കേരളത്തിന്റെ ഔദ്യോഗിക ഫലമാണു ചക്ക. ലോകത്തിലെ ഏറ്റവും വലിയ പഴമെന്ന വിശേഷണവും ചക്കയ്ക്കു സ്വന്തം. ഭാരതത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ചക്കയുടെ അന്‍പതു ശതമാനത്തോളം വിളയുന്ന കേരളത്തില്‍ അതിന്റെ നല്ല പങ്കും ഉപയോഗിക്കപ്പെടാതെ പാഴാകുന്നു എന്നതാണ് ദുര്യോഗം. ഇതു സര്‍ക്കാര്‍ ഗൗരവപൂര്‍വം പഠനവിഷയമാക്കേണ്ട കാര്യമാണ്. പരിഹാരവും ഉണ്ടാകണം.
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ അടുത്തിടെ നടന്ന ഒരു പഠനത്തിന്റെ റിപ്പോര്‍ട്ട് ചക്കയെ ഗൗരവത്തിലെടുക്കണമെന്ന ആവശ്യത്തിന് അടിവരയിടുന്നതാണ്. മുന്‍ പ്രിന്‍സിപ്പല്‍ ഡോ.ബി. പത്മകുമാറിന്റെ നേതൃത്വത്തില്‍ അഞ്ചു ഡോക്ടര്‍മാര്‍ അടങ്ങിയ സംഘം നൂറു പ്രമേഹരോഗികളില്‍ നടത്തിയ പഠനത്തില്‍ പുറത്തുവന്ന വിവരം ചക്ക കഴിച്ചവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറഞ്ഞുവെന്നാണ്. കൂടാതെ രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, ൈട്രഗ്ളിസറൈഡ് എന്നിവയിലും കുറവുണ്ടായതായി പഠന റിപ്പോര്‍ട്ട് പറയുന്നു. രാജ്യാന്തര മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ട്, ഈ രംഗത്തു കൂടുതല്‍ ആഴത്തിലുള്ള പഠനം ആവശ്യപ്പെടുന്നുണ്ട്. അതു നടക്കുകയും വേണം.
സമാന്തരമായി പ്രമുഖ ഓങ്കോളജിസ്റ്റ് ഡോ. തോമസ് വര്‍ഗീസ് നടത്തുന്ന പഠനങ്ങളും ഏറെ പ്രതീക്ഷ പകരുന്നതാണ്. കീമോതെറാപ്പിയെടുക്കുന്നവര്ക്കുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ ലഘൂകരിക്കാന്‍ പച്ചച്ചക്കപ്പൊടിക്കു കഴിയുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ സാക്ഷ്യം. പൊണ്ണത്തടി, കരള്‍ രോഗങ്ങള്‍ എന്നിവയ്ക്കും ഇതു ഫലം ചെയ്യുന്നതായ പ്രാഥമിക സൂചനകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം തുടര്‍പഠനം നടത്തിവരികയാണ്. ചക്കയുടെ ഔഷധമൂല്യ സാധ്യതകളിലേക്കാണ് ഇതെല്ലാം വിരല്‍ചൂണ്ടുന്നത്.
ചക്ക ഒരു മികച്ച പ്രമേഹ ഭക്ഷണമാണെന്നു പറയാന്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലെ പഠന റിപ്പോര്‍ട്ട് മാത്രം മതി. പ്രമേഹ ഭക്ഷണമെന്ന പേരില്‍ രോഗികള്‍ കഴിച്ചുവരുന്ന ഗോതമ്പിനേക്കാളും ഓട്സിനേക്കാളുമെല്ലാം അനുയോജ്യമായത് ചക്കതന്നെ എന്നു തിരുവനന്തപുരത്തു ജാക്ഫ്രൂട്ട് പ്രമോഷന് കൗണ്‍സില്‍ നടത്തിയ യോഗത്തില്‍ ഡോ. പത്്മകുമാര്‍ പറഞ്ഞതു കേരളത്തെ സംബന്ധിച്ച് ആശാവഹമാണ്. നമ്മള് പാഴാക്കിക്കളയുന്ന അമൂല്യമായ ഭക്ഷണ പദാര്‍ഥത്തിന് അങ്ങനെയെങ്കിലും ഒരു വില ഉണ്ടാകുമല്ലോ. ചക്ക ആരോഗ്യദായകമായ ഭക്ഷണം എന്ന കാര്യത്തില്‍ തര്‍ക്കമില്ലെങ്കിലും പുതുതലമുറ ഇതിനോട് അകലം പാലിക്കുന്നുവെന്നത് യാഥാര്‍ഥ്യമാണ്. ജീവിതശൈലീ രോഗങ്ങളുടെ തലസ്ഥാനമെന്ന ദുഷ്പേരുള്ള കേരളത്തെ അതില്‍നിന്നു മോചിപ്പിക്കാന്‍ ചക്കയ്ക്കും ഒരു പ്രധാന പങ്കുവഹിക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നതെങ്കില്‍ അതെന്തുകൊണ്ട് കുട്ടികളിലേക്കു പകര്‍ന്നു കൂടാ? ചക്കസദ്യകളിലൂടെയും മറ്റും സ്കൂളുകള്‍ വഴി അവബോധം സൃഷ്ടിക്കാവുന്നതേയുള്ളൂ.
