
സിനിമാ താരങ്ങളുടെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നവരാണ് പാപ്പരാസികൾ. എന്നാൽ നടിമാരുടെ മോശം ആംഗിളിലുള്ള ദൃശ്യങ്ങൾ പകർത്തുന്നതിലൂടെ പലപ്പോഴും പാപ്പരാസികൾ വിമർശനവിധേയരാകാറുണ്ട്. ഇപ്പോഴിതാ താൻ ഉൾപ്പെടെയുള്ള നടിമാരുടെ ദൃശ്യങ്ങൾ പകർത്തിയ പാപ്പരാസികളോട് രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് നടി നേഹ ധൂപിയ. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ഒരു അവാർഡ് ഷോയ്ക്കിടെയായിരുന്നു സംഭവം. ചിത്രങ്ങൾ പകർത്തിക്കൊണ്ടിരുന്ന പാപ്പരാസികളോട് താൻ ഉൾപ്പെടെയുള്ളവരുടെ പിൻഭാഗത്തുനിന്നുള്ള ചിത്രങ്ങൾ പകർത്തരുതെന്ന് നേഹ മുന്നറിയിപ്പ് നൽകി. വളരെ രൂക്ഷമായാണ് താരം പ്രതികരിച്ചത്. നേഹ പ്രതികരിക്കുന്ന വീഡിയോയ്ക്ക് താഴെ കമന്റുമായി നടി സൊനാക്ഷി സിൻഹയും പിന്തുണച്ചെത്തി.
"ഇങ്ങനെ മോശം രീതിയിൽ പിന്നിൽ നിന്ന് ചിത്രമെടുക്കുന്നത് ആരാണ്? ഇങ്ങനെ ചെയ്യരുത്. എന്റെയെന്നല്ല, ആരുടെയും പിന്നിൽ നിന്ന് ചിത്രമെടുക്കരുത്. ഇക്കാര്യം പറഞ്ഞ് ഞങ്ങൾ മടുത്തു. അതല്ല ഞങ്ങളുടെ ജോലി. ഞങ്ങൾ പുറത്തേക്ക് വരുമ്പോൾ നിങ്ങൾ എല്ലാവരും ഞങ്ങളോട് ഇത് ചെയ്യുന്നു," എന്നാണ് പാപ്പരാസികൾക്ക് നേരെ തിരിഞ്ഞ് നേഹ പറഞ്ഞത്. "നന്നായി പറഞ്ഞു നേഹ" എന്നാണ് സൊനാക്ഷി പിന്തുണയറിയിച്ചുകൊണ്ട് കുറിച്ചത്.






