
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കപ്പണം തട്ടിയെടുത്ത സംഭവത്തിൽ സുപ്രീം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കോടികളുടെ ഈ തട്ടിപ്പിനെ അദ്ദേഹം 'ചന്ദാ ചോരി' മെഗാ അഴിമതിയെന്നാണ് വിശേഷിപ്പിച്ചത്.
ജീവിതസമ്പാദ്യത്തിൽ നിന്ന് ഭക്തർ സമർപ്പിച്ച കാണിക്കപ്പണമാണ് വൻതോതിൽ തട്ടിയെടുത്തതെന്നും ഇത് ഹൈന്ദവ വിശ്വാസത്തോടും ജീവിതരീതിയോടും കാണിച്ച ഗുരുതരമായ വഞ്ചനയാണെന്നും കെ.സി. വേണുഗോപാൽ കത്തിൽ ചൂണ്ടിക്കാട്ടി.ശ്രീരാമനെ നീതിയുടെയും ധർമ്മത്തിന്റെയും പ്രതീകമായാണ് ജനങ്ങൾ ആരാധിക്കുന്നതെന്നും, അത്തരമൊരു പുണ്യസ്ഥലത്ത് നടന്ന വൻ അഴിമതി മറച്ചുവെക്കാൻ ശ്രമിക്കുന്നത് ഭക്തരോടുള്ള അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിന്റെ ഉന്നതരുടെ കണ്ണ് മുമ്പിൽ ആസൂത്രിതമായാണ് തട്ടിപ്പ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്ര സർക്കാർ 2020-ൽ രൂപീകരിച്ച പൊതുട്രസ്റ്റായതിനാൽ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ധാർമ്മിക ഉത്തരവാദിത്തമുണ്ടെന്നും പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി അധ്യക്ഷൻ കൂടിയായ കെ.സി. വേണുഗോപാൽ കത്തിൽ വ്യക്തമാക്കി.അതേസമയം, രാമക്ഷേത്ര ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് ബിജെപി, വിഎച്ച്പി, ബജ്റംഗ്ദൾ എന്നിവർക്കെതിരെ മുതിർന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ കപിൽ സിബലും വിമർശനവുമായി രംഗത്തെത്തി. രാമന്റെ പേര് പറഞ്ഞ് വോട്ട് നേടി പിന്നീട് രാമനെ തന്നെ കൊള്ളയടിക്കുന്ന 'വ്യാജ ഹിന്ദുക്കൾ' ആണിവരെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. യഥാർത്ഥ ഹിന്ദുത്വത്തിന്റെ അർഥം ഇവർക്ക് അറിയില്ലെന്നും അദ്ദേഹം വിമർശിച്ചു.
യുപി പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജൂൺ 25-നാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവരിൽ നിന്ന് ഏകദേശം 80 ലക്ഷം രൂപയും വിദേശ കറൻസികളും പിടിച്ചെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കേസിൽ അന്വേഷണം തുടരുകയാണ്.






