
ലൊസാഞ്ചലസ്: കുതിച്ചു പാഞ്ഞടുക്കുന്ന കാളക്കൂറ്റനെ എങ്ങനെ നേരിടും എന്നപോലെയായിരുന്നു ഓസ്ട്രിയ സ്പെയിനിന്റെ മുന്നേറ്റങ്ങളെ കണ്ടത്. ഏതുനിമിഷവും ഗോള്‍ വീഴുമെന്നുള്ള പ്രതീതിയിലാണ് ഓസ്ട്രിയ-സ്പെയിന് മത്സരം മുന്നേറിയത്.
അത് ഏറെക്കുറെ ശരിവയ്ക്കുന്ന രീതിയിലാണ് സ്പെയിന് മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കു ഓസ്ട്രിയയെ തകര്‍ത്തെറിഞ്ഞ് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറിയത്.
മികേല്‍ ഒയര്‍സബാലിന്റെ ഇരട്ട ഗോളുകളും (36,86), പെഡ്രോ പൊറോയുടെ ഗോളുമാണ് (66) സ്പെയിനു അനായാസ വിജയം നേടിക്കൊടുത്തത്. പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെ സ്പെയിന് നേരിടും. മത്സരത്തിന്റെ ഇരു പകുതികളിലും ഓസ്ട്രിയയ്ക്കെതിരേ സമ്പൂര്‍ണ ആധിപത്യം സ്ഥാപിച്ച സ്പെയിന് 22 ഗോള്‍ ശ്രമങ്ങളും 10 ഓണ്‍ടാര്‍ഗറ്റ് ഷോട്ടുകളുമാണ് ലൊസാഞ്ചലസില്‍ പരീക്ഷിച്ചത്. അതേസമയം ഓസ്ട്രിയയ്ക്ക് ഒരു ഓണ്‍ടാര്‍ഗറ്റ് ഷോട്ട് പോലുമില്ല.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ സ്പെയിനിന്റെ സമ്പൂര്‍ണ ആധിപത്യമായിരുന്നു. സ്പെയിന് 11 ഷോട്ടുകള്‍ ഗോള്‍ ലക്ഷ്യമാക്കി പായിച്ചപ്പോള്‍, രണ്ടെണ്ണം മാത്രമായിരുന്നു ഓസ്ട്രിയയുടെ മറുപടി. സ്പാനിഷ് താരം ലമീന്‍ യമാലിന്റെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. ബോക്സിനു പുറത്തുനിന്നും പന്തു ലഭിച്ച യമാല്‍ തകര്‍പ്പനൊരു ഷോട്ടിനു ശ്രമിച്ചെങ്കിലും ഓസ്ട്രിയ ഗോള്‍ കീപ്പര്‍ തടഞ്ഞിട്ടു. പിന്നാലെ സ്പാനിഷ് താരങ്ങളായ ദാനി ഓല്‍മോയുടെയും അയ്മെറിക് ലപോര്‍ട്ടയുടെയും ഗോള്‍ ശ്രമങ്ങളും ലക്ഷ്യത്തിലെത്താതെ പോയി.
മത്സരത്തിന്റെ 10 മിനിറ്റ് പിന്നിട്ടപ്പോള്‍ ഭൂരിഭാഗം സമയവും പന്ത് ഓസ്ട്രിയയുടെ ബോക്സിനകത്തായിരുന്നു. സ്പാനിഷ് താരങ്ങള്‍ ശക്തമായ പ്രസിങ്ങിലൂടെ എപ്പോള്‍ വേണമെങ്കിലും ഗോള്‍ വീഴാമെന്നു തോന്നിച്ച ഘട്ടമായിരുന്നു അത്. എന്നാല്‍ അധികം വൈകാതെ ഓസ്ട്രിയയും മത്സരത്തിലേക്കു തിരിച്ചെത്തി. ഹൈഡ്രേഷന് ബ്രേക്കിനു മുന്‍പ് സ്പാനിഷ് ബോക്സിലേക്ക് ഒന്നിലേറെ നീക്കങ്ങള്‍ നടത്താന്‍ സാധിച്ചു. 29-ാം മിനിറ്റില്‍ സ്പെയിനു വേണ്ടി മാര്‍ക് കുകുറെല വല കുലുക്കിയെങ്കിലും ഗോള്‍ അനുവദിച്ചില്ല.
സ്പാനിഷ് താരത്തിന്റെ ഫൗളില്‍ ഓസ്ട്രിയന്‍ ഗോളി അലക്സാണ്ടര്‍ ഷ്ലാഗര്‍ വീണതോടെയാണു റഫറിയുടെ നടപടി. തൊട്ടുപിന്നാലെ ബോക്സിനകത്തുനിന്നു പന്തു ലഭിച്ച ഒയര്‍സബാല്‍ തകര്‍പ്പനൊരു ഷോട്ടിനു ശ്രമിച്ചെങ്കിലും അലക്സാണ്ടര്‍ ഷ്ലാഗര്‍ തട്ടിമാറ്റി.
