കയുടെയും ഇസ്രയേലിന്റെയും പക്ഷത്താണെന്ന പ്രതീതിയാണ് ഇന്ത്യ സൃഷ്‌ടിച്ചത്. എന്നിരുന്നാലും, മോദിയുടെ ഭരണകാലത്ത് ആഗോള ശക്‌തിസന്തുലനത്തില്‍ സ്വതന്ത്ര ശക്‌തികേന്ദ്രമെന്ന സ്‌ഥാനം ഇന്ത്യ ഉറപ്പിച്ചുവെന്നതു നിഷേധിക്കാനാവില്ല.
അതേസമയം, മോദിയുടെ ഭരണരീതിക്കെതിരേ ശക്‌തമായ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. മോദി സര്‍ക്കാരിന്റെ ആശയപരമായ അടിത്തറയായ ഹിന്ദുത്വം, ഇന്ത്യയുടെ സാംസ്‌കാരിക സ്വത്വത്തെ രാജ്യത്തെ 80 ശതമാനം വരുന്ന ഹിന്ദു ജനവിഭാഗത്തിന്റെ പാരമ്പര്യവുമായി ബന്ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യയിലെ മുസ്ലിം, ൈക്രസ്‌തവ ന്യൂനപക്ഷങ്ങളുടെ കാഴ്‌ചപ്പാടില്‍, ഈ സമീപനവും മോദിയുടെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ആശയപരമായ അസഹിഷ്‌ണുതയും സാമൂഹികവും രാഷ്‌ട്രീയവുമായ പാര്‍ശ്വവല്‍ക്കരണം വര്‍ധിപ്പിക്കുന്നതിനു നേരിട്ടു കാരണമായിട്ടുണ്ട്. ഇന്ത്യയുടെ ബഹുസ്വര ജനാധിപത്യത്തിന്റെ സംരക്ഷണ സംവിധാനങ്ങള്‍ ദുര്‍ബലമാകുകയാണെന്ന വിമര്‍ശനത്തിന് ഉദാഹരണമായി 2019ലെ പൗരത്വ ഭേദഗതി നിയമം (സി.എ.എ.) ചൂണ്ടിക്കാണിക്കപ്പെടുന്നു. അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള മാനദണ്‌ഡമായി മതത്തെ ആദ്യമായി ഈ നിയമം അവതരിപ്പിക്കുകയും മുസ്ലിംകളെ അതില്‍നിന്ന് ഒഴിവാക്കുകയും ചെയ്‌തു. അതോടൊപ്പം കടുത്ത ഹിന്ദുത്വ ദേശീയവാദ ശക്‌തികളുടെ വര്‍ധിച്ചുവരുന്ന സ്വാധീനവും ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലിംകളെ, ലക്ഷ്യമിട്ട് ഭരണകക്ഷി നടത്തുന്ന ആക്രമണാത്മക രാഷ്‌ട്രീയ പ്രചാരണവും ഈ ആശങ്കകള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ജനാധിപത്യത്തിന്റെ നിര്‍ണായക സ്‌ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുകയോ ഭരണകൂടത്തിന്റെ സ്വാധീനത്തിലാക്കുകയോ ചെയ്‌തുവെന്ന വിമര്‍ശനവും മോദി സര്‍ക്കാരിനെതിരേ ഉയരുന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ മുതല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍, വിവരാവകാശ കമ്മിഷന്‍ തുടങ്ങിയ സ്വതന്ത്ര മേല്‍നോട്ട സ്‌ഥാപനങ്ങളും നീതിന്യായ വ്യവസ്‌ഥയുടെ ചില ഘടകങ്ങളും വരെ ഇതില്‍ ഉള്‍പ്പെടുന്നു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരും സിവില്‍ സമൂഹ സംഘടനകളും രാഷ്‌ട്രീയ എതിരാളികളും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിയമപരവും സാമ്പത്തികവുമായ കടുത്ത പരിശോധനകള്‍ നിരന്തരം നേരിടുന്നുവെന്ന ആരോപണവും ശക്‌തമാണ്. ഇന്ത്യയിലെ പൗരസ്വാതന്ത്ര്യത്തിന്റെ വിസ്‌തൃതി ചുരുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ആഗോള ജനാധിപത്യ നിരീക്ഷണ സംഘടനകള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ചിലര്‍ ഇന്ത്യയെ 'തെരഞ്ഞെടുപ്പ് ഏകാധിപത്യം' എന്നും മറ്റു ചിലര്‍ 'ഉദാരമല്ലാത്ത ജനാധിപത്യം' എന്നും വിശേഷിപ്പിക്കുന്നു. സാമ്പത്തിക രംഗത്തും ഇന്ത്യയ്‌ക്ക് വെല്ലുവിളികളുണ്ട്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ്‌വ്യവസ്‌ഥയാണ് ഇന്ത്യ. ആഭ്യന്തര ഉത്‌പാദന മേഖലയിലും സാങ്കേതിക സ്‌റ്റാര്‍ട്ട് അപ്പ് മേഖലകളിലും ശ്രദ്ധേയമായ വളര്‍ച്ചയുണ്ടായിട്ടുണ്ടെങ്കിലും ഓരോ വര്‍ഷവും തൊഴില്‍ വിപണിയിലേക്കു കടന്നുവരുന്ന ദശലക്ഷക്കണക്കിനു യുവാക്കള്‍ക്ക് ആവശ്യമായ നിലവാരമുള്ള, ഔപചാരിക തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കാന്‍ രാജ്യത്തിനു കഴിഞ്ഞിട്ടില്ല.
