
മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ മെക്സിക്കോയെ നേരിടാനൊരുങ്ങുന്ന ഇംഗ്ലണ്ട് ടീമിന് പ്രത്യേക അനുമതിയുമായി പരിശീലകൻ തോമസ് ടുഹൽ. ജൂലൈ 6ന് മെക്സിക്കോ സിറ്റിയിലെ അക്ക സ്റ്റേഡിയത്തിൽ നടക്കുന്ന നിർണായക നോക്കൗട്ട് മത്സരത്തിന് മുന്നോടിയായി, താരങ്ങൾക്ക് വയാഗ്ര ഉപയോഗിക്കാമെന്നാണ് ടുഹൽ അനുമതി നൽകിയിരിക്കുന്നത്.
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 7,350 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മെക്സിക്കോ സിറ്റിയിലെ അന്തരീക്ഷം താരങ്ങൾക്ക് അധിക ക്ഷീണവും ഓക്സിജൻ കുറവിന്റെ ബുദ്ധിമുട്ടുകളും ഉണ്ടാക്കാൻ സാധ്യതയുള്ളതിനാലാണ് ഈ തീരുമാനം. രക്തക്കുഴലുകൾ വികസിപ്പിച്ച് രക്തയോട്ടം മെച്ചപ്പെടുത്താൻ വയാഗ്ര സഹായിക്കുന്നതിനാൽ ഉയർന്ന പ്രദേശങ്ങളിലെ ശാരീരിക വെല്ലുവിളികൾ കുറയ്ക്കാൻ ഇത് ഉപകരിക്കുമെന്നാണ് വിലയിരുത്തൽ.
വയാഗ്ര ലോക ഉത്തേജക വിരുദ്ധ ഏജൻസി (WADA) നിരോധിച്ച മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ, മത്സരം മുന്നിൽ കണ്ടുള്ള ഉപയോഗത്തിന് നിയമപരമായ തടസ്സവുമില്ല.
അതേസമയം, മെക്സിക്കോയ്ക്ക് ശക്തമായ റെക്കോർഡുള്ള വേദിയാണ് അക്ക സ്റ്റേഡിയം. ഇവിടെ കളിച്ച 89 മത്സരങ്ങളിൽ രണ്ട് തവണ മാത്രമാണ് ആതിഥേയർ പരാജയം ഏറ്റുവാങ്ങിയത്. നിലവിലെ ലോകകപ്പിലും നാല് മത്സരങ്ങളും വിജയിച്ചാണ് മെക്സിക്കോ പ്രീക്വാർട്ടറിലെത്തിയത്.
ഇംഗ്ലണ്ടാകട്ടെ, പ്രീക്വാർട്ടർ ടിക്കറ്റ് സ്വന്തമാക്കിയത് ഡിആർ കോംഗോയെ 2-1ന് കീഴടക്കിയ ശേഷമാണ്. ഒരു ഗോളിന് പിന്നിലായിരുന്ന മത്സരത്തിൽ നായകൻ ഹാരി കെയ്നിന്റെ ഇരട്ടഗോളാണ് ഇംഗ്ലണ്ടിന് വിജയമൊരുക്കിയത്.






