
ഡള്ളാസ്: ഓസ്ട്രേലിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ഈജിപ്ത് ലോകകപ്പ് നോക്കൗട്ട് ഘട്ടത്തില്‍ തങ്ങളുടെ ചരിത്രത്തിലെ ആദ്യ വിജയം സ്വന്തമാക്കി. ഓസ്ട്രേലിയന്‍ പ്രതിരോധ താരം ഹാരി സൗട്ടറും 18 കാരനായ ലൂക്കാസ് ഹെറിംഗ്ടണും തങ്ങളുടെ അവസരങ്ങള്‍ പാഴാക്കിയതോടെ ഷൂട്ടൗട്ടില്‍ ഈജിപ്ത് 4-2 ന് വിജയം പിടിച്ചെടുത്തു.
ഈജിപ്തിനായി സൂപ്പര്‍താരം മുഹമ്മദ് സലാ ഒരു പാനെങ്കകിക്കിലൂടെ വലയനക്കിയപ്പോള് പ്രതിരോധ താരം ഹൊസ്സാം അബ്ദുല്‍ മജീദ് നിര്‍ണായകമായ വിന്നിംഗ് ഷോട്ട് ഉതിര്‍ത്തു. 1934-ന് ശേഷമുള്ള തങ്ങളുടെ ആദ്യ നോക്കൗട്ട് മത്സരത്തില്‍, കളിക്ക് വിപരീതമായി ഡാളസ് സ്റ്റേഡിയത്തില്‍ ഈജിപ്താണ് ആദ്യം ലീഡ് എടുത്തത്. 13-ാം മിനിറ്റില്‍ കരീം ഹഫീസ് വലതുവശത്ത് നിന്ന് നല്കിയ ക്രോസ്, മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ഇമാം അഷൂര്‍ ഒരു പവര്‍ഫുള്‍ ഹെഡ്ഡറിലൂടെ പാട്രിക് ബീച്ചിനെ മറികടന്ന് ഗോളാക്കി മാറ്റി.
ഈ ടൂര്‍ണമെന്റിലെ അദ്ദേഹത്തിന്റെ രണ്ടാമത്തെ ഗോളായിരുന്നു ഇത്. അഞ്ചാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ വോള്‍പാറ്റോ ബോക്സിന് വെളിയില്‍ നിന്ന് എടുത്ത 25 വാര അകലെയുള്ള ഷോട്ട് ക്രോസ്ബാറിന്റെ മുകളില്‍ തട്ടി തെറിച്ചു പോയില്ലായിരുന്നെങ്കില്‍ ഓസ്ട്രേലിയയുടെ കഥ മറ്റൊന്നാകുമായിരുന്നു. ആദ്യം ഗോള്‍ വഴങ്ങിയതിന് ശേഷമുള്ള കഴിഞ്ഞ 15 ലോകകപ്പ് മത്സരങ്ങളില്‍ ഒന്നില്‍ മാത്രം വിജയിച്ച ചരിത്രമുള്ള സോക്കറൂസിന് (ഓസ്ട്രേലിയ) മുന്നിലുള്ളത് കഠിനമായ ദൗത്യമായിരുന്നു.
കളി സമനിലയിലാക്കാന്‍ അവര്‍ക്ക് അവസരങ്ങള്‍ ലഭിച്ചിരുന്നു. അതില്‍ ഏറ്റവും മികച്ച അവസരം വന്നത് ആദ്യ പകുതി അവസാനിക്കാന്‍ ഒമ്പത് മിനിറ്റ് ബാക്കിയുള്ളപ്പോഴാണ്. ഒരു സെറ്റ്-പീസിന് പിന്നാലെ ബോക്സിനുള്ളില്‍ അസീസ് ബെഹിച്ചിന് പന്ത് ലഭിച്ചു. എന്നാല്‍ മെല്‍ബണ്‍ സിറ്റി പ്രതിരോധ താരത്തിന്മോസ്തഫ ഷൊബീറിനെ മറികടന്ന് പന്ത് വലയിലെത്തിക്കാന്‍ കഴിഞ്ഞില്ല. രണ്ടാം പകുതി ആരംഭിച്ച് 10 സെക്കന്‍ഡുകള്‍ക്കകം മാഞ്ചസ്റ്റര്‍ സിറ്റി ഫോര്‍വേഡ് ഒമര്‍ മര്മൂഷിന് ഈജിപ്തിന്റെ ലീഡ് ഇരട്ടിയാക്കാന്‍ ഒരു സുവര്‍ണ്ണാവസരം ലഭിച്ചെങ്കിലും, വണ്‍-ഓണ്‍-വണ്‍ അവസരത്തില്‍ ഷോട്ട് പുറത്തേക്ക് പോയി.
