
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതന് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചു. വധശ്രമ കേസിലും അറസ്റ്റുചെയ്യാൻ വീട്ടിൽ എത്തിയ പൊലീസിനെ ആക്രമിച്ച കേസിലുമാണ് ജാമ്യം നിഷേധിച്ചത്. തിരുവനന്തപുരം നഗരസഭയിലെ വാഴോട്ടുകോണം വാർഡ് കൗൺസിലറാണ് സുഗതൻ.
വട്ടിയൂർക്കാവിനടുത്തുള്ള വെള്ളൈക്കടവ് ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിന്റെ ഭാഗമായ സുഗതനെതിരെ വധശ്രമത്തിനു കേസെടുത്തിരുന്നു. കേസിൽ ജമ്യം ലഭിക്കാതിരുന്നതിനാൽ വട്ടിയൂർക്കാവ് പൊലീസിനു മുന്നിൽ ഹാജരാകേണ്ടതായിരുന്നു. എന്നാൽ ഹാജരാവാതിരുന്നതു കാരണം കഴിഞ്ഞ മാസം സംഘർഷഭരിതമായ അന്തരീക്ഷത്തിൽ സുഗതനെ വീട്ടിൽ കയറി അറസ്റ്റുചെയ്യുകയായിരുന്നു. പൊലീസ് വെടിയുതിർത്ത് അതീവ ഗുരുതരമായ അന്തരീക്ഷത്തിലായിരുന്നു അറസ്റ്റ് നടത്തിയത്. ഈ സമയം സുഗതൻ പൊലീസിനെ ആക്രമിച്ചു എന്നതാണ് മറ്റൊരു കേസ്.
നിലവിൽ ജയിലിൽ കഴിയുന്ന സുഗതന് കോർപ്പറേഷൻ കൗൺസിലിൽ ഇതുവരെ ഹാജരാകാൻ സാധിച്ചിട്ടില്ല. നെടുമങ്ങാട്, വട്ടിയൂർക്കാവ് എന്നീ പൊലീസ് സ്റ്റേഷനുകളിലായി വധശ്രമം, കലാപശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നിവയുൾപ്പെടെ പത്തൊൻപതോളം ക്രിമിനൽ കേസുകൾ സുഗതനെതിരെയുണ്ട്.






