
ന്യൂഡൽഹി: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഇൻസ്റ്റാഗ്രാം പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ മെറ്റ ഉദ്യോഗസ്ഥരെ ഹാജരാകാൻ കേന്ദ്ര സർക്കാർ സമൻസ് അയച്ചു. കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ നിർദേശത്തെ തുടർന്നാണ് നടപടി.
ഇതിനിടെ, വാട്സ്ആപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചറിനെ കുറിച്ചും കേന്ദ്ര സർക്കാർ മെറ്റയോട് വിശദീകരണം തേടിയിട്ടുണ്ട്. ഫോൺ നമ്പർ വെളിപ്പെടുത്താതെ അക്കൗണ്ട് ഉപയോഗിക്കാനാകുന്ന ഈ സംവിധാനത്തിന്റെ വിശദാംശങ്ങൾ മൂന്ന് ദിവസത്തിനകം സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
പുതിയ സംവിധാനത്തിൽ ഒരാൾക്ക് സന്ദേശം അയക്കാൻ അവരുടെ കൃത്യമായ യൂസർനെയിം അറിയേണ്ടതുണ്ടെന്ന് മെറ്റ വ്യക്തമാക്കി. കൂടാതെ, പുതിയ അക്കൗണ്ടുകൾക്ക് ബന്ധപ്പെടാവുന്ന ആളുകളുടെ എണ്ണത്തിന് പരിധി ഏർപ്പെടുത്തുമെന്നും യൂസർനെയിം ഊഹിച്ച് കണ്ടെത്താനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങൾ തടയാനുള്ള സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
വ്യാജ അക്കൗണ്ടുകളും ദുരുപയോഗങ്ങളും കണ്ടെത്തി നീക്കം ചെയ്യാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മെറ്റ അറിയിച്ചു. യൂസർനെയിം ഉപയോഗിച്ച് ആദ്യമായി സന്ദേശം അയയ്ക്കുമ്പോൾ ആ അക്കൗണ്ട് പുതുതാണോ, കോൺടാക്റ്റിലുള്ള വ്യക്തിയാണോ, പൊതുവായ ഗ്രൂപ്പുകളിൽ അംഗമാണോ, മറ്റൊരു രാജ്യത്ത് നിന്നുള്ള ആളാണോ തുടങ്ങിയ വിവരങ്ങളും ഉപയോക്താവിന് കാണിക്കുമെന്നും കമ്പനി വിശദീകരിച്ചു.






