
മയാമി: ഫുട്‌ബോള്‍ ലോകകപ്പ് പ്രീ ക്വാര്‍ട്ടറിലെത്തിയതോടെ മത്സരങ്ങള്‍ക്ക് ആവേശവും ചടുലതയുമായി. ശനിയാഴ്‌ച പുലര്‍ച്ചെയോടെ നോക്കൗട്ട് മത്സരങ്ങള്‍ അവസാനിച്ചു.
കേപ് വെര്‍ദേയുടെ പോരാട്ടം അതിജീവിച്ച നിലവിലെ ചാമ്പ്യന്‍ അര്‍ജന്റീനയും (3-2) ഘാനയെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ച കൊളംബിയയുമാണ് അവസാനം നോക്കൗട്ട് കടന്നത്.
മറ്റു മത്സരങ്ങളില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് 2-0 ത്തിന് അള്‍ജീരിയയെയും ഈജിപ്‌ത് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഓസ്‌ട്രേലിയയെയും (4-2) മറികടന്നു. ഇന്ത്യന്‍ സമയം ചൊവ്വാഴ്‌ച വൈകിട്ട് 9.30 മുതല്‍ നടക്കുന്ന പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീന ഈജിപ്‌തിനെയും പുലര്‍ച്ചെ 1.30 മുതല്‍ നടക്കുന്ന മത്സരത്തില്‍ കൊളംബിയ സ്വിറ്റ്‌സര്‍ലന്‍ഡിനെയും നേരിടും. നാളെ പുലര്‍ച്ചെ 12.30 മുതല്‍ നടക്കുന്ന മത്സരത്തില്‍ പോര്‍ചുഗല്‍ സ്‌പെയിനെയും 5.30 മുതല്‍ നടക്കുന്ന മത്സരത്തില്‍ യു.എസ്.എ. ബെല്‍ജിയത്തെയും നേരിടും.
കന്‍സാസ് സിറ്റി സ്‌റ്റേഡിയത്തില്‍ ഘാനയ്‌ക്കെതിരേ നടന്ന മത്സരത്തില്‍ കൊളംബിയയ്‌ക്കു വേണ്ടി ജോണ്‍ അരിയാസാണു ഗോളടിച്ചത്. 14-ാം മിനിറ്റിലായിരുന്നു ഗോള്‍. ലൂയിസ് സുവാരസിന്റെ കിടിലന്‍ അസിസ്‌റ്റിലായിരുന്നു ഗോള്‍. കളിയുടെ 62 ശതമാനം സമയത്തും പന്ത് കൊളംബിയന്‍ താരങ്ങളുടെ പക്കലായിരുന്നു.
ഘാനക്കാര്‍ക്ക് ഗോളിലേക്ക് ഒരു ഷോട്ട് പോലും പായിക്കാനായില്ല. അര്‍ലിങ്‌ടണിലെ ഡാളസ് സ്‌റ്റേഡിയത്തില്‍ ഈജിപ്‌തും ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന മത്സരം മുഴുവന്‍ സമയത്തും അധിക സമയത്തും 1-1 നു സമനിലയായതിനാലാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീങ്ങിയത്. ഇമാം അഷൗറിലൂടെ 13-ാം മിനിറ്റില്‍ ഈജിപ്‌ത് മുന്നിലെത്തിയിരുന്നു. 55-ാം മിനിറ്റില്‍ മുഹമ്മദ് ഹാനി വഴങ്ങിയ സെല്‍ഫ് ഗോള്‍ അവര്‍ക്കു തിരിച്ചടിയായി. ഷൂട്ടൗട്ടില്‍ ഹാരി സൗട്ടര്‍, ലൂകാസ് ഹെറിങ്‌ടണ്‍ എന്നിവര്‍ക്കു പിഴച്ചു. ജാക്ക്‌സണ്‍ ഇര്‍വിന്‍, ആവേര്‍ മാബ്‌ലി എന്നിവര്‍ മാത്രമാണു ഗോളടിച്ചത്. മയാമി സ്‌റ്റേഡിയത്തില്‍ അധിക സമയത്തേക്കു നീണ്ട നടന്ന മത്സരത്തിലാണ് അര്‍ജന്റീനയുടെ ജയം. ലയണല്‍ മെസി, ലിസാന്‍ഡ്രോ മാര്‍ട്ടിനസ് എന്നിവര്‍ ചാമ്പ്യന്‍മാര്‍ക്കായി ഗോളടിച്ചു. ഡിറോയ് ഡുയാര്‍ട്ടെ, സിഡ്‌നി ലോപസ് കാബ്രാല്‍ എന്നിവരുടെ ഗോളുകളാണ് അര്‍ജന്റീനയെ വിറപ്പിച്ചത്‌്.
