സാന്താ ക്ലാര: ഫുട്ബോള്‍ ലോകകപ്പ് നോക്കൗട്ടില്‍ ഗോളടിക്കുകയും ചുവപ്പ് കാര്‍ഡ് കാണുകയും ചെയ്ത താരങ്ങളുടെ പട്ടികയിലേക്ക് യു.എസ്.എയുടെ ഫോലാറിന്‍ ബാലോഗണും. ബോസ്നിയ ഹെഴ്സഗോവ്നിയയ്ക്കെതിരേ നടന്ന നോക്കൗട്ടില്‍ ഗോളടിച്ച ശേഷമാണു ബാലോഗണ് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായത്.
24 വയസുകാരനായ ബാലോഗണ് ബ്രസീലിന്റെ ഗാരിഞ്ച (1962 ലെ സെമി ഫൈനല്‍), റൊണാള്‍ഡീഞ്ഞോ (2002 ക്വാര്‍ട്ടര്‍ ഫൈനല്‍), ഫ്രാന്‍സിന്റെ ഇതിഹാസം സിനദിന്‍ സിദാന് എന്നിവര്‍ മാത്രം ഉള്‍പ്പെട്ട പട്ടികയിലാണു സ്വന്തം പേരും ചേര്‍ത്തത്. ഗോളടിച്ച ശേഷം ബാലോഗണ് ബാസ്കറ്റ്ബോള്‍ താരം ലെബ്രോണ്‍ ജെയിംസിന്റെ ''സൈലന്‍സര്‍'' ആഘോഷം അനുകരിച്ചതു വൈറലായിരുന്നു. ലെബ്രോണ്‍ ജെയിംസ് തന്നെ ബാലോഗണിനെ പ്രശംസിച്ച് പോസ്റ്റും ചെയ്തു.
64-ാം മിനിറ്റിലാണു യു. എസ്. താരത്തെ ചുവപ്പ് കാര്‍ഡ് കാണിച്ചത്. ബോസ്നിയയുടെ താരിക് മുഹ്റൊേവിചിന്റെ കണങ്കാലില്‍ ചവിട്ടിയതിനായിരുന്നു ചുവപ്പ് കാര്‍ഡ്. ഈ സംഭവത്തിനു പിന്നാലെ അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിക്ക് സമാന ഫൗളിന് ചുവപ്പ് കാര്‍ഡ് നല്‍കാതിരുന്ന റഫറിയുടെ നടപടി വീണ്ടും ചര്‍ച്ചയായി. പന്തിനായുള്ള പോരാട്ടത്തിനിടെ ബോസ്നിയന്‍ താരം താരിക് മുഹറെമോവിച്ചിന്റെ കണങ്കാലില്‍ അബദ്ധത്തില്‍ ചവിട്ടിയതിനായിരുന്നു ചുവപ്പ് കാര്‍ഡ്. റഫറി റാഫേല്‍ ക്ലോസ് കാര്‍ഡ് നല്കിയില്ലെങ്കിലും വാര് പരിശോധിച്ച ശേഷം ചുവപ്പ് കാര്‍ഡ് ഉയര്‍ത്തി. അള്‍ജീരിയക്കെതിരായ ഗ്രൂപ്പ് മത്സരത്തില്‍ ലയണല്‍ മെസി ഐസ മാന്‍ഡിയെ സമാനമായ രീതിയില്‍ ഫൗള്‍ ചെയ്തിരുന്നു. മെസിയുടെ ബൂട്ട് മാന്‍ഡിയുടെ കാലിന് പിന്നില്‍ തട്ടുന്നത് റീപ്ലേകളില്‍ വ്യക്തമായിരുന്നു. മത്സരത്തിലെ റഫറി ഷിമോണ്‍ മാര്‍സിനിയാക് മെസിക്ക് മഞ്ഞ കാര്‍ഡ് പോലും നല്‍കിയില്ല. വാര് പരിശോധന നടത്തിയെങ്കിലും റഫറിയോട് പുനഃപരിശോധിക്കാന്‍ നിര്‍ദേശിച്ചില്ല. സംഭവം അന്നു തന്നെ വലിയ വിമര്‍ശനങ്ങള്‍ക്കു കാരണമായി. ബലോഗണിന് മെസി ചെയ്ത അതേ ഫൗളായിട്ടും ചുവപ്പ് കാര്‍ഡ് നല്‍കിയതിനെ ''ഫിഫയുടെ ഇരട്ട നീതി'' യെന്നാണ് ആരാധകര്‍ വിശേഷിപ്പിച്ചത്. ശിക്ഷയെക്കുറിച്ച് യു.എസ്. കോച്ച് മൗറീസിയോ പോചെറ്റിനോയും അതൃപ്തി രേഖപ്പെടുത്തി. ചുവപ്പ് കാര്‍ഡ് അര്‍ഹിക്കുന്ന കുറ്റമല്ലെന്നും പന്തിന് വേണ്ടിയുള്ള പോരാട്ടത്തിനിടയില്‍ സംഭവിക്കുന്ന സ്വാഭാവികമായ നീക്കം മാത്രമാണെന്നും പോചെറ്റിനോ പറഞ്ഞു. ബെല്‍ജിയത്തിനെതിരായ പ്രീ ക്വാര്‍ട്ടറില്‍ ബലോഗണിനു കളിക്കാനാകില്ല. സസ്പെന്‍ഷനെതിരേ അപ്പീല്‍ നല്‍കാനും സാധിക്കില്ല.





