
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനെതിരായ അവിശ്വാസപ്രമേയവുമായി ബന്ധപ്പെട്ട് യുഡിഎഫിന് പിന്തുണ നൽകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന സൂചന നൽകി സിപിഐഎം നേതാവ് വി. ശിവൻകുട്ടി. യുഡിഎഫിനൊപ്പം ചേരാൻ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെങ്കിലും, അത്തരമൊരു കാര്യത്തെക്കുറിച്ച് ആലോചിക്കേണ്ട സാഹചര്യമാണിപ്പോഴുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്ക് ആ കസേരയിൽ എല്ലാക്കാലവും തുടരാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നഗരസഭയ്ക്കെതിരായ പ്രതിഷേധ പരിപാടിയിൽ സംസാരിക്കവെ, കൗൺസിൽ ഹാളിൽ മുൻ മേയർമാരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും നിലവിലെ മേയറുടെ ചിത്രം അഞ്ച് വർഷം പൂർത്തിയാക്കി അവിടെ ഇടംപിടിക്കില്ലെന്നും വി. ശിവൻകുട്ടി വിമർശിച്ചു.
അതേസമയം, എൽഡിഎഫ് പിന്തുണ നൽകില്ലെന്ന് വ്യക്തമാക്കിയതിനെ തുടർന്ന് ഇന്ന് അവിശ്വാസപ്രമേയം അവതരിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് യുഡിഎഫ് പിന്മാറി.
ബിജെപി കൗൺസിലർ ആർ. സുഗതൻ കാപ്പാ കേസിൽ അറസ്റ്റിലായതും സത്യപ്രതിജ്ഞയെ ചൊല്ലിയുണ്ടായ വിവാദവും പിന്നാലെയാണ് കോർപ്പറേഷൻ ഭരണസമിതിക്കെതിരെ യുഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചത്. എന്നാൽ എൽഡിഎഫിന്റെ പിന്തുണ ലഭിക്കാത്തതിനാൽ പ്രമേയം അവതരിപ്പിക്കാൻ ആവശ്യമായ മൂന്നിലൊന്ന് അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ കഴിയാതെ വന്നതോടെയാണ് യുഡിഎഫ് നീക്കത്തിൽ നിന്ന് പിന്മാറിയത്.






