
രാമമന്ത്രമായിരുന്നു ബി.ജെ.പിയുടെ ജീവവായു. മോദിയുഗത്തില്‍ പടര്‍ന്നു പന്തലിച്ച അധികാര സ്വാധീനത്തിന്റെ ആണിക്കല്ലും രാമന്‍തന്നെ. സ്വയം ദൈവമായി പ്രഖ്യാപിക്കപ്പെടുമ്പോഴും അയോധ്യയിലെ രാമക്ഷേത്ര നിര്മിതിയിലേക്കു നയിച്ച വിവാദ നാള്വഴികളുടെ ഉപോത്പന്നമാണ് ഇന്നത്തെ ബി.ജെ.പിയെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അറിയാം. അതുകൊണ്ടുതന്നെ അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ടു പുറത്തുവന്ന കൊള്ളയുടെ ആഴവും വ്യാപ്തിയും ഏറെ അലട്ടുന്നത് മോദിയെതന്നെയായിരിക്കും.
നിയമസഭാ തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന ഉത്തര്‍പ്രദേശില്‍ അയോധ്യ ക്ഷേത്രത്തിലെ കൊള്ളയുമായി ബന്ധപ്പെട്ട വിവാദം ജനപ്രീതിയിടിച്ചതു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേതുകൂടിയാണ്. ദീക്ഷ സ്വീകരിച്ചു കാവിയണിഞ്ഞ് ഭരണയന്ത്രം കറക്കുന്ന യോഗിയുടെ മൂക്കിനു കീഴെയാണു സംഭാവനക്കൊള്ള അരങ്ങേറിയത്. മോദിക്കുശേഷം ആരെന്ന ചോദ്യത്തിന് ഉത്തരമായി ചൂണ്ടിക്കാണിക്കപ്പെടുന്ന പേരുകളില്‍ പ്രധാനിയാണു യോഗി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ അടിതെറ്റിയതോടെയാണ് കേവല ഭൂരിപക്ഷം നേടാനാവാതെ ബി.ജെ.പി. പതറിയത്. മറ്റു സംസ്ഥാനങ്ങള്‍ പിടിച്ചും മറ്റു പാര്‍ട്ടികളില്‍നിന്ന് എം.പിമാരെ വലവീശിപ്പിടിച്ചും പാര്‍ലമെന്റില്‍ മൂന്നില്‍രണ്ടു ഭൂരിപക്ഷമുണ്ടാക്കാന്‍ കിണഞ്ഞുശ്രമിക്കുന്നതിനിടെയാണ് അയോധ്യയിലെ സംഭാവനക്കൊള്ള തിരിച്ചടിയായത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊള്ളവിവാദം പ്രതിപക്ഷം വിദഗ്ധമായി ഉപയോഗിക്കുകയും ബി.ജെ.പി. രാഷ്ട്രീയമായി പ്രതിരോധത്തിലാകുകയും ചെയ്താല്‍ യോഗിയുടെ യു.പി, ബി.ജെ.പിയെ കൈവിടുന്ന സാഹചര്യത്തിലേക്കു നയിച്ചേക്കും. ഈയൊരു ആശങ്ക സംഘ് പരിവാര്‍ കേന്ദ്രങ്ങളില്‍ പ്രകടം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പ്രചാരണത്തിനെത്തിയ മോദിയും അമിത്ഷായും പ്രസംഗത്തിലുടനീളം ഊന്നല്‍ നല്കിയതു ശബരിമലയിലെ സ്വര്‍ണ ക്കൊള്ളയിലായിരുന്നു. അയ്യപ്പന്റെ സ്വര്‍ണം കട്ടവരെ സി.പി.എം. നേതൃത്വം സംരക്ഷിക്കുന്നെന്നായിരുന്നു പ്രധാന ആരോപണം. തെരഞ്ഞെടുപ്പില്‍ സി.പി.എം. തോറ്റു. യു.ഡി.എഫിനു ഭരണത്തിലേക്കു വഴിതുറന്നെങ്കിലും അക്കൗണ്ടില്ലാത്ത നിയമസഭയില്‍ ബി.