ചിലരുടെ കാഴ്‌ചപ്പാടില്‍, പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ജഡത്വത്തെ തകര്‍ത്ത നേതാവാണ് നരേന്ദ്ര മോദി. കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും പ്രവര്‍ത്തിക്കുന്ന, ആഗോളതലത്തില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ ഇടപെടുന്ന, ഒരു രാഷ്‌ട്രത്തെ അദ്ദേഹം കെട്ടിപ്പടുക്കുകയും ഇന്ത്യയുടെ നാഗരിക പാരമ്പര്യത്തെക്കുറിച്ചുള്ള പുതിയ ആത്മവിശ്വാസത്തിനു രൂപംനല്‍കുകയും ചെയ്‌തുവെന്നാണ് അവരുടെ വിലയിരുത്തല്‍. എന്നാല്‍, മറ്റു ചിലരുടെ കാഴ്‌ചപ്പാടില്‍, ഇന്ത്യ ഒരുകാലത്ത് അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിച്ചിരുന്ന ഉദാര ജനാധിപത്യ മൂല്യങ്ങളെയും സജീവമായ ആശയവിനിമയ സംസ്‌കാരത്തെയും ക്ഷയിപ്പിച്ച വ്യക്‌തിയാണ് മോദി. ഈ രണ്ടു വിലയിരുത്തലുകളിലും വസ്‌തുതയുടെ അംശമുണ്ട്. അതിലുപരി, രണ്ടിനും അടിസ്‌ഥാനം ഒരേ പ്രതിഭാസമാണ് - അധികാരത്തിന്റെ കേന്ദ്രീകരണം. ഇന്ത്യയുടെ അടിസ്‌ഥാനസൗകര്യ വികസനം വേഗത്തിലാക്കാനും ക്ഷേമപദ്ധതികളുടെ വിതരണ സംവിധാനം ശക്‌തിപ്പെടുത്താനും രാജ്യത്തിന്റെ ഭൗമരാഷ്‌ട്രീയ സ്വാധീനം ഉയര്‍ത്തിക്കാട്ടാനും മോദി സര്‍ക്കാരിനെ പ്രാപ്‌തമാക്കിയ അതേ മാറ്റങ്ങള്‍തന്നെയാണ് ഇന്ത്യയുടെ ബഹുസ്വര ജനാധിപത്യ സ്‌ഥാപനങ്ങളെ കൂടുതല്‍ ദുര്‍ബലമാക്കുകയും ന്യൂനപക്ഷങ്ങള്‍ക്കെതിരായ അസഹിഷ്‌ണുതയ്‌ക്കും ഭീഷണിപ്പെടുത്തലിനും സാഹചര്യമൊരുക്കുകയും ചെയ്‌തതെന്ന വിമര്‍ശനവും നിലനില്‍ക്കുന്നു. മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയെ കേവലം സാമ്പത്തിക അത്ഭുതമെന്നോ ജനാധിപത്യത്തിന്റെ തകര്‍ച്ചയുടെ ലളിതമായ ഉദാഹരണമെന്നോ മാത്രം വിശേഷിപ്പിക്കാനാവില്ല.
സ്വന്തം വഴിയിലൂടെ മുന്നേറുന്ന, അതീവ അഭിലാഷങ്ങളും ശക്‌തമായ ശേഷിയുമുള്ള ഒരു രാഷ്‌ട്രമാണ് ഇന്ത്യ. ആ സങ്കീര്‍ണമായ യാഥാര്‍ഥ്യത്തെ ഉള്‍ക്കൊണ്ടുകൊണ്ടായിരിക്കണം ലോകം ഇന്ത്യയെ സമീപിക്കേണ്ടത്.
ശശി തരൂര്‍




