
തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള പണം മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതും ഇതരസംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ടും നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പരാമർശത്തിനെതിരെ കവി കെ. സച്ചിദാനന്ദൻ രംഗത്തെത്തി. പുറത്തുനിന്ന് തൊഴിൽ തേടി കേരളത്തിലെത്തുന്ന തൊഴിലാളികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവന അപമാനകരമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.
ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് അവർ ചെയ്യുന്ന സേവനത്തിനുള്ള പ്രതിഫലമാണ് നൽകുന്നതെന്നും അതും കേരളത്തിലെ നിലവിലെ കൂലി നിരക്കിലോ ചിലപ്പോൾ അതിലും കുറഞ്ഞ നിരക്കിലോ ആണെന്നും സച്ചിദാനന്ദൻ ചൂണ്ടിക്കാട്ടി.
കുടുംബം പോറ്റാനാണ് അവർ സ്വന്തം നാട് വിട്ട് കേരളത്തിലെത്തുന്നതെന്നും, മലയാളികൾ മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ജോലി ചെയ്ത് അയക്കുന്ന പണമാണ് കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ പിന്തുണയാകുന്നതെന്ന കാര്യം മുഖ്യമന്ത്രി മറക്കരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെത്തുന്നവർ വിദേശികളല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മുഖ്യമന്ത്രിയുടെ പ്രസ്താവന തികച്ചും ലജ്ജാകരമാണെന്നും അത് പിൻവലിക്കണമെന്നും സച്ചിദാനന്ദൻ ആവശ്യപ്പെട്ടു. കേരളത്തിലെ നിർമ്മാണ മേഖലയുൾപ്പെടെ നിരവധി മേഖലകൾ ഇതരസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാണെന്നും, കേരളത്തിൽ വിനിമയം ചെയ്യപ്പെടേണ്ട വലിയൊരു തുക ഇവരിലൂടെ 'റിവേഴ്സ് റെമിറ്റൻസ്' ആയി മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒഴുകുകയാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിയമസഭയിലെ പരാമർശം.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
പുറത്തു നിന്നു വരുന്ന ജോലിക്കാരെ അധിക്ഷേപിച്ചുള്ള കേരളമുഖ്യമന്ത്രിയുടെ പ്രസ്താവം അപമാനകരമാണ് . അവർ ചെയ്യുന്ന സേവനത്തി ന്റെ പ്രതിഫലം ആണ് അവർക്ക് നാം നല്‍കുന്നത്- അതും ഇവിടെ നിലവിലുളള നിരക്കില്‍ മാത്രം, ചിലപ്പോൾ അതിലും കുറവും. കുടുംബം പുലര്‍ത്താന്‍ ആണ് അവർ നാടു വിട്ട് ഇവിടെ വന്നു പണി എടുക്കുന്നത്. മലയാളികൾ മറ്റു ദേശങ്ങളില്‍ പോയി പണി എടുത്ത പണം കൊണ്ടു കൂടിയാണ് കേരളീയര്‍ കഴിഞ്ഞു പോരുന്നത് എന്ന് മുഖ്യമന്ത്രി മറക്കുന്നു. ഇവിടെ വരുന്നവര്‍ വിദേശികള്‍ അല്ലെന്നും. തികച്ചും ലജ്ജാകരമായ പ്രസ്താവന. പിന്‍വലിക്കേണ്ടത്.






