
ലണ്ടൻ: ടി20യിൽ മോശം ഫോം തുടരുന്ന സഞ്ജു സാംസണെതിരായ വിമർശനങ്ങളിൽ പ്രതികരിച്ച് മുൻ ബിസിസിഐ സെലക്ടർ സാബാ കരീം. രണ്ടോ മൂന്നോ ഇന്നിങ്സുകളിലെ പ്രകടനത്തിന്റെ പേരിൽ സഞ്ജുവിനെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യത്തെ അദ്ദേഹം തള്ളി.
സ്റ്റാർ സ്പോർട്സിന്റെ 'ഫോളോ ദി ബ്ലൂസ്' പരിപാടിയിൽ സംസാരിക്കവെയാണ് സാബാ കരീം സഞ്ജുവിന് പിന്തുണ പ്രഖ്യാപിച്ചത്. ഈ വർഷം ഇന്ത്യ ടി20 ലോകകപ്പ് നേടിയപ്പോൾ ടൂർണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജുവിനെ പെട്ടെന്ന് ക്രൂശിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
"ഈ ഘട്ടത്തിൽ സഞ്ജുവിനെ മാറ്റേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നില്ല. സഞ്ജു മികച്ചൊരു കളിക്കാരനും ഒട്ടേറെ മത്സരങ്ങൾ ജയിപ്പിച്ച മാച്ച് വിന്നറുമാണ്. അദ്ദേഹത്തിന് മികച്ചൊരു ഐപിഎൽ സീസണും ഉണ്ടായിരുന്നു. അതിലുപരി ഈ വർഷത്തെ ടി20 ലോകകപ്പിലെ മികച്ച താരവുമായിരുന്നു. എല്ലാവരും എന്തിനാണ് തനിക്കുനേരെ മാത്രം വിരൽ ചൂണ്ടുന്നതെന്ന് സഞ്ജു ഇപ്പോൾ ചിന്തിക്കുന്നുണ്ടാകാം," സാബാ കരീം പറഞ്ഞു.
ഐപിഎല്ലിൽ 776 റൺസ് നേടി ശ്രദ്ധ നേടിയ വൈഭവ് സൂര്യവംശിക്ക് ഇപ്പോൾ തന്നെ ഇന്ത്യക്കായി അരങ്ങേറ്റം നൽകിയാൽ, സച്ചിൻ ടെണ്ടുൽക്കറെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര ക്രിക്കറ്ററാകുമെന്ന് സാബാ കരീം ചൂണ്ടിക്കാട്ടി. എന്നാൽ, വൈഭവിന് ഇപ്പോൾ തന്നെ അവസരം നൽകുന്നത് ഉചിതമല്ലെന്നും കുറച്ചുകാലം കൂടി കാത്തിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സാബാ കരീമിന്റെ നിലപാടിനോട് യോജിച്ചാണ് പരിപാടിയിൽ പങ്കെടുത്ത ചേതേശ്വർ പൂജാരയും പ്രതികരിച്ചത്."വൈഭവിനെ സംബന്ധിച്ചിടത്തോളം ഇത് വലിയ അവസരമാണ്. പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ചില്ലെങ്കിലും ഇന്ത്യൻ ടീമിന്റെ ഭാഗമാകുന്നത് തന്നെ വലിയ നേട്ടമാണ്. പതിനഞ്ചംഗ ടീമിൽ ഇടം നേടുക ചെറിയ കാര്യമല്ല. പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചാൽ അത് സ്വപ്നസാക്ഷാത്കാരമാകും," പൂജാര പറഞ്ഞു.




