
നടന് സലിം കുമാറിന്റെ വിയോഗം മലയാള സിനിമയ്ക്ക് ഒരിക്കലും നികത്താനാകാത്ത നഷ്ടമാണെന്ന് നടന് പൃഥ്വിരാജ്. സലിം കുമാറിന്റെ വിയോഗത്തോടെ അദ്ദേഹത്തെ മനസില്‍ കണ്ട പല എഴുത്തുക്കാര്‍ക്കും ആ കഥാപാത്രത്തെ തന്നെ ഉപക്ഷേിക്കേണ്ടി വരുമെന്നും പൃഥ്വിരാജ് പറഞ്ഞു. ഗലാട്ട പ്ലസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'പകരം വെക്കാനില്ലാത്ത നടനാണ്. കഥാപാത്രമായി ഒരു താരത്തെ മനസില്‍ കണ്ട ശേഷം അവര്‍ ഇല്ലെന്ന് മനസിലാകുമ്പോള്‍ ഒന്നെങ്കില്‍ ആ കഥാപാത്രത്തെ ഉപേക്ഷിക്കുകയോ മാറ്റിയെഴുതുകയോ ചെയ്യുന്ന സാഹചര്യങ്ങളുണ്ട്. അത്തരത്തിലൊരു നടനാണ് അദ്ദേഹം. മുമ്പത്തേത് പോലെ അദ്ദേഹം ആക്ടീവല്ലാതെ വന്നപ്പോള്‍ പല സിനിമകളില്‍ നിന്നും അദ്ദേഹത്തിന്റെ കഥാപാത്രത്തെ ഒഴിവാക്കേണ്ടി വന്നിട്ടുണ്ടെന്ന് എനിക്കറിയാം. അദ്ദേഹം ഇല്ലെങ്കില്‍ പിന്നെ സംഭവിക്കുക ആ കഥാപാത്രത്തിന്റെ കോംപ്രമൈസ്ഡ് വേര്‍ഷന്‍ ആയിരിക്കും. അക്ഷരാര്‍ത്ഥത്തില്‍ തന്നെ പകരംവെക്കാനില്ലാത്ത നടന്. സലിം കുമാറിനൊരു പകരക്കാരനെ കണ്ടെത്താനാകില്ല' പൃഥ്വിരാജ് പറയുന്നു.
ദേശീയ അവാർഡ് ലഭിച്ച ശേഷമാണ് സലിം കുമാർ എന്ന നടനെ താൻ ശ്രദ്ധിക്കുന്നതെന്ന് അവതാരകൻ പറയുമ്പോൾ കേരളത്തിലെ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം സലിം കുമാറിന്റെ വലിയ വഴിത്തിരിവ് ദേശീയ പുരസ്കാരത്തിനും മുമ്പേ സംഭവിച്ചിരുന്നുവെന്ന് പൃഥ്വിരാജ് മറുപടി നൽകുന്നുണ്ട്. 'വെറും ഹാസ്യനടനോ സ്വഭാവനടനോ മാത്രമല്ല, അതിഗൗരവമുള്ളതും സങ്കീർണവുമായ കഥാപാത്രങ്ങളും അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന മികച്ച നടനാണ് സലിം കുമാർ എന്ന് മലയാളികൾ തിരിച്ചറിഞ്ഞത് 'അച്ഛനുറങ്ങാത്ത വീട്' എന്ന ചിത്രത്തിലൂടെയായിരുന്നു. ചിത്രം സംവിധാനം ചെയ്തത് ലാൽ ജോസാണ്. ആ സിനിമയുടെ ഭാഗമാകാൻ എനിക്കും അവസരം ലഭിച്ചിരുന്നു.
എന്റെ അഭിപ്രായത്തിൽ, സലിം കുമാറിലെ ഗൗരവമുള്ളതും സങ്കീർണവുമായ കഥാപാത്രങ്ങളെ അതിഗംഭീരമായി അവതരിപ്പിക്കാൻ കഴിയുന്ന നടനെ ആദ്യമായി പൂർണമായി പ്രേക്ഷകർക്ക് കാണിച്ചുതന്ന ചിത്രം അതായിരുന്നു. അദ്ദേഹത്തിനുള്ളിലെ അഭിനയത്തിന്റെ ആഴവും ഗാംഭീര്യവും ആ സിനിമയിലൂടെയാണ് എല്ലാവരും തിരിച്ചറിഞ്ഞത്. അദ്ദേഹത്തിന്റെ വേർപാട് മലയാള സിനിമയ്ക്ക് ഒരിക്കലും നികത്താനാകാത്ത നഷ്ടമാണ്. ആ വിടവ് എത്ര ശ്രമിച്ചാലും പൂർണമായി നികത്താൻ സാധിക്കില്ല,' പൃഥ്വിരാജ് പറഞ്ഞു.






