
കന്നി ഫുട്ബോള്‍ ലോകകപ്പ് കളിക്കുന്ന കേപ് വെര്‍ദെ നോക്കൗട്ട് വരെയെത്തിയതിനു കാരണം 40 വയസുകാരനായ ഗോള്‍ കീപ്പര്‍ ജോസിമര്‍ ഹൊസെ ഇവോറ ഡിയാസ് എന്ന വോസീഞ്ഞ്യ. സ്പെയിന്, യുറുഗ്വേ, സൗദി അറേബ്യ എന്നിവര്‍ക്കു പിന്നാലെ ലോക ചാമ്പ്യന്‍ അര്‍ജന്റീനയും വോസീഞ്ഞ്യയുടെ കരുത്തറിഞ്ഞു.
മത്സരത്തിനു ശേഷം ലയണല്‍ മെസിയാണു വോസീഞ്ഞ്യയെ ആദ്യം കാണാനെത്തിയത്. ഫിഫ റാങ്കിങ്ങില്‍ അര്‍ജന്റീന ഒന്നാമതും കേപ് വെര്‍ദെ 64-ാമതുമാണ്. റാങ്കിങ്ങില്‍ ഒപ്പത്തിനൊപ്പം നില്ക്കുന്ന രണ്ട് ടീമുകള്‍ തമ്മിലുള്ള മത്സരം പോലെയായിരുന്നു ഏറ്റുമുട്ടല്‍.
മെസിയും വോസീഞ്ഞ്യയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് മത്സരത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. 29-ാം മിനിറ്റില്‍ മെസി തന്നെയാണ് അര്‍ജന്റീനയ്ക്കായി ആദ്യം ഗോളടിച്ചത്. ബോക്സിലേക്ക് വന്ന ഒരു പാസ് മിന്നല്‍ വേഗത്തില്‍ മെസി സ്വന്തമാക്കി. പന്ത് നിയന്ത്രണത്തിലാക്കിയ അദ്ദേഹം വോസിഞ്ഞ്യയ്ക്ക് ചിന്തിക്കാന്‍ ഇടനല്‍കാതെ വലയിലാക്കി.
വൊസിഞ്ഞ്യ മുന്നിലില്ലായിരുന്നെങ്കില്‍ മെസിക്ക് കുറഞ്ഞത് രണ്ടോ മൂന്നോ ഗോളുകള്‍ കൂടി നേടാമായിരുന്നു. 63-ാം മിനിറ്റില്‍ ബോക്സിനുള്ളിലേക്ക് കുതിച്ചുപാഞ്ഞ മെസിയെ തടയാന്‍ വെര്‍ദെയുടെ ഒരു പ്രതിരോധ താരം മാത്രമായിരുന്നു. മുന്നോട്ട് കയറിവന്ന വൊസിഞ്ഞ്യ മെസിയുടെ വലംകാലന്‍ ഷോട്ട് ഉജ്വലമായി തടുത്തു.
73-ാം മിനിറ്റില്‍ ബോക്സിന് തൊട്ടുവെളിയില്‍ ലഭിച്ച ഫ്രീകിക്കെടുക്കാന്‍ മെസി ഒരുങ്ങുമ്പോള്‍ കേപ് വെര്‍ദെ പ്രതിരോധ മതിലൊരുക്കിയതായിരുന്നു. ഡിഫെന്‍ഡര്‍മാരെ അമ്പരപ്പിച്ച് മെസി ഇടംകാല് കൊണ്ട് പന്ത് ഗോള്‍വലയുടെ മുകളില്‍ വലത് കോണിലേക്ക് വളച്ചുവിട്ടു. അസാമാന്യമായ ഡൈവിലൂടെ വൊസിഞ്ഞ്യ തട്ടിയകറ്റി. മത്സരത്തില്‍ ആകെ എട്ട് സേവുകളാണ് വൊസിഞ്ഞ്യ നടത്തിയത്. അതില്‍ നാലും മെസിയുടേതാണ്. തട്ടിയകറ്റിയ പന്തുകള്‍ റീബൗണ്ട് ഭീഷണിയായപ്പോഴും അസാധ്യമായ മെയ്വഴക്കത്തോടെ അദ്ദേഹം കാത്തു.






