
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലെ ഓഹരി പങ്കാളിത്തവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് നടത്തിയ നീക്കത്തിൽ സംസ്ഥാന സർക്കാർ കടുത്ത അതൃപ്തി രേഖപ്പെടുത്തി. സംസ്ഥാനത്തെ അറിയിക്കാതെയും മുൻകൂർ ചർച്ചകൾ നടത്താതെയുമാണ് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിൽ 49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി നിക്ഷേപം നടത്തുമെന്ന പ്രഖ്യാപനം നടത്തിയതെന്നാണ് സർക്കാരിന്റെ നിലപാട്. വിഷയത്തിൽ സംസ്ഥാനത്തിന്റെ ശക്തമായ വിയോജിപ്പും അതൃപ്തിയും മുഖ്യമന്ത്രി വിഡി സതീശൻ അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് മാനേജ്മെന്റിനെ നേരിട്ട് അറിയിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാരുമായുള്ള കൺസഷൻ കരാറിന്റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി നടപ്പിലായത്. ആ കരാർ പ്രകാരം സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ കൺസഷനറുടെ ഓഹരി ഘടനയിൽ മാറ്റം വരുത്താൻ പാടില്ലെന്നാണ് വ്യവസ്ഥ.
ഓഹരി വിൽപന കരാറിന്റെ നിയമസാധുത പരിശോധിക്കാൻ റവന്യൂ, നിയമ വകുപ്പുകൾക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. കൺസഷൻ കരാറിലെ വ്യവസ്ഥകളും ബാധകമായ മറ്റ് നിബന്ധനകളും സമഗ്രമായി പരിശോധിച്ച ശേഷമേ വിഷയത്തിൽ ഔദ്യോഗിക നിലപാട് സ്വീകരിക്കൂവെന്ന് സർക്കാർ അറിയിച്ചു. കരാർ വ്യവസ്ഥകൾ ലംഘിക്കുന്ന ഒരു നടപടിയും അംഗീകരിക്കില്ലെന്നും സർക്കാർ വ്യക്തമാക്കി.






