
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയാണ് നടി ബിന്നി സെബാസ്റ്റ്യന്‍. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഒരു നടി എന്നതിലുപരി ഒരു ഡോക്ടര്‍ കൂടിയാണ് താരം. ഇപ്പോഴിതാ ദേശീയ ഡോക്ടേഴ്സ് ഡേയില്‍ തന്റെ മെഡിക്കല്‍ ജീവിതത്തെക്കുറിച്ചും ആതുരരംഗത്തുനിന്ന് അഭിനയത്തിലേക്ക് മാറാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരം.
ബിന്നിയുടെ കുറിപ്പിലേക്ക്:
വിദേശത്ത് മെഡിസിന് പഠിച്ച വിദ്യാര്‍ഥി എന്ന നിലയിലുള്ള എന്റെ പോരാട്ടങ്ങള്‍, എം.ബി.ബി.എസ്. ബിരുദം നേടിയെടുക്കാന്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍, എഫ്.എം.ജി.ഇ. പരീക്ഷ പാസായത്, അല്ലെങ്കില്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ റസിഡന്റ് ഡോക്ടര്‍ എന്ന നിലയിലുള്ള എന്റെ ജീവിതം ഇതിനെക്കുറിച്ചൊന്നും ഞാന്‍ ഇതുവരെ എവിടെയും തുറന്നുപറഞ്ഞിട്ടില്ല.
സോഷ്യല്‍ മീഡിയയിലെ വലിയൊരു വിഭാഗം ആളുകള്‍ക്കും എന്നെ ഒരു നടി എന്ന നിലയിലാണ് അറിയാവുന്നത്. എന്നാല്‍ ഒരു ഡോക്ടറായി മാറാന്‍ ഞാന്‍ എത്രത്തോളം പ്രയത്നിച്ചിട്ടുണ്ടെന്ന് വളരെ കുറച്ചുപേര്‍ക്ക് മാത്രമേ അറിയൂ. ഉറക്കമില്ലാത്ത രാത്രികളും, അവസാനിക്കാത്ത ഡ്യൂട്ടികളും, ത്യാഗങ്ങളും, പരാജയങ്ങളും, ഒപ്പം രോഗികളെ പരിചരിക്കാന്‍ എനിക്ക് ലഭിച്ച ഭാഗ്യവുമൊക്കെയാണ് വാക്കുകള്‍ക്ക് അതീതമായി എന്നെ ഇന്നത്തെ ഞാനാക്കി മാറ്റിയത്.
ഒരു അംഗീകാരത്തിനായി ഞാന്‍ ഒരിക്കലും എന്റെ പദവി ഉപയോഗിക്കുകയോ എന്നെ ഒരു ഡോക്ടര്‍ എന്ന് പരിചയപ്പെടുത്തുകയോ ചെയ്തിട്ടില്ല. രോഗികളുടെ വിശ്വാസവും അവരെ സേവിക്കാന്‍ കഴിഞ്ഞതിലുള്ള ആത്മസംതൃപ്തിയുമാണ് എനിക്ക് ലഭിച്ച ഏറ്റവും വലിയ പ്രതിഫലം. അതുകൊണ്ട് എന്നെക്കുറിച്ച് ഓണ്‍ലൈനില്‍ കാണുന്ന കാര്യങ്ങള്‍ മാത്രം കണ്ട് വിലയിരുത്തുന്നതിന് മുന്‍പ് ഒന്നുമാത്രം ഓര്‍ക്കുക; നിങ്ങള്‍ക്ക് എന്റെ പൂര്‍ണ്ണമായ കഥ അറിയില്ല. ചില യാത്രകള്‍ നിശബ്ദമായി ജീവിച്ചുതീര്ക്കേണ്ടവയാണ്, എല്ലാ പോരാട്ടങ്ങളും ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിക്കാനുള്ളതല്ല.
മറ്റൊരാളുടെ വിജയത്തിന് പിന്നിലെ ത്യാഗങ്ങളെക്കുറിച്ച് അറിയാത്തവരാണ് പലപ്പോഴും അസൂയയോടെ സംസാരിക്കുന്നത്. കൂടാതെ ഞാന്‍ എന്തുകൊണ്ടാണ് മെഡിക്കല്‍ രംഗത്തുനിന്ന് അഭിനയത്തിലേക്ക് മാറിയതെന്നതിനെക്കുറിച്ച് നിങ്ങളില്‍ പലര്‍ക്കും സംശയങ്ങളുണ്ടെന്ന് എനിക്കറിയാം. ഇത്രയൊക്കെ കഷ്ടപ്പെട്ട് ഒരു ഡോക്ടറായതിന് ശേഷം എന്തുകൊണ്ടാണ് ഞാന്‍ ഇപ്പോള്‍ പ്രാക്ടീസ് ചെയ്യാത്തതെന്നും ആദരണീയമായ ആ വെള്ളക്കുപ്പായത്തിന് പകരം അഭിനയം തിരഞ്ഞെടുത്തതെന്നും ഒരു ദിവസം ഞാന്‍ നിങ്ങളോട് പങ്കുവെക്കും. അത് പെട്ടെന്നെടുത്ത ഒരു തീരുമാനമല്ല, വളരെയധികം ചിന്തിച്ച്, തികച്ചും വ്യക്തിപരമായ കാരണങ്ങളാല്‍ എടുത്ത തീരുമാനമാണ്.
ചിലപ്പോഴൊക്കെ നമ്മള് വഹിക്കുന്ന പദവികളേക്കാള്‍ പ്രധാനം മനസ്സിന്റെ സമാധാനവും, ലക്ഷ്യബോധവും, ആത്മസംതൃപ്തിയുമാണ്. എന്നെങ്കിലുമൊരിക്കല്‍ ഞാന്‍ എന്റെ കഥ പറയുമ്പോള്‍, സ്വന്തം സന്തോഷത്തിനായി ഒരു തീരുമാനമെടുക്കുക എന്നാല്‍ എന്താണെന്ന് നിങ്ങളില്‍ ചിലരെങ്കിലും മനസ്സിലാക്കുമെന്ന് ഞാന്‍ കരുതുന്നു.
ഓരോ ദിവസവും രോഗികളെ സുഖപ്പെടുത്തുകയും സേവിക്കുകയും ജീവന് രക്ഷിക്കുകയും ചെയ്യുന്ന എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്ക് ഹൃദയം നിറഞ്ഞ ഡോക്ടേഴ്സ് ഡേ ആശംസകള്‍. നിങ്ങളില്‍ ഓരോരുത്തരെയും ഓര്‍ത്ത് ഞാന്‍ ഏറെ അഭിമാനിക്കുന്നു. നിങ്ങള്‍ക്ക് കരുത്തും സന്തോഷവും അനന്തമായ വിജയങ്ങളും നേരുന്നു. ഹാപ്പി ഡോക്ടേഴ്സ് ഡേ.






