
'വ്യാജ എ.ഐ. വിധികള്‍ നിയമവ്യവസ്ഥയ്ക്ക്
മാരക വിഷവാതകം പോലെ'
എ.ഐ(നിര്‍മിത ബുദ്ധി)യുടെ ദുരുപയോഗത്തെക്കുറിച്ച് അഭിഭാഷകര്‍ക്കു മുന്നറിയിപ്പു നല്കി സുപ്രീംകോടതിയുടെ വാക്കുകളാണിത്. നിയമരംഗത്ത് എ.ഐ. ഉപയോഗിച്ച് നിര്മിക്കുന്നവ്യാജവും സാങ്കല്‍പ്പികവുമായ വിവരങ്ങള്‍ 'മീഥൈല്‍ ഐസോസയനേറ്റ്' വാതകം പുറത്തുവിടുന്നത് പോലെ അദൃശ്യവും മാരകവുമാണെന്നായിരുന്നു കോടതി നിരീക്ഷണം. വ്യാജ എ.ഐ വിധികള്‍ ഉദ്ധരിക്കുന്നതിനോ ഉപയോഗിക്കുന്നതിനോ എതിരെ കോടതികള്‍ സീറോ ടോളറന്‍സ് നയം സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. വ്യക്തമായ പരിശോധന നടത്താതെ എ.ഐ നിര്‍മിത വിധികള്‍ ഹാജരാക്കുന്നതിനും ഉദ്ധരിക്കുന്നതിനും ഉപയോഗിക്കുന്നതിനും എതിരെ കോടതികള്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്നു വ്യക്തമാക്കി നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ (എന്‍.സി.എല്‍.ടി.) വിധി സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു. വിവരസാങ്കേതികരംഗത്ത് റോക്കറ്റ് വേഗത്തില്‍ കുതിപ്പുനല്കിയായിരുന്നു എ.ഐ. സാങ്കേതികവിദ്യയുടെ കടന്നുവരവ്. മനുഷ്യരാശിക്ക് സമസ്തമേഖലയിലും മാറ്റങ്ങള്‍ വരുത്തിക്കൊണ്ടാണ് എ.ഐ. മുന്നേറിയത്. പ്രാരംഭദശയില്‍ എ.ഐ. സ്വാധീനവും വളര്‍ച്ചയും സാവധാനമായിരുന്നെങ്കിലും ലോകമെമ്പാടും ഡിജിറ്റല്‍ മേഖലയില്‍ പടര്‍ന്നു കിടക്കുന്ന അറിവിന്റെ വലക്കെട്ടുകള്‍ പരസ്പരബന്ധിതമായതോടെ അവയെ വിശകലനം ചെയ്ത് ഏറ്റവും ശരിയിലേക്ക് എത്താന്‍ എ.ഐക്ക് ഒരു നിമിഷം പോലും വേണ്ടെന്ന സ്ഥിതിയിലേക്ക് എത്തിച്ചേര്‍ന്നു. ഗൂഗിളും ഓപ്പണ്‍ എ.ഐയും പോലുള്ള അതികായര്‍ സൗജന്യമായി സാധാരണ ജനങ്ങള്‍ക്ക് ഈ സൗകര്യങ്ങള്‍ ലഭ്യമാക്കിയപ്പോള്‍ ഇത് ജനകീയമായി.
എ.ഐ. വളര്‍ച്ചയുടെ രണ്ടാം ഘട്ടമായിരുന്നു അതിന്റെ കറുത്തവശം. നന്മയ്ക്കായുള്ള ഏതു കണ്ടുപിടിത്തത്തെയും ദുരുപയോഗം ചെയ്യുക മനുഷ്യരുടെ പതിവാണ്. ഊര്‍ജമേഖലയില്‍ കുതിപ്പുനല്കേണ്ട ആണവോര്‍ജത്തെ അണുബോംബുകള്ക്കായി വിനിയോഗിച്ചതും മനുഷ്യരാണ്. ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ വിവര വിനിമയത്തിന്റെ വലിയ വാതായനമാണു നമുക്കു മുന്നില്‍ തുറന്നുനല്‍കിയത്. അതേ ഇന്റര്‍നെറ്റിനെ ഉപയോഗിച്ച് ഡിജിറ്റല്‍ അറസ്റ്റും വൈറസുകളും പരത്തിയതും നമ്മുടെ സഹജീവികള്‍ തന്നെയാണ്. ഏറെ പ്രതീക്ഷ നല്കിയ എ.ഐയെ ദുരുപയോഗം ചെയ്യുന്ന കാഴ്ചയാണിപ്പോള്‍.