ആദ്യപകുതിയുടെ 36-ാം മിനിറ്റില്‍ സ്പെയിന് ലീഡെടുത്തു. ഓസ്ട്രിയ ബോക്സിന്റെ ഇടതു മൂലയില്‍നിന്ന് മാര്‍ക് കുകുറെല നല്കിയ നിര്‍ണായക ക്രോസിലാണ് സ്പെയിനിന്റെ ആദ്യ ഗോള്‍ വന്നത്. ബോക്സില്‍ പന്തു ലഭിച്ച ഒയര്‍സബാല്‍, സമ്മര്‍ദങ്ങളില്ലാതെ പന്തു വലയിലെത്തിച്ചു. ഈ ലോകകപ്പില്‍ താരത്തിന്റെ മൂന്നാം ഗോളാണിത്. സ്കോര്‍ 10. 45-ാം മിനിറ്റില്‍ ഓസ്ട്രിയന്‍ താരം മിച്ചല്‍ ഗ്രെഗോറിഷ് പന്തുമായി സ്പാനിഷ് ബോക്സിലെത്തിയെങ്കിലും റഫറി ഓഫ്സൈഡ് ഫ്ലാഗുയര്‍ത്തി. ഇഞ്ചുറി ടൈമില്‍ ഓസ്ട്രിയയുടെ സെ്റ്റഫാന്‍ പോഷിന്റെ ഫൗളില്‍ സ്പെയിന് അനുകൂലമായി ഫ്രീകിക്ക്. അലക്സ് ബെനയുടെ കിക്ക് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു. റീബൗണ്ടില്‍ ബോക്സില്‍നിന്ന് ലമീന്‍ യമാല്‍ തകര്‍പ്പനൊരു ഷോട്ടിനു ശ്രമിച്ചെങ്കിലും ഓസ്ട്രിയന്‍ ഗോളി വീണ്ടും രക്ഷകനായി. ഹാഫ് ടൈം വിസില്‍ മുഴങ്ങിയതോടെ സ്പെയിന് 1, ഓസ്ട്രിയ 0.
49-ാം മിനിറ്റില്‍ പെനാല്‍റ്റി ഏരിയയുടെ എഡ്ജില്‍നിന്ന് സ്പാനിഷ് താരം ഒയര്‍സബാല്‍ എടുത്ത ഷോട്ട് ഓസ്ട്രിയന്‍ ഗോളി ഷ്ലാഗര്‍ അനായാസം കയ്യിലൊതുക്കി. പകരക്കാരനായി ഇറങ്ങിയതിനു പിന്നാലെ ഓസ്ട്രിയന്‍ താരം സാഷ കലാസിച്ച്, സബിറ്റ്സറിന്റെ ക്രോസില്‍നിന്നു തകര്‍പ്പനൊരു ഷോട്ടിനു ശ്രമിച്ചെങ്കിലും, ബാറിനു മുകളിലൂടെ പന്തു പുറത്തേക്കുപോയി. 66-ാം മിനിറ്റില്‍ പെദ്രോ പൊറോ സ്പെയിനിന്റെ ലീഡ് രണ്ടാക്കി. ഇടതു വിങ്ങില്‍നിന്ന് അലക്സ് ബെന നല്കിയ ക്രോസില്‍ തലവച്ചാണ് പൊറോ സ്പാനിഷ് ജഴ്സിയിലെ ആദ്യ ഗോള്‍ നേടിയത്. 71-ാം മിനിറ്റില്‍ അലക്സ് ബെനയെ പിന്‍വലിച്ച സ്പെയിന് ഫെറാന്‍ ടോറസിനെ കളത്തിലിറക്കി.79-ാം മിനിറ്റില്‍ ഓസ്ട്രിയന്‍ മധ്യനിര ഏറെ നേരം കഠിനാധ്വാനം ചെയ്ത ശേഷം, സ്പാനിഷ് പ്രതിരോധത്തെ കീറിമുറിച്ച് പന്ത് ബോക്സിലെത്തി. എന്നാല്‍ ഫൈനല്‍ തേര്‍ഡില്‍ കാര്‍ണി ചുക്വുമെകയുടെ ഷോട്ട് സ്പാനിഷ് ഗോള്‍ പോസ്റ്റില്‍ ഒരു ഭീഷണിയുമുയര്ത്താതെ പുറത്തേക്കുപോയി.
82-ാം മിനിറ്റില്‍ ഓസ്ട്രിയന്‍ താരം സ്റ്റെഫാന്‍ പോഷ് പന്തുമായി മുന്നിലെത്തിയെങ്കിലും സ്പാനിഷ് പ്രതിരോധ താരം മാര്‍ക് കുകുറെല ഹെഡ് ചെയ്ത് ഭീഷണി ഒഴിവാക്കി. നിശ്ചിത സമയം അവസാനിക്കാന്‍ ഒരു മിനിറ്റു മാത്രം ബാക്കിയുള്ളപ്പോഴാണ് സ്പെയിന് മൂന്നാമത്തെ ഗോളടിക്കുന്നത്. മാര്‍ക് കുകുറെലയുടെ അളന്നു മുറിച്ച ക്രോസില്‍, പോസ്റ്റിലേക്കു ലക്ഷ്യമിട്ടത് മികേല്‍ ഒയര്‍സബാല്‍. സ്കോര്‍ 30. ആറു മിനിറ്റ് ഇഞ്ചുറി ടൈമിലും ഓസ്ട്രിയയ്ക്ക് മറുപടിയൊന്നുമില്ലാതിരുന്നതോടെ 30ന് വിജയിച്ച് സ്പെയിന് പ്രീക്വാര്‍ട്ടറിലേക്ക്.




