
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങുന്നതിനുള്ള 23 വയസ് പ്രായപരിധി കർശനമായി നടപ്പാക്കാനുള്ള നീക്കവുമായി സർക്കാർ. ഇതിനായി കർണാടകയിലെ 'നോ ഐഡി, നോ എൻട്രി' മാതൃക കേരളത്തിലും നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായത്തിൽ സംശയം തോന്നുന്ന സാഹചര്യങ്ങളിൽ തിരിച്ചറിയൽ രേഖ നിർബന്ധമായി ആവശ്യപ്പെടുന്ന രീതിയിലേക്ക് നടപടികൾ ശക്തമാക്കാനാണ് ആലോചന. 23 വയസിൽ താഴെയുള്ളവർക്ക് മദ്യം വിൽക്കുന്നതിലുള്ള വിലക്ക് കൂടുതൽ ഫലപ്രദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പന യുവാക്കളെ ലക്ഷ്യമിട്ടെന്ന വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. ഇതുസംബന്ധിച്ച ഫയൽ എക്സൈസ് മന്ത്രി പരിശോധിച്ചുകഴിഞ്ഞതായും നിലവിൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണെന്നും അറിയുന്നു.
കേരളത്തിൽ ആദ്യം മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി 18 വയസായിരുന്നു. പിന്നീട് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഇത് 21 വയസായും, ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 23 വയസായും ഉയർത്തി. എന്നാൽ 23 വയസിൽ താഴെയുള്ളവർക്ക് മദ്യം വിൽക്കരുതെന്ന ഉത്തരവ് കർശനമായി നടപ്പായില്ലെന്നാണ് വിലയിരുത്തൽ. ഇതോടെയാണ് കർണാടക മാതൃകയിൽ 'നോ ഐഡി, നോ എൻട്രി' നിബന്ധന സംസ്ഥാനത്തും നടപ്പാക്കുന്നത് പരിഗണിക്കുന്നത്.