ശരിയാണ്, എഐ സഹായത്തോടെ നീതി നല്കിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വ്യാജ അവകാശവാദങ്ങള്‍ തിരിച്ചറിയാന്‍ യു.എസിലെ കോടതികളെ എ.ഐ. സഹായിച്ചിട്ടുമുണ്ട്. അഭിഭാഷകരും എ.ഐയെ ആശ്രയിച്ചതായി കോടതിയില്‍ സമ്മതിച്ചിട്ടുണ്ട്. അങ്ങനെയുള്ള സാഹചര്യത്തില്‍ എ.ഐ. ഉപയോഗം കോടതിയെ അറിയിക്കണമെന്നു യു.എസിലെ ന്യൂജേഴ്സി ആന്‍ഡ് മിസിസിപ്പി കോടതിയിലെ ജഡ്ജിമാര്‍ നിര്‍ദേശിച്ചിരുന്നു.
പക്ഷേ, പല രാജ്യങ്ങളിലും ഇത്തരം നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ല എന്നത് സത്യം. എ.ഐയെ അഭിഭാഷകര്‍ ദുരുപയോഗം ചെയ്യുന്നതായുള്ള ആരോപണങ്ങള്‍ പുതുതല്ല. കോടതികളുടെ പേരില്‍ വ്യാജമായി വിധിപകര്‍പ്പുകള്‍ ഉണ്ടാക്കിയതായുള്ള ആരോപണം മുമ്പും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ജസ്റ്റിസ് ദീപാങ്കര്‍ ദത്ത ഇത്തരമൊരു തട്ടിപ്പ് കണ്ടെത്തിയിരുന്നു. അന്നു തന്നെ തട്ടിപ്പുകള്‍ക്കെതിരേ സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. വിവിധ കോടതികളില്‍ ഒരു ദിവസം 70 മുതല്‍ 80 കേസുകള്‍ വരെയാണു പരിഗണിക്കുന്നത്. അത്തരം സാഹചര്യത്തില്‍ എ.ഐ. വഴി നിര്‍മിച്ചെടുക്കുക വ്യാജതെളിവുകളും വിധികളും പരിശോധിക്കുക അത്ര എളുപ്പമല്ലെന്നതാണു സത്യം. എ.ഐ. സഹായത്തോടെ തയാറാക്കുന്ന വ്യാജചിത്രങ്ങളും വീഡിയോകളും കോടതിയെ വഴിതെറ്റിക്കാന്‍ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
മുന്നറിയിപ്പുകള്‍ക്ക് അപ്പുറം കടുത്ത നടപടികളിലൂടെ മാത്രമേ ഈ പ്രതിസന്ധികളെ നേരിടാനാകൂ. 'നിയമപരമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ മനുഷ്യന്റെ മേല്‍നോട്ടം അനിവാര്യമാണ്. യന്ത്രങ്ങള്‍ വഴി ലഭിക്കുന്ന വിവരങ്ങള്‍ അന്ധമായി വിശ്വസിക്കരുത്. ആധുനിക സാങ്കേതിക വിദ്യ സഹായത്തിനായി ഉപയോഗിക്കാമെങ്കിലും അതു നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെയും സുതാര്യതയെയും ബാധിക്കരുത്.'- പരമോന്നത കോടതിയുടെ ഈ വാക്കുകള്‍ നിയമരംഗത്തു മാത്രമല്ല, എല്ലാ മേഖലയിലും ബാധകമാണ്.




