
ദില്ലി: ജപ്പാനിൽ നിന്ന് ഇന്ത്യയിലേക്ക് ₹10 ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുന്നതിനുള്ള സഹകരണത്തിന് ഇന്ത്യയും ജപ്പാനും ധാരണയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി സനയ് തകയ്ച്ചിയും നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് തീരുമാനം. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ജാപ്പനീസ് കമ്പനികളുടെ എണ്ണം നിലവിലുള്ളതിന്റെ ഇരട്ടിയാക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു.
ഇന്ത്യ-ജപ്പാൻ ബന്ധം സവിശേഷ സാമ്പത്തിക-സുരക്ഷാ പങ്കാളിത്തമായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പ്രതിരോധം ഉൾപ്പെടെയുള്ള വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനും സമുദ്രസുരക്ഷ, ഊർജ്ജ മേഖല എന്നിവയ്ക്ക് മുൻഗണന നൽകുന്നതിനും ധാരണയായി.
ഊർജ്ജം, വ്യാപാരം, ഔഷധ നിർമ്മാണം, മെഡിക്കൽ ഉപകരണങ്ങൾ, തൊഴിലവസരം തുടങ്ങി വിവിധ മേഖലകളിൽ ഇന്ത്യയും ജപ്പാനും നിരവധി കരാറുകളിൽ ഒപ്പുവെച്ചു.ഇന്ത്യയുടെ വികസനയാത്രയിൽ ജപ്പാന് സുപ്രധാന പങ്കുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മോദിയെ "ജ്യേഷ്ഠ സഹോദരൻ" എന്ന് വിശേഷിപ്പിച്ച ജപ്പാൻ പ്രധാനമന്ത്രി സനയ് തകയ്ച്ചി, ഇൻഡോ-പസഫിക് മേഖലയിലെ സമാധാനത്തിനും സമൃദ്ധിക്കും ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി.രാവിലെ രാഷ്ട്രപതി ഭവനിൽ ജപ്പാൻ പ്രധാനമന്ത്രിക്ക് ഔപചാരിക സ്വീകരണം നൽകി. തുടർന്ന് ഇരുരാജ്യങ്ങളിലെയും വ്യവസായികളുടെ യോഗത്തിലും അദ്ദേഹം പങ്കെടുത്തു.






