
തിരുവനന്തപുരം: ഊരാളുങ്കൽ സർവീസ് സൊസൈറ്റി യുഡിഎഫ് സർക്കാരിന്റെ ‘ഗുഡ് ബുക്കിൽ’ ഇടം നേടിയതോടെ ടെണ്ടർ ഇല്ലാതെ കരാർ എടുക്കുന്നതിനുള്ള അനുമതി നീട്ടി നൽകി. ഊരാളുങ്കൽ അടക്കം 46 ഏജൻസികൾക്ക് അനുമതി നീട്ടി നൽകിയിട്ടുണ്ട് എങ്കിലും പ്രതിപക്ഷത്തിരുന്നപ്പോൾ യുഡിഎഫ് രൂക്ഷമായി വിമർശിച്ച ഊരാളുങ്കലിന് അനുമതി നീട്ടി നൽകിയത് പ്രത്യേക ശ്രദ്ധയാകർഷിക്കുന്നു.
മെയ് 31 ന് ഏജൻസികൾക്ക് നൽകിയിരുന്ന അനുമതിയുടെ കാലാവധി അവസാനിച്ചിരുന്നു. ധനവകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം ഇവയുടെ എല്ലാം അനുമതി ജൂലൈ അവസാനം വരെ നീട്ടിയിട്ടുണ്ട്.
യുഡിഎഫ് പ്രതിപക്ഷത്ത് ഇരുന്നപ്പോൾ പിണറായി സർക്കാർ നടത്തിയ അഴിമതിയുടെ എല്ലാം പ്രഭവസ്ഥാനം ഊരാളുങ്കൽ ആണെന്നായിരുന്നു ആരോപിച്ചിരുന്നത്. ടെണ്ടർ ഇല്ലാതെ ഊരാളുങ്കലിന് കരാറുകൾ നൽകി സിപിഎം കോടികൾ സമ്പാദിച്ചുവെന്നും ഇക്കാര്യം ഭരണത്തിൽ വരുമ്പോൾ അന്വേഷിക്കുനെന്നും നിലപാട് സ്വീകരിച്ചിരുന്നു. കേരളത്തിലെ അദാനിയാണ് ഊരാളുങ്കൽ എന്നും കള്ളപ്പണം വെളുപ്പിക്കാൻ സൊസൈറ്റിയെ ഉപയോഗിക്കുന്നു എന്നുവരെയും കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ഭരണത്തിലേറിയപ്പോൾ യുഡിഎഫ് വിമർശനം മറന്ന് ഊരാളുങ്കലിനെ തലോടുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.
നിയമസഭയിൽ പൊതുമരാമത്ത് മന്ത്രി പി.കെ ബഷീർ ഊരാളുങ്കലിനെ പുകഴ്ത്തി സംസാരിച്ചിരുന്നു. അവരുടെ പ്രവർത്തി നിലവാരമുള്ളതായതിനാൽ എല്ലാവരും അവർക്ക് പിന്നാലെയാണെന്നും അതിനാൽ തിരക്കുമൂലമുള്ള കാലതാമസമാണ് പ്രവർത്തികൾ പൂർത്തീകരിക്കാൻ ഉണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.






