
തിരുവനന്തപുരം: അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന കൊറോ ഹെൽത്ത് എന്ന ഐ ടി/മെഡിക്കൽ കോഡിംഗ് കമ്പനി മുൻകൂർ നോട്ടീസ് ഇല്ലാതെ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ട നടപടിയിൽ സംസ്ഥാന തൊഴിൽ വകുപ്പ് അടിയന്തരമായി ഇടപെടണമെന്ന് ഡിവൈഎഫ്ഐ.
കൊച്ചി പാലാരിവട്ടം ഓഫീസിൽ നിന്ന് ഏകദേശം 600 പേരെയും കോഴിക്കോട് ഓഫീസിൽ നിന്ന് 200 ഓളം പേരെയുമാണ് കൊറോ ഹെൽത്ത് പിരിച്ച് വിട്ടതെന്നാണ് ഡിവൈഎഫ്ഐ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. യുവജനങ്ങളുടെയും അവരുടെ കുടുംബങ്ങളുടെയും ഉപജീവനത്തെ നേരിട്ട് ബാധിക്കുന്ന ഈ വിഷയത്തിൽ സംസ്ഥാന സർക്കാരും തൊഴിൽ വകുപ്പും അടിയന്തരമായി ഇടപെടണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.
'സാധാരണ ദിവസത്തെപ്പോലെ ജോലിക്കെത്തിയ ജീവനക്കാരെ ഒരുമിച്ച് വിളിച്ചുകൂട്ടി കേരളത്തിലെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് അറിയിക്കുകയും ഉടൻ തന്നെ അവരുടെ കമ്പ്യൂട്ടർ, ഔദ്യോഗിക അക്കൗണ്ടുകൾ എന്നിവയിലേക്കുള്ള പ്രവേശനം റദ്ദാക്കുകയും ചെയ്തു. പിരിച്ചുവിടലിന് മുമ്പ് യാതൊരു മുന്നറിയിപ്പോ ഔദ്യോഗിക വിശദീകരണമോ ജീവനക്കാരുമായി കൂടിയാലോചനയോ ഉണ്ടായിരുന്നില്ലെ'ന്നും ഡിവൈഎഫ്ഐ ആരോപിക്കുന്നു.
പിരിച്ചുവിടൽ നടപടിയുടെ നിയമസാധുത പരിശോധിക്കുകയും, തൊഴിൽ നിയമങ്ങൾ ലംഘിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കണം. തൊഴിലാളികളുടെ തൊഴിൽ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുന്നതിന് സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ഡിവൈഎഫ് ആവശ്യപ്പെട്ടു.