ആ മിസ്സിന് 10 മിനിറ്റുകള്‍ക്ക് ശേഷം അവര്‍ക്ക് വില നല്‍കേണ്ടി വന്നു. ഇടതുവശത്ത് നിന്ന് എയ്ഡന്‍ ഒ നീല്‍ എടുത്ത ഫ്രീ കിക്ക് ഈജിപ്ഷ്യന്‍ പ്രതിരോധ താരം മുഹമ്മദ് ഹാനി സ്വന്തം വലയിലേക്ക് തിരിച്ചുവിട്ടു. ഇതോടെ ഒരു ലോകകപ്പ് ടൂര്‍ണമെന്റില്‍ രണ്ട് ഓണ്‍ ഗോളുകള്‍ വഴങ്ങുന്ന ചരിത്രത്തിലെ രണ്ടാമത്തെ മാത്രം കളിക്കാരനായി ഹാനി മാറി. കൂടാതെ, ഇത് ഈ ലോകകപ്പിലെ 13-ാമത്തെ ഓണ്‍ ഗോള്‍ കൂടിയായിരുന്നു, 2018-ലെ 12 ഓണ്‍ ഗോളുകള്‍ എന്ന റെക്കോര്‍ഡ് ഇതോടെ മറികടക്കപ്പെട്ടു.
കളിയുടെ അവസാന നിമിഷങ്ങളിലെ ഒരു വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടാണ് ഓസ്ട്രേലിയ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീട്ടിയത്. 94-ാം മിനിറ്റില്‍ സലാ നല്കിയ മികച്ചൊരു ക്രോസില്‍ റാമി റാബിയ തൊടുത്ത തകര്‍പ്പന്‍ ഹെഡ്ഡര്‍, ഓസ്ട്രേലിയന്‍ ഗോള്‍കീപ്പര്‍ ബീച്ച് വായുവില്‍ അദ്ഭുതകരമായി തിരിഞ്ഞ് ഇടതുകൈ കൊണ്ട് തട്ടിയകറ്റുകയായിരുന്നു. എക്സ്ട്രാ ടൈമിന് ശേഷവും കടുത്ത പോരാട്ടം സമനിലയില്‍ അവസാനിച്ചതോടെ കളി ഷൂട്ടൗട്ടിലേക്ക് നീങ്ങി, അവിടെ ഈജിപ്ത് തങ്ങളുടെ നിയന്ത്രണം കൈവിട്ടില്ല.
പെനാല്‍റ്റി ഷൂട്ടൗട്ട് ലക്ഷ്യമിട്ട് എക്സ്ട്രാ ടൈമിന്റെ അവസാനത്തില്‍ ഓസ്ട്രേലിയ ഗോള്‍കീപ്പര്‍ ബീച്ചിന് പകരം പരിചയസമ്പന്നനായ മാറ്റ് റയാനെ ഇറക്കിയിരുന്നു. എന്നാല്‍ മുന്‍ ബ്രൈറ്റണ് ഗോള്‍കീപ്പര്‍ക്ക് ഒരു സേവ് പോലും നടത്താനായില്ല. മഹ്മൂദ് സാബര്‍, റാബിയ, സലാ, ഒടുവില്‍ അബ്ദുല്‍ മജീദ് എന്നിവരിലൂടെ ഈജിപ്ത് തങ്ങളുടെ പെനാല്‍റ്റികള്‍ എല്ലാം ലക്ഷ്യത്തിലെത്തിച്ചു.
ഓസ്ട്രേലിയക്ക് വേണ്ടി ആദ്യ കിക്കെടുത്ത സൗട്ടര്‍ പോസ്റ്റിന് മുകളിലൂടെ പറത്തിയപ്പോള്‍ ഹെറിംഗ്ടണിന്റെ കിക്ക് ബാറിലിടിച്ചു തെറിച്ചു. ഓസ്ട്രേലിയക്കായി ജാക്സണ് ഇര്വിന്, അവെര്‍ മാബില്‍ എന്നിവര്‍ മാത്രമാണ് പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചത്. ഈജിപ്ത് അവസാന 16-ല്‍ ആയതോടെ, ഒരു ലോകകപ്പില്‍ രണ്ട് ആഫ്രിക്കന്‍ രാജ്യങ്ങള്‍ നോക്കൗട്ട് മത്സരം ജയിക്കുന്ന ആദ്യത്തെ സംഭവമായി ഇത് മാറി. വരുന്ന ആഴ്ച അറ്റ്ലാന്റയില്‍ കേപ് വെര്‍ദേയോട് രക്ഷപ്പെട്ട അര്ജന്റനയാണ് 16 ല്‍ ഈജിപ്തിന്റെ എതിരാളികള്‍.






