
ബെംഗളൂരു: ബെംഗളൂരുവിലെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആർഒ) ആസ്ഥാനമായ ന്യൂ ബെൽ റോഡിലുള്ള ഓഫീസിൽ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണി ഇമെയിൽ ലഭിച്ചു. ഭീഷണിയെത്തുടർന്ന് കെട്ടിടത്തിൽ ഉണ്ടായിരുന്നവരെ ഉടനടി ഒഴിപ്പിച്ചു. എന്നാൽ ഈ ഇമെയിൽ അടുത്തിടെയായി തുടരുന്ന വ്യാജ സന്ദേശങ്ങളുടെ ഭാഗമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണന്റെ ഓഫീസിലേക്കാണ് ഭീഷണി സന്ദേശം അടങ്ങിയ ഇമെയിൽ വന്നതെന്ന് പോലീസ് അറിയിച്ചു. സന്ദേശം ലഭിച്ചയുടൻ ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തുകയും ഓഫീസ് പരിസരത്ത് വിശദമായ പരിശോധന നടത്തുകയും ചെയ്തു. എന്നാൽ പരിശോധനയിൽ സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്താനായില്ല.
ഭീഷണിക്ക് പിന്നിലെ ലക്ഷ്യം എന്താണെന്ന് കണ്ടെത്താനും ഇമെയിൽ അയച്ചയാളെ കണ്ടെത്താനുമായി ഒന്നിലധികം പോലീസ് സംഘങ്ങൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ ഇമെയിൽ വിദേശത്തുനിന്നാണോ അയച്ചിരിക്കുന്നത് എന്ന കാര്യവും അധികൃതർ പരിശോധിച്ച് വരികയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ കർണാടക ഹൈക്കോടതിക്കും ബെംഗളൂരുവിലെ നിരവധി സ്കൂളുകൾക്കും സമാനമായ രീതിയിൽ വ്യാജ ബോംബ് ഭീഷണി ഇമെയിലുകൾ ലഭിച്ചിരുന്നു.