നമ്മള് വെറുതെ കളയുന്ന ചക്കയുടെ കണക്ക് അമ്പരപ്പിക്കുന്നതാണ്. പ്രതിവര്‍ഷം 14.3 ലക്ഷം ടണ്‍ ചക്ക കേരളത്തില്‍ വിളയുന്നുവെന്നാണ് കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. അതില്‍ ഇവിടെ ഉപയോഗിക്കുന്നതു കഷ്ടിച്ച് രണ്ടു ലക്ഷം ടണ്‍മാത്രം. പാഴാക്കിക്കളയുന്ന ചക്കയ്ക്കു കിലോയ്ക്ക് 10 രൂപ പ്രകാരം കണക്കാക്കിയാല്‍ പോലും ഒരു വര്‍ഷം നമ്മുടെ വരുമാന നഷ്ടം ഏകദേശം 1200 കോടി വരും.
സീസണല്‍ ഭക്ഷ്യവിളയായ ചക്ക സംഭരിച്ചു ശീതീകരിണിയില്‍ സൂക്ഷിക്കുന്നതിനും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കി ആഭ്യന്തര വിദേശ വിപണികളില്‍ എത്തിക്കുന്നതിനും കര്‍ഷകരെ സഹായിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനും സഹായിക്കാനാകും. ആ സാധ്യതയും പ്രയോജനപ്പെടുത്തണം. വേണ്ടവിധം കണ്ടറിഞ്ഞ് ഉപയോഗിച്ചാല്‍ ചക്ക കേരളത്തിനു പ്രധാന വരുമാന സ്രോതസാകുമെന്നതില് സംശയം വേണ്ട.
നമ്മുടെ തനതായ പ്ലാവിനങ്ങളുടെ കൃഷി വ്യാപനത്തിനും പദ്ധതി വേണം. കേരളത്തിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും ഏറ്റവും അനുയോജ്യമായ ഫലവൃക്ഷമാണ് പ്ലാവ്. അറിഞ്ഞു പരിപാലിച്ചാല്‍ അത് സമ്പൂര്‍ണ ഔഷധക്കലവറയും നല്ല വരുമാന മാര്‍ഗവുമാണ് എന്നു മനസിലാകും. മറ്റു മരങ്ങളെ അപേക്ഷിച്ച് കൂടുതല്‍ കാര്‍ബണ്‍ ഡയോക്സൈഡ് വലിച്ചെടുത്ത് ഓക്സിജന്‍ പുറന്തള്ളുന്നുവെന്ന യോഗ്യതയും പ്ലാവിനെ കൂടുതല്‍ സ്വീകാര്യമാക്കാനുള്ള കാരണങ്ങളില്‍പെടും. വളമോ കീടനാശിനി പ്രയോഗമോ ഇല്ലാതെ വിളവെടുക്കാമെന്നതിനാല്‍ പ്ലാവില്‍നിന്നു കിട്ടുന്ന ചക്കയോളം സുരക്ഷിതമായ പച്ചക്കറിയോ ഫലമോ വേറെയുണ്ടോ എന്നും സംശയം.
കുമ്മനം രാജശേഖരന്




