
ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായുമായുള്ള ബന്ധം തകർന്നെന്ന വാർത്തകൾ നിഷേധിച്ച് നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ആകൃതി അഗർവാൾ രംഗത്ത്. തങ്ങളുടെ വിവാഹനിശ്ചയം റദ്ദാക്കിയിട്ടില്ലെന്നും ഇപ്പോഴും സന്തോഷത്തോടെ ഒരുമിച്ചാണെന്നും ആകൃതി ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ പങ്കാളിയിൽ നിന്ന് വഞ്ചന നേരിട്ടതായി സൂചിപ്പിക്കുന്ന ആകൃതിയുടെ ഒരു പോസ്റ്റ് വൈറലായിരുന്നു. ഇത് പൃഥ്വി ഷായെക്കുറിച്ചാണെന്ന രീതിയിലാണ് വാർത്തകൾ പ്രചരിച്ചത്. ഇതിനാണ് താരം ഇപ്പോൾ വിശദീകരണം നൽകിയിരിക്കുന്നത്.
തന്റെ മുൻ പോസ്റ്റിൽ പൃഥ്വി ഷായുടെ പേര് എവിടെയും പരാമർശിച്ചിരുന്നില്ലെന്നും, വിവാഹനിശ്ചയം അവസാനിച്ചതായോ ഇരുവരും വേർപിരിഞ്ഞതായോ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും ആകൃതി കുറിച്ചു."ഞങ്ങൾ ഇപ്പോഴും സന്തോഷത്തോടെ ഒരുമിച്ചാണ്. വിവാഹനിശ്ചയവും തുടരുകയാണ്. എല്ലാവരും അത് അദ്ദേഹത്തെക്കുറിച്ചാണെന്ന് തെറ്റായി ധരിച്ചു," എന്നാണ് ആകൃതിയുടെ വിശദീകരണം.
ഒരു പേരും പരാമർശിക്കാതെയും മതിയായ പശ്ചാത്തലമില്ലാതെയും പങ്കുവെച്ച ഒരു പോസ്റ്റ് എത്ര എളുപ്പത്തിലാണ് തെറ്റായ നിഗമനങ്ങളിലേക്ക് ആളുകളെ എത്തിക്കുന്നതെന്ന് ഈ സംഭവം ബോധ്യപ്പെടുത്തിയെന്നും അവർ പറഞ്ഞു. പ്രശസ്തരായവരുടെ പ്രതിച്ഛായ പലപ്പോഴും വസ്തുതകളെക്കാൾ അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തപ്പെടുന്നതെന്നും ആകൃതി ചൂണ്ടിക്കാട്ടി.
പൃഥ്വി ഷാ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണെങ്കിലും, ജീവിതത്തിൽ കുടുംബവും സുഹൃത്തുക്കളും ഉൾപ്പെടെ മറ്റുപലരും ഉണ്ടെന്നും, യാതൊരു തെളിവുമില്ലാതെ ഇങ്ങനെ കഥകൾ മെനയുന്നത് നിരാശാജനകമാണെന്നും അവർ കൂട്ടിച്ചേർത്തു.
തന്റെ മുൻ സ്റ്റോറി അടുത്ത സുഹൃത്തുക്കൾക്ക് മാത്രം ഉദ്ദേശിച്ചായിരുന്നുവെന്നും, ഒരു ചെറിയ പിഴവ് കാരണം താൻ സ്നേഹിക്കുന്ന വ്യക്തിയുടെ പ്രതിച്ഛായയ്ക്ക് ക്ഷതമേൽക്കാൻ ഇടയായെന്നും ആകൃതി വ്യക്തമാക്കി. ആ പോസ്റ്റ് യഥാർത്ഥത്തിൽ ആരെക്കുറിച്ചായിരുന്നുവെന്ന് ഇപ്പോഴും വെളിപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും, സത്യം സമയമാകുമ്പോൾ പുറത്തുവരുമെന്ന വിശ്വാസമുണ്ടെന്നും അവർ പറഞ്ഞു.
ഓൺലൈനിൽ കാണുന്നതെല്ലാം വാർത്തയാകണമെന്നില്ല. എല്ലാ അഭ്യൂഹങ്ങളും വിശ്വസിക്കേണ്ടതുമില്ല," എന്ന സന്ദേശത്തോടെയാണ് ആകൃതി തന്റെ വിശദീകരണം അവസാനിപ്പിച്ചത്.