ജെ.പിക്കു മൂന്ന് എം.എല്‍.എമാരെ എത്തിക്കാന്‍ സാധിച്ചു. ശബരിമല സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടു കൃത്യമായ നടപടി സ്വീകരിക്കാതിരുന്നതു തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പ്രധാന കാരണമായെന്ന് തുടര്‍ന്നു സി.പി.എമ്മും വിലയിരുത്തി. മൂന്ന് എം.എല്‍.എമാരെ വിജയിപ്പിക്കുകയും ഒട്ടേറെ മണ്ഡലങ്ങളില്‍ നിര്‍ണായക ശക്തിയാകുകയും ചെയ്തതോടെ ശബരിമലയെ കൂടുതല്‍ ആവേശത്തോടെ ചേര്‍ത്തുനിര്‍ത്താന്‍ കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചു. ശബരിമല സ്വര്‍ണക്കൊള്ളയും പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്കു സി.പി.എം. നല്കുന്ന സംരക്ഷണവും ദേശീയതലത്തില്‍ ചര്‍ച്ചയാക്കാന്‍ ബി.ജെ.പി. കേന്ദ്ര നേതൃത്വം കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുമ്പോഴാണ് യോഗിയുടെ നാട്ടിലെ സുപ്രധാന ക്ഷേത്രത്തിലെ സംഭാവനക്കൊള്ളയില്‍ വിയര്‍ക്കേണ്ട സാഹചര്യം.
സംഭാവനക്കൊള്ള പുറത്തുവന്നതോടെ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് ഊര്‍ജിത അന്വേഷണത്തിനു യോഗി സര്‍ക്കാര്‍ ഉത്തരവിട്ടത് കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്കുണ്ടായ കനത്ത തിരിച്ചടികൂടി വിലയിരുത്തിയാകണം. ട്രസ്റ്റിനു നേതൃത്വം നല്കിയ വി.എച്ച്.പി. നേതാവ് ചമ്പത് റായിയെയടക്കം എസ്.ഐ.ടി. മണിക്കൂറുകളോളം ചോദ്യംചെയ്തു. ഒട്ടേറെ പ്രതികള്‍ അറസ്റ്റിലായി. ഇവര്‍ സംഭാവനക്കൊള്ളയിലൂടെ കോടികളുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായും എസ്.ഐ.ടി. കണ്ടെത്തി. എന്നാല്‍ പ്രതികള്‍ക്ക് മോദിയും യോഗിയും സംരക്ഷണം നല്‍കുകയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ പ്രക്ഷോഭം ശക്തമാക്കിയതോടെ, നടപടികളുടെ സത്യസന്ധത ജനങ്ങളെ ബോധ്യപ്പെടുത്തുകയെന്ന ബാധ്യതകൂടി ഭരണപക്ഷത്തിനുണ്ട്. എല്ലാ പ്രതികളും ഗൂഢാലോചനക്കാരും പിടിയിലായെന്ന് ഉറപ്പുവരുത്തുകമാത്രമല്ല സംഭാവനകൊള്ളയിലൂടെ നഷ്ടമായതെല്ലാം തിരിച്ചുപിടിച്ചെന്നും ബോധ്യപ്പെടുത്തി ഭക്തരെ തൃപ്തിപ്പെടുത്താന്‍ സാധിച്ചാല്മാത്രമേ ബി.ജെ.പിക്കു യു.പി. എന്ന കടമ്പ കടക്കാനാകൂ. അതില്‍ എത്രമാത്രം അവര്‍ വിജയിക്കും എന്നതിനെ ആശ്രയിച്ചിരിക്കും രാഷ്ട്രീയ ഇന്ത്യയുടെ ഭാവി.
