
മയാമി: ഫുട്ബോള്‍ ലോകകപ്പ് കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന അര്‍ജന്റീനയും കുഞ്ഞന്‍ രാജ്യമായ കേപ് വെര്‍ദെയും ഇന്നു നടക്കുന്ന നോക്കൗട്ടില്‍ ഏറ്റുമുട്ടും. മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30 മുതലാണു മത്സരം.
ഇരു രാജ്യങ്ങളും ആദ്യമായാണു പരസ്പരം ഏറ്റുമുട്ടുന്നത്. അര്‍ജന്റീന താരങ്ങള്‍ ഇന്ന് സ്കൈ ബ്ലൂവും വെള്ള നിറവും കലര്‍ന്ന ജഴ്സിയാണ് ഇന്നു ധരിക്കുക. വെള്ള ഷൂസും വെള്ള സോക്സുമാണ് ഒപ്പം ധരിക്കുക. ജെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരാണ് അര്‍ജന്റീന. എച്ച് ഗ്രൂപ്പിലെ ഒരു മത്സരവും തോല്‍ക്കാത്ത വെര്‍ദെ സ്പെയിനു പിന്നില്‍ രണ്ടാം സ്ഥാനക്കാരായി. ലോകകപ്പിലെ അരങ്ങേറ്റക്കാരായ വെര്‍ദെ ഒന്നും നഷ്ടപ്പെടാനില്ലാതെയാണു കളിക്കുന്നത്. ചാമ്പ്യന്മാരെന്ന സമ്മര്‍ദത്തില്‍ കളിക്കുന്ന ലയണല്‍ സ്കലോണിക്കും ശിഷ്യന്മാര്ക്കും ഏറ്റവും ഭയം ഈ കുസലില്ലായ്മയാണ്്.
മുന്‍ ചാമ്പ്യന്‍ സ്പെയിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കിയത് അവര്‍ക്കു മുന്നില്‍ ഉദാഹരണമായുണ്ട്. ഏഴ് വര്‍ഷം മുമ്പാണ് അര്‍ജന്റീന അവസാനം നോക്കൗട്ടില്‍ തോറ്റത്. ബെലോ ഹൊറിസോണ്ടെ സ്റ്റേഡിയത്തില്‍ നടന്ന കോപാ അമേരിക്ക സെമി ഫൈനലില്‍ ബ്രസീലാണ് അര്‍ജന്റീനയെ തോല്‍പ്പിച്ചത്. അതിനു ശേഷം ലയണല്‍ മെസിയും സംഘവും രണ്ട് കോപാ അമേരിക്ക കിരീടങ്ങള്‍ (2021, 2023) നേടി. കൂടാതെ 2022 ലെ ഖത്തര്‍ ലോകകപ്പും അവര്‍ സ്വന്തമാക്കി. സ്പെയിന്, യുറുഗ്വേ, സൗദി അറേബ്യ എന്നിവരെയാണു വെര്‍ദെ കുരുക്കിയത്. ചിലിക്കു ശേഷം (1998 ലോകകപ്പില്‍) ഒരു മത്സരവും ജയിക്കാതെ നോക്കൗട്ടില്‍ കടക്കുന്ന ആദ്യ ടീമാണ്. ഹാര്‍ഡ് റോക്ക് സ്റ്റേഡിയം മെസിയെ സംബന്ധിച്ച് സ്വന്തം തട്ടകമാണ്. മെസിയും വെര്‍ദെയുടെ 40 വയസുകാരന് ഗോള്‍ കീപ്പര്‍ വോസീഞ്ഞ്യയും തമ്മിലുള്ള പോരാട്ടമാണ് ഇന്നു കാണാനാകുകയെന്നാണു നിരൂപകരുടെ വിലയിരുത്തല്‍. ജോസിമര്‍ ഹൊസെ ഇവോറ ഡിയാസിനെ വോസീഞ്ഞ്യ എന്ന ഓമനപ്പേരിലാണു വിളിക്കുക. സ്പെയിനെതിരേ നടന്ന മത്സരത്തില്‍ ഏഴ് തകര്‍പ്പന്‍ സേവുകളുമായി വോസീഞ്ഞ്യ നിറഞ്ഞു. കെവിന് പിന, ഹെലിയോ വറേല എന്നിവരെയും അര്‍ജന്റീനയ്ക്കു കരുതിയിരിക്കണം. അര്‍ജന്റീനയ്ക്കും വെര്‍ദെയ്ക്കും താരങ്ങളുടെ പരുക്കോ സസ്പെന്‍ഷനോ അലട്ടുന്നില്ല. മെസിയെയും സംഘത്തെയും നേരിടാനുള്ള അപൂര്‍വ അവസരത്തിന്റെ ത്രില്ലിലാണ് വെര്‍ദെ കോച്ച് ബുബിസ്റ്റ. വെര്‍ദെ പ്രസിഡന്റ് ഹൊസെ മരിയ നെവസ് ടീമിനു സര്‍വ വിധ പിന്തുണയും പ്രഖ്യാപിച്ചു.






