
ഫുട്ബോള്‍ ലോകകപ്പ് നോക്കൗട്ട് തോറ്റതോടെ മടക്കയാത്ര ഉറപ്പായെങ്കിലും തലയുയര്‍ത്തിയാണ് സെനഗലിന്റെ മടക്കം. ബെല്‍ജിയത്തിനെതിരേ രണ്ട് ഗോളുകളടിച്ചതോടെ ടീം ഒരു ചരിത്ര നേട്ടം സ്വന്തമാക്കിയിരുന്നു. ഒരു ലോകകപ്പില്‍ പത്ത് ഗോളുകളടിക്കുന്ന ആദ്യ ആഫ്രിക്കന്‍ ടീമെന്ന നേട്ടമാണ് സെനഗല്‍ കുറിച്ചത്. മത്സരത്തില്‍ ഇസ്മായില സാര്‍ അടിച്ച രണ്ടാം ഗോളാണ് അവരെ ഈ നേട്ടത്തിലെത്തിച്ചത്.
മത്സരത്തില്‍ തങ്ങളുടെ ആദ്യ ഗോളില്‍ സെനഗല്‍ ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ആഫ്രിക്കന്‍ ടീം എന്ന നേട്ടവും സ്വന്തമാക്കി. സെനഗല്‍ ഈ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഫ്രാന്‍സിനെതിരെ ഒരു ഗോളും രണ്ടാം മത്സരത്തില്‍ നോര്‍വേക്കെതിരേ രണ്ട് ഗോളുകളുമടിച്ചു. ഇറാഖിനെതിരെ അഞ്ച് ഗോളുകളടിച്ചു. ബെല്‍ജിയത്തിനെതിരെ രണ്ട് ഗോളുകളടിച്ചതോടെയാണ് പത്തിലെത്തിയത്. മത്സരത്തില്‍ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച് സെനഗല്‍ 24-ാം മിനിറ്റില്‍ ലീഡ് നേടി. ഹബീബ് ഡിയാറയാണ് ടീമിന്റെ ഗോളടിച്ചത്.
51-ാം മിനിറ്റില്‍ ഇസ്മായില സാറയുടെ ഗോളിലൂടെ വീണ്ടും ബെല്‍ജിയത്തെ ഞെട്ടിച്ചു. സെനഗല്‍ ജയം ഉറപ്പിച്ചെന്ന് ആരാധകര്‍ ഉറപ്പിച്ച സമയത്തായിരുന്നു ബെല്‍ജിയം വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. 86-ാം മിനിറ്റില്‍ റൊമേലു ലുക്കാക്കുവാണ് ആദ്യ ഗോളടിച്ചത്. മൂന്ന് മിനിറ്റിനു ശേഷം ടൈലെമാന്‍സ് ബെല്‍ജിയത്തിന് ആവേശ സമനില സമ്മാനിച്ചു. അതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു.