111-ാം മിനിറ്റില്‍ ഡിനെ വഴങ്ങിയ സെല്‍ഫ് ഗോള്‍ വെര്‍ദെയുടെ പോരാട്ടം അവസാനിപ്പിച്ചു. ലോക ചാമ്പ്യന്‍മാരുടെ മുന്നേറ്റങ്ങളെ ശക്‌തമായി പ്രതിരോധിക്കുന്ന കേപ് വെര്‍ദെയാണു തുടക്കം മുതല്‍ കണ്ടത്. എട്ട് സേവുകളുമായി 40 വയസുകാരന്‍ ഗോള്‍ കീപ്പര്‍ വൊസീഞ്ഞ്യയും മെസി ഉള്‍പ്പെടെയുള്ള വമ്പന്‍മാരുടെ ഗോള്‍ ശ്രമങ്ങള്‍ തടഞ്ഞു. റയാന്‍ മെന്‍ഡസ് ഉള്‍പ്പെടെയുള്ളവരുടെ ഗോളെന്നുറച്ച ഷോട്ടുകള്‍ തടഞ്ഞ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസും അര്‍ജന്റീനയുടെ രക്ഷക്കെത്തി. ഏഴാം മിനിറ്റില്‍ തന്നെ റയാന്‍ മെന്‍ഡസ് അര്‍ജന്റീന ബോക്‌സിലെത്തി. ഗോളെന്നുറച്ച ഷോട്ടിനെ എമിലിയാനോ മാര്‍ട്ടിനസ് രക്ഷപ്പെടുത്തി. 15-ാം മിനിറ്റ് മുതല്‍ വെര്‍ദെ ബോക്‌സില്‍ പന്തെത്തി. മെസിയുടെ ബോക്‌സിനു പുറത്തു നിന്നുള്ള ഫ്രീകിക്ക് ഗോള്‍ കീപ്പര്‍ വോസീഞ്ഞ്യ തകര്‍പ്പനായി രക്ഷപ്പെടുത്തി. 28-ാം മിനിറ്റില്‍ പ്രതിരോധം പൊളിച്ച് മെസി ഗോളടിച്ചു. കേപ് പ്രതിരോധനിരയ്‌ക്ക് മുകളിലൂടെ ലൗട്ടേറ മാര്‍ട്ടിനസ് നല്‍കിയ പാസ് ഓടിയെത്തി നിയന്ത്രണത്തിലാക്കിയ മെസി ഉഗ്രന്‍ ഷോട്ടിലൂടെ വലകുലുക്കി.
വോസീഞ്ഞ്യയുടെ തലയ്‌ക്ക് മുകളിലൂടെ പന്ത് വലയിലേക്കിട്ടു. മെസിയുടെ ഈ ലോകകപ്പിലെ ഏഴാം ഗോളായിരുന്നു അത്. ഒന്നാം പകുതിയില്‍ ഒരു ഗോളിന്റെ ലീഡ് നിലനിര്‍ത്താന്‍ അര്‍ജന്റീനയ്‌ക്കായി. കളി ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ആരാധകരെ ഞെട്ടിച്ച് ഡിറോയ് ഡുയാര്‍ട്ടെ സമനില ഗോളടിച്ചു. വലതുവിങ്ങില്‍നിന്നു റയാന്‍ മെന്‍ഡെസ് നല്‍കിയ പാസ് ബോക്‌സിനുള്ളില്‍ മാര്‍ക്ക് ചെയ്യാതിരുന്ന ഡെറോയ് ഉഗ്രന്‍ ഷോട്ടിലൂടെ വലകുലുക്കി.
അതോടെ അര്‍ജന്റീനയും ആരാധകരും ഞെട്ടി. ഞെട്ടലില്‍നിന്നുണര്‍ന്ന തിരിച്ചടിക്കാനായി അര്‍ജന്റീന മുന്നേറ്റം ശക്‌തമാക്കി. പക്ഷേ വോസീഞ്ഞ്യയും പ്രതിരോധവും ഉറച്ചുനിന്നു. 71-ാം മിനിറ്റില്‍ മെസിയെ ഫൗള്‍ ചെയ്‌തതിന് ഫ്രീകിക്ക്. മെസിയുടെ ഫ്രീ കിക്ക് വോസീഞ്ഞ്യ അവിശ്വസനീയമായി തട്ടിയകറ്റി. ഇഞ്ചുറി ടൈമില്‍ ലഭിച്ച ഫ്രീകിക്കും ലക്ഷ്യത്തിലെത്താതെ പോയതോടെ മത്സരം അധിക സമയത്തേക്ക്. അധിക സമയത്ത് അര്‍ജന്റീന ആരാധകരുടെ നെഞ്ചിടിപ്പേറ്റി വെര്‍ദെ താരങ്ങള്‍ മുന്നേറ്റം തുടര്‍ന്നു. 92-ാം മിനിറ്റില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനസ് ഗോളടിച്ചത് ആശ്വാസമായി. പക്ഷേ ആശ്വാസ നെടുവീര്‍പ്പുകള്‍ക്ക് മിനിറ്റുകളുടെ ആയുസായിരുന്നു. ഇടതുവിങ്ങില്‍നിന്നു മുന്നേറിയ യാനിക് സെമെഡോ സിഡ്‌നി ലോപസിനെ ലാക്കാക്കി മറിച്ചു നല്‍കി. ലോപസിന്റെ അളന്നു മുറിച്ച ഷോട്ട് എമിലിയാനോ മാര്‍ട്ടിനസിനെ മറികടന്ന് ബോക്‌സിന്റെ മൂലയിലേക്ക്. മയാമി സ്‌റ്റേഡിയം ഒരുവട്ടം കൂടി നിശബ്‌ദമായി. എണ്ണത്തില്‍ കുറവായ കേപ് വെര്‍ദെ ആരാധകര്‍ക്ക് ആഹ്ലാദം ഒതുക്കി നിര്‍ത്താനുമായില്ല.
അധിക സമയത്തിന്റെ ഒന്നാം പകുതി 2-2 ന് അവസാനിച്ചു. 111-ാം മിനിറ്റില്‍ അര്‍ജന്റീനയെ സെല്‍ഫ് ഗോള്‍ സഹായിച്ചു. മെസിയുടെ കോര്‍ണറിനെ ക്രിസ്‌റ്റ്യന്‍ റൊമേറോയുടെ ഹെഡറിലൂടെ കേപ് വലയിലെത്തിച്ചു. പന്ത് ഡിനെ ബോര്‍ഗസിന്റെ ദേഹത്ത് തട്ടിയതിനാല്‍ സെല്‍ഫ് ഗോളായി.





