
അമേരിക്കയിൽ ജോലി ചെയ്യുന്ന അങ്കിത മിശ്ര എന്ന യുവതി തന്റെ മാതാപിതാക്കളെ കാണാനായി നീണ്ട 3,620 ദിവസങ്ങളാണ് കാത്തിരുന്നത്. സിയാറ്റിലിലെ അറ്റ്ലാസിയനിൽ സീനിയർ പ്രൊഡക്റ്റ് മാനേജരായ അങ്കിത, താൻ വർഷങ്ങൾക്ക് മുൻപ് സ്വയം നൽകിയ ഒരു വാഗ്ദാനം നിറവേറ്റിയതിന്റെ സന്തോഷം ലിങ്ക്ഡ്ഇനിലൂടെയാണ് പങ്കുവെച്ചത്. തന്റെ സ്വന്തം സമ്പാദ്യം കൊണ്ട് മാതാപിതാക്കളെ അമേരിക്കയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു ആ വലിയ സ്വപ്നം.
തന്റെ ഇരുപതുകളിൽ അമേരിക്കയിൽ എത്തിയപ്പോൾ മുതൽ മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹം സഫലമായതിന്റെ സന്തോഷമാണ് അങ്കിത പങ്കുവെച്ചത്. കോവിഡ് മഹാമാരിയും മറ്റ് കുടുംബപരമായ ഉത്തരവാദിത്തങ്ങളും കാരണം പലതവണ യാത്രകൾ നീണ്ടുപോയി. എങ്കിലും, ആ ഒത്തുചേരൽ സാധ്യമാക്കാൻ സാധിച്ചതിൽ താൻ ഏറെ അഭിമാനിക്കുന്നുവെന്ന് അങ്കിത കുറിച്ചു. അച്ഛനും അമ്മയും നേരിട്ട ത്യാഗങ്ങൾക്കുള്ള ഏറ്റവും വലിയ പ്രതിഫലമായാണ് താൻ ഇതിനെ കാണുന്നതെന്ന് അവർ പറഞ്ഞു.
വിമാനത്താവളത്തിൽ മാതാപിതാക്കളെ സ്വീകരിക്കാൻ അങ്കിത എത്തിയപ്പോൾ, "3,620-ൽ അധികം ദിവസങ്ങൾ ഞാൻ ഇതിനായി കാത്തിരുന്നു" എന്ന് എഴുതിയ ഒരു ബോർഡ് കൈയ്യിൽ ഉണ്ടായിരുന്നു. മാതാപിതാക്കളുടെ കഠിനാധ്വാനവും ത്യാഗവുമാണ് തന്നെയൊരു മികച്ച ജീവിതത്തിലേക്ക് എത്തിച്ചതെന്നും, അവർക്ക് വേണ്ടി ഇത്തരമൊരു നിമിഷം ഒരുക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണെന്നും അങ്കിത വികാരനിർഭരമായി ഓർത്തു.
ഒരു കുടിയേറ്റക്കാരിയുടെ ജീവിതം ഒരിക്കലും എളുപ്പമല്ലെന്നും അത് പടിപടിയായി കെട്ടിപ്പടുക്കുന്നതാണെന്നും അങ്കിത പറയുന്നു. ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയും നിരവധി പേർ തങ്ങളുടെ സമാനമായ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. മാതാപിതാക്കളുടെ കഠിനാധ്വാനത്തെയും മക്കളുടെ സ്നേഹത്തെയും വാഴ്ത്തുന്ന ഈ വാർത്ത ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ്.






