
വാന്‍കൂവര്‍: ഫിഫ ലോകകപ്പില്‍ 1938-ന് ശേഷം ആദ്യമായി ഒരു നോക്കൗട്ട് വിജയം സ്വന്തമാക്കി സ്വിറ്റ്സര്‍ലന്‍ഡ് പ്രീക്വാര്‍ട്ടറില്‍.
റൗണ്ട് ഓഫ് 32 മത്സരത്തില്‍ അള്‍ജീരിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്വിസ് പട പ്രീക്വാര്‍ട്ടറിലേക്കു മുന്നേറിയത്. 1938 ലോകകപ്പില്‍ ജര്‍മനിയെ തോല്‍പ്പിച്ചതിനു ശേഷം ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ ഒരുമത്സരം പോലും വിജയിക്കാന്‍ ഇതുവരെ സ്വിറ്റ്സര്‍ലന്‍ഡിന് കഴിഞ്ഞിരുന്നില്ല. ഇതിനു മുമ്പ് കളിച്ച ഏഴ് നോക്കൗട്ട് മത്സരങ്ങളിലും അവര്‍ പരാജയപ്പെടുകയായിരുന്നു. ആ നാണക്കേട് അള്‍ജീരിയക്കെതിരേ സ്വിറ്റ്സര്‍ലന്‍ഡ് മറികടന്നു. 10-ാം മിനിറ്റില്‍ ബ്രീല്‍ എംബോളോയും 46-ാം മിനിറ്റില്‍ ഡാന്‍ എന്‍ഡോയെയുമാണ് ഗോളുകള്‍ നേടിയത്. കൊളംബിയ - ഘാന മത്സര വിജയികളാണ് പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ എതിരാളികള്‍.
പരുക്കേറ്റ ലൂക്ക ജാക്വസ്, ജിബ്രില്‍ സോ എന്നിവരില്ലാതെയാണ് സ്വിറ്റ്സര്‍ലന്‍ഡ് മത്സരത്തിനിറങ്ങിയത്. പകരം ഡെനിസ് സക്കറിയയും ഡാന്‍ എന്‍ഡോയും ടീമിലിടം നേടി. മൂന്ന് മാറ്റങ്ങളുമായാണ് അള്‍ജീരിയ ഇറങ്ങിയത്. ലൂക്കാ സിദാന് ഗോള്‍കീപ്പറായി തിരിച്ചെത്തിയപ്പോള്‍ റയന്‍ ഐത്-നൂരി, റാമിസ് സെറൂക്കി എന്നിവരും ആദ്യ ഇലവനിലെത്തി.
മത്സരത്തിന്റെ തുടക്കം മുതല്‍ മൈതാനത്ത് ലക്ഷ്യബോധത്തോടെ പന്ത് തട്ടിയത് സ്വിറ്റ്സര്‍ലന്‍ഡായിരുന്നു. പിന്നാലെ കളംപിടിച്ച അവര്‍ 10-ാം മിനിറ്റില്‍ തന്നെ മുന്നിലെത്തി. മൈതാനമധ്യത്തു നിന്ന് റൂബന്‍ വാര്‍ഗാസ്, ജൊഹാന്‍ മന്‍സാംബിക്ക് നീട്ടിയ പന്തില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി. പന്ത് ലഭിച്ച മന്‍സാംബി അള്‍ജീരിയന്‍ ബോക്സിലേക്ക് ഓടിക്കയറി. താരത്തെ തടയാന്‍ അള്‍ജീരിയന്‍ ഗോള്‍കീപ്പര്‍ ലൂക്ക സിദാന് എത്തിയ സമയത്ത് ഗോളിയേയും പ്രതിരോധ നിരക്കാരെയും കബളിപ്പിച്ച് മന്‍സാംബി പന്ത് ബ്രീല്‍ എംബോളോയ്ക്ക് നീട്ടി. ഒഴിഞ്ഞ പോസ്റ്റിലേക്ക് ഒരു ബാക്ക് ഹീല്‍ ഷോട്ടിലൂടെ എംബോളോ പന്തെത്തിച്ചു.
രണ്ടാം പകുതി ആരംഭിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ സ്വിറ്റ്സര്‍ലന്‍ഡ് രണ്ടാം ഗോളും നേടി. ബോക്സലേക്ക് വന്ന ഒരു ക്രോസ് കൃത്യമായി ക്ലിയര്‍ ചെയ്യാന്‍ സാധിക്കാതിരുന്ന അള്‍ജീരിയന്‍ പ്രതിരോധത്തിന്റെ പിഴവാണ് ഗോളിന് വഴിവച്ചത്. അള്‍ജീരിയന്‍ ഡിഫന്‍സ് ക്ലിയര്‍ ചെയ്ത പന്ത് നേരേ കിട്ടിയത് സ്വിസ് താരം സക്കറിയക്ക്. താരം വീണ്ടും ബോക്സിലേക്ക് നല്കിയ പാസും അള്‍ജീരിയ താരങ്ങള്‍ക്ക് ക്ലിയര്‍ ചെയ്യാനായില്ല. പന്ത് ലഭിച്ച ഡാന്‍ എന്‍ഡോയെ മികച്ചൊരു ഷോട്ടിലൂടെ സ്കോര്‍ ചെയ്തു.




