
ലണ്ടന്‍ : വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ചരിത്ര നേട്ടവുമായി ഫിലിപ്പൈന്‍സിന്റെ 21കാരി താരം അലക്സാണ്ട്ര ഈല. വനിതാ സിംഗിള്‍സിന്റെ മൂന്നാം റൗണ്ടിലേക്ക് യോഗ്യത നേടുന്ന ആദ്യ ഫിലിപ്പൈന്‍സ് താരമെന്ന റെക്കോഡാണ് ഈല സ്വന്തമാക്കിയത്. ഏതൊരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിലും ഒരു ഫിലിപ്പൈന്‍സ് താരം കൈവരിക്കുന്ന ഏറ്റവും മികച്ച നേട്ടമാണിത്.
ബാസ്കറ്റ്ബോളിനും ബോക്സിംഗിനും മാത്രം വലിയ ജനപ്രീതിയുള്ള ഫിലിപ്പൈന്‍സില്‍ ഈലയുടെ ഈ ചരിത്രക്കുതിപ്പ് ടെന്നീസ് ആവേശത്തിന് വലിയ തിരികൊളുത്തിയിരിക്കുകയാണ്. ടൂര്‍ണമെന്റിലെ 29-ാം സീഡായ ഈല രണ്ടാം റൗണ്ടില്‍ ഓസ്ട്രേലിയയുടെ മായ ജോയിന്റിനെയാണ് പരാജയപ്പെടുത്തിയത്. ശനിയാഴ്ച നടക്കുന്ന മൂന്നാം റൗണ്ട് പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യനും മുന്‍ ലോക ഒന്നാം നമ്പറുമായ പോളണ്ടിന്റെ ഇഗ സ്വിയാറ്റെക്കിനെയാണ് താരം നേരിടുക.




