
ഇസ്ലാമാബാദ്: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ 125 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ സിഖ് ഗുരുദ്വാര പ്രാദേശിക വ്യവസായി തകർത്തതിനെ തുടർന്ന് വൻ പ്രതിഷേധം. ഫറോക്കാബാദിലെ 'ഗുരുദ്വാര ശ്രീ ഗുരു സിങ് സഭ സാഹിബ്' തകർത്ത നടപടിയെ ഇന്ത്യ ശക്തമായ ഭാഷയിൽ അപലപിച്ചു. ഇത് സിഖ് ആരാധനാലയത്തിന് നേരെ നടന്ന അങ്ങേയറ്റം അപലപനീയവും ആസൂത്രിതവുമായ അക്രമമാണെന്ന് ഇന്ത്യ വ്യക്തമാക്കി.
ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് യാതൊരുവിധ അനുമതിയും വാങ്ങാതെയാണ് ജൂൺ 24-ന് രാത്രിയോടെ വ്യവസായി ഗുരുദ്വാര പൊളിച്ചുനീക്കിയതെന്ന് പാക് അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തണമെന്നും തകർക്കപ്പെട്ട ആരാധനാലയം എത്രയും വേഗം പുനർനിർമിച്ച് നൽകണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പാകിസ്താനോട് ആവശ്യപ്പെട്ടു. മതന്യൂനപക്ഷങ്ങളുടെ സുരക്ഷിതത്വവും ക്ഷേമവും ഉറപ്പാക്കാൻ ഇസ്ലാമാബാദ് തയ്യാറാകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഫറോക്കാബാദിലെ ചരിത്രപ്രസിദ്ധമായ ഗുരുദ്വാര തകർത്ത വാർത്തകൾ അങ്ങേയറ്റം വേദനിപ്പിക്കുന്നതാണ്. ആരാധനാലയം തകർത്തിട്ടും പ്രാദേശിക അധികൃതരോ ഇവാക്യൂ ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡോ യാതൊരു നടപടിയും സ്വീകരിക്കാത്തത് ഗുരുതരമായ ആശങ്കയുണ്ടാക്കുന്നുവെന്ന് രൺധീർ ജയ്സ്വാൾ പറഞ്ഞു. പാകിസ്താനിൽ മതന്യൂനപക്ഷങ്ങൾക്ക് നേരെയും ആരാധനാലയങ്ങൾക്ക് നേരെയും തുടർച്ചയായി നടക്കുന്ന ആക്രമണങ്ങളുടെ ഭാഗമായാണ് ഈ സംഭവത്തെ കാണുന്നതെന്നും ഇന്ത്യ കൂട്ടിച്ചേർത്തു. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പ്രദേശത്തെ മതസൗഹാർദ്ദം തകർക്കുന്ന നടപടികൾക്ക് അറുതിവരുത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഗുരുദ്വാര തകർത്തതിനെതിരെ പ്രാദേശിക സിഖ് സമൂഹം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പാക് പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് വിഷയത്തിൽ ഇടപെട്ടു. പഞ്ചാബ് പ്രവിശ്യയിലെ ന്യൂനപക്ഷ ക്ഷേമ മന്ത്രി രമേഷ് സിങ് അറോറ സംഭവസ്ഥലം സന്ദർശിക്കുകയും ഗുരുദ്വാര ഉടൻ തന്നെ പുനർനിർമിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവരുടെ ആരാധനാലയങ്ങൾക്ക് സുരക്ഷയൊരുക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി. ഗുരുദ്വാര നിലനിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ച് അന്വേഷിക്കാൻ ഔഖാഫ് വകുപ്പിന് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, ഗുരുദ്വാര പുനർനിർമിക്കാനുള്ള തീരുമാനത്തിനെതിരെ പ്രദേശത്തെ വ്യാപാരികൾ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ 80 വർഷമായി ഈ കെട്ടിടം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നുവെന്നും നിലവിൽ നിരവധി കുടുംബങ്ങൾ ഇവിടെ താമസിക്കുകയും കടകൾ നടത്തുകയും ചെയ്യുന്നുണ്ടെന്നും അവർ പറയുന്നു. പുനർനിർമാണത്തിന്റെ ഭാഗമായി ആളുകളെ ഒഴിപ്പിക്കുകയാണെങ്കിൽ അവർക്ക് പകരം താമസസൗകര്യവും ജീവനോപാധിയും ഉറപ്പാക്കണമെന്ന് വ്യാപാരികൾ പാക് സർക്കാരിനോട് ആവശ്യപ്പെട്ടു.






