
വാഷിംഗ്ടൻ: ശനിയാഴ്ച നടന്ന മുൻ ഇറാൻ പരമോന്നത നേതാവിന്റെ വിടവാങ്ങൽ ചടങ്ങിൽ പങ്കെടുത്തവർ കണ്ണീരണിയുന്ന രംഗങ്ങൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വിശ്വസിക്കാൻ സാധിക്കുന്നില്ല. ജനങ്ങൾക്ക് ഖമനേയിയോട് "വെറുപ്പാണെന്നാണ്" താൻ കരുതിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. "ഒരുപക്ഷേ അത് വ്യാജക്കണ്ണീരായിരിക്കാം," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും വിതുമ്പുന്ന രംഗങ്ങളോടായിരുന്നു പ്രതികരണം.
അതേസമയം ഖമനേയിയുടെ സംസ്കാര ചടങ്ങുകൾക്കിടെ, ഇറാനിലെ അവശേഷിക്കുന്ന നേതൃത്വത്തെ കേവലം "ഒരു വെടിവെയ്പിലൂടെ" ഇല്ലാതാക്കാൻ തനിക്ക് കഴിയുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ ഭീഷണി മുഴക്കി. എന്നാൽ, ചർച്ചകൾ നടത്താൻ പിന്നീട് "ആരും അവശേഷിക്കില്ല" എന്നതിനാൽ താൻ അതിന് മുതിരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "അവരെല്ലാവരും അവിടെയുണ്ട്. ഒരൊറ്റ ഷോട്ടിൽ നമുക്ക് അവരെയെല്ലാം ഇല്ലാതാക്കാൻ കഴിയും, എന്നാൽ നമ്മൾ അത് ചെയ്യാൻ പോകുന്നില്ല. കാരണം അതിനുശേഷം ചർച്ച നടത്താൻ നമുക്ക് ആരും ഉണ്ടാകില്ല... ഒരു ഒത്തുതീർപ്പിലെത്താൻ അവർ കെഞ്ചുകയാണ്," ട്രംപ് ആക്സിയോസിനോട് പറഞ്ഞു.
36 വർഷം ഇറാൻ ഭരിച്ച അലി ഖമനേയി ഫെബ്രുവരി 28-ന് നടന്ന യുഎസ്, ഇസ്രായേൽ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. അന്തിമ ചടങ്ങുകളുടെ സമയക്രമത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ മാർച്ച് മുതൽ ശക്തമായിരുന്നു. മരിച്ചയാളെ എത്രയും വേഗം, അതായത് 24 മണിക്കൂറിനുള്ളിൽ അടക്കം ചെയ്യണമെന്നാണ് ഇസ്ലാമിക നിയമം അനുശാസിക്കുന്നതെങ്കിലും, യുദ്ധസാഹചര്യം നിലനിൽക്കുന്നതിനാൽ ഇതിൽ വ്യതിചലനം വരുത്തുകയായിരുന്നു. യുഎസിന്റെ രൂപീകരണത്തിന്റെ 250-മത് വാർഷികമായ ജൂലൈ 4 ആണ് ഖമനേയിയുടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കാൻ ഇറാൻ തിരഞ്ഞെടുത്തത്.
സംസ്കാര ചടങ്ങുകൾക്കായി യുഎസ് ഇറാന് "ഒരാഴ്ചത്തെ ഇടവേള" നൽകിയതായി ട്രംപ് നേരത്തെ പറഞ്ഞിരുന്നു."നമ്മൾ വെനസ്വേലയെ ഒറ്റ ദിവസം കൊണ്ട് തോൽപ്പിച്ചു, ഇറാന്റെ കഥ കഴിച്ചു; പ്രശ്നം ഒത്തുതീർപ്പാക്കാൻ അവർക്ക് കടുത്ത ആഗ്രഹമുണ്ട്. അവർക്ക് എങ്ങനെയെങ്കിലും കരാറിലെത്തണം. നമ്മൾ ദയയുള്ളവരായതുകൊണ്ട് അവർക്ക് സംസ്കാര ചടങ്ങുകൾക്കായി ഒരാഴ്ചത്തെ സമയം നൽകി," എന്നായിരുന്നു ട്രംപിന്റെ അവകാശവാദം. ഖമനേയിയുടെ സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട സംഭവങ്ങൾ അവസാനിക്കുന്നത് വരെ ചർച്ചകളിൽ നിന്ന് ഒരാഴ്ചത്തെ ഇടവേള എടുക്കാൻ ഇരുപക്ഷവും തീരുമാനിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. ഈ സമയത്തിനിടയിൽ ഇരുവിഭാഗവും പരസ്പരം ആക്രമിക്കില്ലെന്നും ട്രംപ് പറഞ്ഞു.
സംസ്കാര ചടങ്ങുകളുടെ ഭാഗമായി ജൂലൈ 7-ന് ടെഹ്റാനിന് തെക്കുള്ള വിശുദ്ധ നഗരമായ കോമിലും മറ്റ് മതപരമായ ചടങ്ങുകളും നടക്കും. ജൂലൈ 9-ന് വടക്കുകിഴക്കൻ വിശുദ്ധ നഗരമായ മഷാദിലുള്ള ഖമനേയിയുടെ ജന്മനാട്ടിൽ ഭൗതികശരീരം അടക്കം ചെയ്യുന്നതോടെ ചടങ്ങുകൾ സമാപിക്കും.