അയോധ്യക്കൊള്ളയില്നിന്നു കരകയറിയാലും ഇല്ലെങ്കിലും ശബരിമലയെ ചേര്‍ത്ത് നിര്‍ത്തി കുതിക്കാനാണ് ബി.ജെ.പി. സംസ്ഥാന ഘടകത്തിനു കേന്ദ്ര നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം. ക്രിസ്ത്യന്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ടു നേര്‍പ്പിച്ച ഹിന്ദുത്വയെ കടുപ്പിച്ചു നിര്‍ത്തുന്ന തരത്തിലാകും സംസ്ഥാനത്തെ തുടര്‍ പ്രവര്‍ത്തനം. ക്രിസ്ത്യന്‍ വോട്ട് ബാങ്കില്‍ കടന്നുകയറാന്‍ നിലപാടിലും ആദര്‍ശത്തിലും വെള്ളം ചേര്‍ത്ത നടപടികളൊന്നും ഫലംകണ്ടില്ലെന്നുമാത്രമല്ല, തനത് വോട്ടുകളില്‍ അസംതൃപ്തിക്കാണ് ഇടനല്‍കിയതെന്നും കേന്ദ്ര നേതൃത്വം വിലയിരുത്തുന്നു.
ന്യൂനപക്ഷ വോട്ട് നിര്‍ണായകമായ സംസ്ഥാനത്ത് ക്രിസ്ത്യന്‍ വോട്ട് സ്വന്തമാക്കി, ഗോവ മോഡലില്‍ ഭരണംപിടിച്ചു തുടര്‍ഭരണ സാധ്യതകളായിരുന്നു ബി.ജെ.പി. കേന്ദ്ര നേതൃത്വം പല വിധ പരീക്ഷണങ്ങളിലൂടെ ആരാഞ്ഞത്. ആദ്യം അല്‍ഫോണ്‍സ് കണ്ണന്താനത്തെയും പിന്നീട് ജോര്‍ജ് കുര്യനെയും രാജ്യസഭയിലൂടെ പാര്‍ലമെന്റിലെത്തിച്ചു മന്ത്രിമാരാക്കി. ക്രിസ്ത്യന്‍ വോട്ട് ബാങ്കിലേക്ക് നീട്ടിയിട്ട പാലമായാണ് ഈ മന്ത്രിസ്ഥാനങ്ങളെ കേന്ദ്ര നേതൃത്വം കണ്ടത്. എന്നാല്‍, രണ്ട് തവണയും പരീക്ഷണം പാളി. ഇനി പരീക്ഷണം തത്കാലം വേണ്ടെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ക്രിസ്ത്യന്‍ വോട്ടുകള്‍ വേണ്ട രീതിയില്‍ ലഭിച്ചില്ലെന്നു വിലയിരുത്തിയതോടെയാണ് ജോര്‍ജ് കുര്യനു മന്ത്രിസ്ഥാനം നഷ്ടമായത്. പരീക്ഷിക്കാന്‍ ഉചിതനായൊരു ക്രിസ്ത്യന്‍ നേതാവ് സംസ്ഥാന ബി.ജെ.പി. പക്ഷത്തു കണ്ടെത്താനുമില്ല. വിദേശസംഭാവന നിയന്ത്രണ നിയമവുമായി ബന്ധപ്പെട്ടു രോഷത്തിലായ ക്രിസ്ത്യന്‍ വോട്ട് ബാങ്ക് കൂടുതല്‍ അകലുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയിലേക്ക് അപ്രതീക്ഷിതമായി വന്ന് ചേര്‍ന്നതാകട്ടെ, സി.പി.എമ്മില്‍നിന്ന് ചോര്‍ന്ന ഈഴവ വോട്ടുകളും. മൂന്ന് എം.എല്‍.