
കൊച്ചി: സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ'യില്‍ അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനം എറണാകുളം മുന്‍സിഫ് കോടതി താത്കാലികമായി തടഞ്ഞു. ശ്വേത മേനോന് പ്രസിഡന്റായ ഭരണസമിതിക്കു പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാമെന്നും കോടതി താത്കാലിക ഉത്തരവില്‍ വ്യക്തമാക്കി.
അഡ്ഹോക്ക് കമ്മിറ്റിയുടെ രൂപീകരണം ചോദ്യംചെയ്തു ശ്വേതാ മേനോന് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
സംഘടനയുടെ ബൈലോ അനുസരിച്ച് അഡ്ഹോക്ക് കമ്മിറ്റി രൂപവത്കരിക്കാനാകില്ലെന്നും അതിനാല്‍ അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനം വിലക്കണമെന്നും ആവശ്യപ്പെട്ടാണ് ശ്വേത കോടതിയെ സമീപിച്ചത്. രാജി പ്രഖ്യാപിച്ച ഏതാനും എക്സിക്യൂട്ടീവ് അംഗങ്ങളുടെ പിന്തുണയോടെയാണ് ശ്വേത നിയമനടപടിയിലേക്കു നീങ്ങിയത്.
തങ്ങളുടെ നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ലെന്നാണ് പ്രസിഡന്റ് ശ്വേതാ മേനോന്റെയും ഒപ്പമുള്ളവരുടെയും നിലപാട്. ഇവര്‍ കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ യോഗം ചേര്‍ന്നിരുന്നു. ലക്ഷ്മിപ്രിയ യോഗത്തില്‍ പങ്കെടുത്തില്ല. ശ്വേതയുടെ കമ്മിറ്റിയില്‍ അംഗങ്ങളായിരുന്ന ജയന് ചേര്‍ത്തല, കൈലാഷ്, ജോയ് മാത്യു എന്നിവര്‍ ഔദ്യോഗികമായി രാജി സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ മറ്റംഗങ്ങള്‍ ശ്വേതയ്ക്കൊപ്പം തുടരുകയാണ്. തെരഞ്ഞെടുപ്പ് വരെ സംഘടനയെ നയിക്കാനുള്ള അധികാരം തങ്ങള്‍ക്കുതന്നെ എന്നാണ് ശ്വേതയുടെ വാദം.






