ലണ്ടന്‍: വൈഭവ് സൂര്യംവശിക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റം. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ മലയാളി താരം സഞ്‌ജു സാംസണിന്റെ പകരക്കാരനായാണു 15 വയസുകാരന്‍ വൈഭവ് സൂര്യവംശി രാജ്യാന്തര ക്രിക്കറ്റില്‍ ആദ്യ മത്സരം കളിച്ചത്‌്.
ഇന്ത്യക്കായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡാണു വൈഭവ് കുറിച്ചത്. മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ റെക്കോഡാണു വൈഭവ് തിരുത്തിയത്. 16-ാം വയസിലാണു സച്ചിന്‍ ഇന്ത്യക്കായി ആദ്യ മത്സരം കളിച്ചത്‌്. ജോഷ് ടങിന്റെ പന്താണ് ആദ്യമായി നേരിട്ടത്. ആദ്യ രണ്ട് പന്തുകളിലും റണ്ണെടുക്കാനായില്ല. മൂന്നാം പന്തില്‍ ഒരു റണ്‍ ഓടിയെടുത്ത് അക്കൗണ്ട് തുറന്നു. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്ത് തന്നെ സിക്‌സറടിച്ച് വരവറിയിച്ചു. ടങിന്റെ അടുത്ത ഓവറിലെ ആദ്യ പന്തും സിക്‌സറടിച്ചു. വില്‍ ജാക്‌സ് എറിഞ്ഞ അഞ്ചാം ഓവറില്‍ ലക്ഷ്യം പിഴച്ചു. ചാടിയിറങ്ങിയ വൈഭവിനെ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്‌ലര്‍ സ്‌റ്റമ്പ് ചെയ്‌തു. 10 പന്തില്‍ രണ്ട് സിക്‌സറടക്കം 14 റണ്ണുമായി മടക്കം. തിലക് വര്‍മയാണു വൈഭവിന് ക്യാപ് നല്‍കിയത്.