എമാരില്‍ രണ്ടു പേരും ഈഴവ വിഭാഗത്തില്‍നിന്നാണ്. കിട്ടാതെ പോകുന്ന ക്രിസ്ത്യന്‍ വോട്ടിനേക്കാള്‍ മെച്ചം ഈഴവ വോട്ട് ബാങ്ക് സംരക്ഷണമാണെന്ന വിലയിരുത്തലാണ് ഇപ്പോള്‍ കേന്ദ്ര നേതൃത്വം. പല പ്രമുഖരെയും പാര്‍ട്ടി നേതൃത്വത്തിലേക്കു നിയോഗിക്കുന്നത് ഉള്‍പ്പെടെയുള്ള തീരുമാനത്തിന്റെ ഭാഗമായി കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന വൈകാതെ ഉണ്ടാകുമെന്നാണ് സൂചന. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്, യു.പി, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍നിന്നുള്ള നേതാക്കള്‍ക്ക്, ജാതി സമവാക്യങ്ങള്‍ പരിഗണിച്ചു കൂടുതല്‍ മന്ത്രിസ്ഥാനം നീക്കിവയ്ക്കുന്ന തരത്തിലാകും പുനഃസംഘടന. അയോധ്യയിലെ സംഭാവനക്കൊള്ള വിതച്ച രാഷ്ട്രീയക്കൊടുങ്കാറ്റിനെ അതിജീവിക്കാന്‍ കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയെ സമര്‍ഥമായി ഉപയോഗപ്പെടുത്താനാകും മോദി ശ്രമിക്കുക.
അപ്പോഴാണ് കേരളത്തിന് ഒഴിവുള്ള മന്ത്രിസ്ഥാനം ആര്‍ക്കാകും എന്നതിലെ കൗതുകവും ചര്‍ച്ചയാകുന്നത്. ഈഴവ വോട്ട് ബാങ്ക് കൂടുതല്‍ അടുത്തു തുടങ്ങിയതോടെ ഈ വിഭാഗത്തില്‍നിന്നൊരു കേന്ദ്രമന്ത്രിയെ നിയോഗിക്കാനുള്ള സാധ്യതയാണ് കേന്ദ്ര നേതൃത്വം ആരായുന്നത്. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും നായര്‍ സമുദായത്തില്‍ നിന്നാണ്. മന്ത്രിസ്ഥാനം ഈഴവ സമുദായത്തിനു നീക്കിവച്ചാല്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞശേഷം പുതിയ ചുമതല ലഭിച്ചിട്ടില്ലാത്ത കെ. സുരേന്ദ്രനും തെരഞ്ഞെടുപ്പുകളില്‍ പൊരുതിത്തോല്‍ക്കുന്ന ശോഭാ സുരേന്ദ്രനുമാണ് സാധ്യതാ പട്ടികയില്‍ മുന്നില്‍. അക്കാദമിക് രംഗത്തെ മികവു പരിഗണിച്ചാല്‍ മുന്‍ ഡി.ജി.പി: ടി.പി. സെന്‍കുമാറിനും നറുക്കു വീഴാം.
ആര്.എസ്.എസുമായി പുലര്‍ത്തുന്ന അടുത്ത ബന്ധവും സെന്‍കുമാറിന് അനുകൂല ഘടകമാണ്. പി.എസ്. ശ്രീധരന് പിള്ളയും സി.വി. ആനന്ദബോസും ഒഴിഞ്ഞതോടെ കേരളത്തിന് ഗവര്‍ണര്‍ പ്രാതിനിധ്യവുമില്ല. അതേസമയം, സമീപകാലത്തൊന്നും കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കാനില്ലാത്ത സാഹചര്യത്തില്‍ സമയമെടുത്ത് ഒഴിവ് നികത്തിയാല്‍ മതിയെന്ന ചിന്ത കേന്ദ്ര നേതൃത്വത്തിന് ഉണ്ടാകാനും സാധ്യതയേറെ.
ജിനേഷ് പൂനത്ത്




