
കാസര്‍ഗോഡ്: ബിയര്‍ കഴിച്ചശേഷം വാഹനം ഓടിച്ചത് തെറ്റാണെന്ന് ഇപ്പോള്‍ പൂര്‍ണമായും മനസിലാക്കുന്നതായി 'ഹെലന് ഓഫ് സ്പാര്‍ട്ട' എന്നറിയപ്പെടുന്ന യുട്യൂബര്‍ എസ്.ആര്. ധന്യ. മദ്യലഹരിയില്‍ അമിതവേഗത്തില്‍ കാര്‍ ഓടിച്ചതിന് പോലീസ് കേസെടുത്തതില്‍ സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു ധന്യയുടെ വിശദീകരണം.
സംഭവത്തിനുപിന്നാലെ പ്രചരിച്ച ചില വാര്‍ത്തകളിലും സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങളിലും തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു ധന്യ വീഡിയോയില്‍ പറയുന്നു. ബിയര്‍ കഴിച്ചശേഷമാണ് വാഹനം ഓടിച്ചത്. അതു വലിയ തെറ്റാണ്. ആ സമയം വാഹനമെടുക്കാന്‍ പാടില്ലായിരുന്നു. വാഹനം നിര്‍ത്തിയാല്‍ പരിചയമുള്ള ആളുകള്‍ ശ്രദ്ധിക്കുകയും അതു കൂടുതല്‍ പ്രശ്നമാകുമെന്നും കരുതിയാണ് നിര്‍ത്താതെ പോയത്. ഇപ്പോള്‍ തന്റെ തെറ്റ് പൂര്‍ണമായും മനസിലായിട്ടുണ്ടെന്നും ധന്യ പുതിയ വീഡിയോയില്‍ പറയുന്നു.
സംഭവം രണ്ടു ദിവസം മുമ്പാണ് നടന്നത്. ഇപ്പോഴാണ് അതു വലിയ വാര്‍ത്തയായി പ്രചരിക്കുന്നത്. നിയമനടപടികളെ മാനിക്കും. കേസുമായി ബന്ധപ്പെട്ട് പോലീസ് ആവശ്യപ്പെടുന്ന എല്ലാ നടപടികളോടും സഹകരിക്കും. തന്റെ വാഹനം ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലല്ലെന്നും താന്‍ ഒളിവിലല്ലെന്നും ധന്യ വീഡിയോയില്‍ വ്യക്തമാക്കുന്നു.
മദ്യപിച്ച് അമിതവേഗത്തില്‍ വാഹനം ഓടിച്ചതിനെത്തുടര്‍ന്നാണ് ധന്യക്കെതിരേ പോലീസ് കേസെടുത്തത്. പരിശോധനയ്ക്കിടെ വാഹനം തടയാന്‍ പോലീസ് ശ്രമിച്ചെങ്കിലും നിര്‍ത്താതെ പോയെന്ന ആരോപണവും ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ധന്യ ഡിവൈ.എസ്.പി. ഓഫീസിലെത്തി പോലീസ് അന്വേഷണത്തോട് സഹകരിച്ചിരുന്നു. സംഭവം സാമൂഹികമാധ്യമങ്ങളില്‍ വ്യാപകചര്ച്ചയായതിന് പിന്നാലെയാണ് ധന്യ തുടര്‍ച്ചയായി വിശദീകരണ വീഡിയോകള്‍ പങ്കുവയ്ക്കുന്നത്.






