
കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിനു മുന്നില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. പോലീസ് അന്വേഷണം ശരിയായ ദിശയില്‍ പുരോഗമിക്കുന്നെന്നുള്ള സര്‍ക്കാര്‍ വിശദീകരണം കൂടി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍, ജസ്റ്റിസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ച് ഹര്‍ജി അനുവദിക്കാതിരുന്നത്.
നിലവിലെ അന്വേഷണം തൃപ്തികരമായി പുരോഗമിക്കുമ്പോള്‍ മറ്റൊരു ഏജന്‍സിക്ക് കൈമാറേണ്ടതില്ലെന്ന് കോടതി വിലയിരുത്തി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ ജോജോ ജോസ് നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. അന്വേഷണം ശരിയായ ദിശയിലാണെന്ന് ഡി.ജി.പി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു. സുരക്ഷയുമായി ബന്ധപ്പെട്ട് ഇന്റലിജന്റ്സ് വീഴ്ചയില്ല. സംഭവത്തില്‍ 25 പേരെ അറസ്റ്റ് ചെയ്തു. ഇവരില്‍ ചിലര്‍ മറ്റ് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. കൂടുതല്‍ പേരെ തിരിച്ചറിയാനുള്ള നടപടികള്‍ തുടരുകയാണ്.
പരിശോധന പൂര്‍ത്തിയാക്കി മടങ്ങുകയായിരുന്ന ഇ.ഡി. ഉദ്യോഗസ്ഥരെ ഏകദേശം 300 പേരടങ്ങുന്ന സംഘം ആക്രമിച്ചു. ശക്തമായ പ്രതിഷേധത്തിനിടയിലും ഇ.ഡി. ഉദ്യോഗസ്ഥരെ പോലീസ് സുരക്ഷിതമായി തമ്പാനൂര്‍ സ്റ്റേഷനിലെത്തിച്ചു. പരുക്കേറ്റ ഇ.ഡി. ഉദ്യോഗസ്ഥരുടെയും രണ്ടു പ്രതികളുടെയും മെഡിക്കല്‍ രേഖകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ഫൊറന്‍സിക് പരിശോധന, കോള്‍ ഡാറ്റ റെക്കാഡുകള്‍, ആയുധങ്ങള്‍, ബാങ്ക് രേഖകള്‍, വിരലടയാളം എന്നിവ സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചശേഷം അന്തിമ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുമെന്നും ഡി.ജി.പി അറിയിച്ചു.






