
ഭോപ്പാൽ: പൂനെയിലെ വ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകത്തെ പരിഹസിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട വനിതാ ഡെന്റിസ്റ്റിന് അഞ്ച് വർഷത്തേക്ക് വിലക്കേർപ്പെടുത്തി ഓൾ ഇന്ത്യ ഡെന്റൽ സ്റ്റുഡന്റ്സ് ആൻഡ് സർജൻസ് അസോസിയേഷൻ. സംഘടനയുടെ മധ്യപ്രദേശ് ഘടകം ട്രഷറർ സ്ഥാനത്തുനിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും ഡോ. മുസ്കാൻ സോനിയെ ഉടനടി പ്രാബല്യത്തോടെയാണ് പുറത്താക്കിയത്.
കേതൻ അഗർവാളിന്റെ മരണത്തെ പരിഹസിച്ച് മുസ്കാൻ പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോ വലിയ രീതിയിലുള്ള സോഷ്യൽ മീഡിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. വീഡിയോ വൈറലായതോടെ ഇവർ മാപ്പപേക്ഷയുമായി രംഗത്തെത്തിയെങ്കിലും സംഘടന കർശന നടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു.
നടപടിക്ക് കാരണമായ വീഡിയോവൈറലായ വീഡിയോയിൽ കേതൻ അഗർവാളിന്റെ മരണത്തെക്കുറിച്ച് തികച്ചും ആക്ഷേപകരമായ പരാമർശങ്ങളാണ് മുസ്കാൻ സോനി നടത്തിയത്. ‘ഞാൻ പുരുഷനെ വെറുക്കുന്നു’ എന്ന ഹാഷ്ടാഗിലായിരുന്നു ഇവർ വെറുപ്പിന്റെ രാഷ്ട്രീയം പങ്കുവച്ചത്. "അയാൾക്ക് തലയിൽ മുടിയില്ലായിരുന്നു....ഇങ്ങനെയുള്ള കള്ളങ്ങൾ പറഞ്ഞാൽ പിന്നെ തീർച്ചയായും മരിക്കും." എന്ന് ഇവർ കൊലപാതകികളെ ന്യായീകരിക്കുന്ന രീതിയിലാണ് പോസ്റ്റ് പങ്കുവച്ചത്. ഒരു വ്യക്തിയുടെ ദാരുണമായ കൊലപാതകത്തെ ന്യായീകരിക്കുന്ന രീതിയിലുള്ള ഈ പരാമർശത്തിനെതിരെ വലിയ ജനരോഷമാണ് ഉയർന്നത്.
സംഘടനയുടെ അച്ചടക്കവും അന്തസ്സും കാത്തുസൂക്ഷിക്കുന്നതിനാണ് ഈ നടപടിയെന്ന് സംഘടന പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ഡോ. മുസ്കാൻ സോനിയുടെ ഭാഗത്തുനിന്നുണ്ടായത് കടുത്ത അച്ചടക്കലംഘനമാണെന്നും കേതൻ അഗർവാളിന്റെ മരണത്തെക്കുറിച്ച് തികച്ചും അനുചിതവും അധിക്ഷേപകരവുമായ പരാമർശങ്ങളാണ് അവർ നടത്തിയതെന്നും സംഘടന വ്യക്തമാക്കി. ഇത് ഭരണഘടനയ്ക്കും മൂല്യങ്ങൾക്കും വിരുദ്ധമായതിനാൽ അഞ്ച് വർഷത്തെ സസ്പെൻഷൻ കാലയളവിൽ അസോസിയേഷനെ പ്രതിനിധീകരിക്കാനോ ഔദ്യോഗിക യോഗങ്ങൾ, കമ്മിറ്റികൾ, കോൺഫറൻസുകൾ എന്നിവയിൽ പങ്കെടുക്കാനോ ഇവർക്ക് അനുമതിയുണ്ടായിരിക്കില്ല.
മധ്യപ്രദേശ് സ്വദേശിയായ വ്യവസായി കേതൻ അഗർവാളിനെ ജൂൺ 18-ന് പൂനെയിലെ ലോഹഗഡ് കോട്ടയിലെ മലയിടുക്കിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്. കേതന്റെ പ്രതിശ്രുത വധു സിയ ഗോയൽ, ഇവരുടെ കാമുകൻ ചേതൻ ചൗധരി എന്നിവർ ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. ഇരുവരും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. കേതന്റെ മൊബൈൽ ഫോൺ സിയ ഗോയൽ കുറച്ചുസമയം കൈവശം വെച്ചിരുന്നതായും ഇതിനിടയിൽ തെളിവുകൾ വല്ലതും നശിപ്പിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തേണ്ടതുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. കേസിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.






